
കേരളത്തിന്റെ ടൂറിസം മേഖലയിൽ വളരെ വലിയ സംഭാവനകൾ നൽകുന്ന ജില്ലകളിലൊന്നാണ് വയനാട്. കേരളത്തിലെ പ്രകൃതി രമണീയമായ ജില്ലകളിലൊന്നായ വയനാട്ടിലേയ്ക്ക് ഒരു വൺഡേ ട്രിപ്പ് പ്ലാൻ ചെയ്യാം. ചുരുങ്ങിയ സമയം കൊണ്ട് പോയിവരാൻ സാധിക്കുന്നതും എന്നാൽ മനസ്സിൽ എന്നും തങ്ങിനിൽക്കുന്നതുമായ ചില കാഴ്ചകൾ വയനാട്ടിലുണ്ട്.
വയനാടിന്റെ കവാടം എന്നാണ് ലക്കിടി അറിയപ്പെടുന്നത്. കോഴിക്കോട് - മൈസൂർ ദേശീയപാതയിൽ, താമരശ്ശേരി ചുരം കയറി വയനാട്ടിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്ന സ്ഥലമാണ് ലക്കിടി. താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിലുള്ള വ്യൂ പോയിന്റ് അതിമനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. താഴെ കോഴിക്കോടിൻ്റെ വിദൂര ദൃശ്യവും, പച്ച പുതച്ച മലനിരകളും കോടമഞ്ഞുമാണ് സഞ്ചാരികളുടെ മനംകവരുന്നത്. സൂര്യോദയവും അസ്തമയവും കാണാനായി നിരവധിയാളുകളാണ് ഇവിടേയ്ക്ക് എത്തുന്നത്.
ലക്കിടിയിൽ നിന്ന് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാണ് പൂക്കോട് തടാകം. വയനാട്ടിലെ പ്രശസ്തമായ ശുദ്ധജല തടാകങ്ങളിലൊന്നാണിത്. വനങ്ങളാൽ ചുറ്റപ്പെട്ട ഈ തടാകം സഞ്ചാരികളുടെ ഫേവറിറ്റ് സ്പോട്ടാണ്. ഇവിടെ ബോട്ടിംഗ്, കയാക്കിംഗ്, പെഡൽ ബോട്ടിംഗ് എന്നിവ ആസ്വദിക്കാം. തടാകത്തിനു ചുറ്റുമുള്ള നടപ്പാതയിലൂടെയുള്ള നടത്തം ശാന്തത തേടുന്നവർക്ക് അനുയോജ്യമാണ്. കുട്ടികൾക്കായി പാർക്കും, കരകൗശല വസ്തുക്കളുടെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും വിപണന കേന്ദ്രങ്ങളും ഇവിടെയുണ്ട്.
ചരിത്രാന്വേഷികൾക്ക് അനുയോജ്യമായ സ്ഥലമാണ് എടക്കൽ ഗുഹ. നവീന ശിലായുഗ കാലത്തെ ചരിത്ര ശേഷിപ്പുകൾ ഈ ഗുഹക്കുള്ളിൽ ചിത്രീകരിച്ചിട്ടുണ്ട്. സുൽത്താൻ ബത്തേരിയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് എടക്കൽ ഗുഹ. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് എടക്കൽ ഗുഹയിലേയ്ക്കുള്ള ട്രെക്കിംഗ് ഒരു നല്ല അനുഭവമാകും. മലകയറിയെത്തുമ്പോൾ ലഭിക്കുന്ന വയനാടൻ പ്രകൃതിയുടെ വിശാലമായ കാഴ്ചകൾ കണ്ണിനും മനസിനും കുളിർമയേകും.
കൽപ്പറ്റയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്നത്. കബനി നദിയുടെ പോഷക നദിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അണക്കെട്ടിൻ്റെ പരിസരത്തെ ദ്വീപുകളും കുന്നുകളും പശ്ചാത്തലമാക്കി നടത്തുന്ന ബോട്ടിംഗ്, സ്പീഡ് ബോട്ടിംഗ് തുടങ്ങിയ വിനോദങ്ങൾ മനോഹരമായ ഓർമ്മകളാണ് സമ്മാനിക്കുക.