ഇറ്റലിയിലേയ്ക്ക് ഒന്നും ഇനി പോകണ്ട! ഇന്ത്യയിലുണ്ട് ഒരു 'ഇറ്റാലിയൻ സിറ്റി'; ലവാസ വേറെ ലെവലാണ്

Published : Jan 01, 2026, 09:11 PM IST
Lavasa

Synopsis

'ഇന്ത്യയുടെ ഇറ്റലി' എന്നറിയപ്പെടുന്ന മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് മഹാരാഷ്ട്രയിലെ ലവാസ. ഇറ്റാലിയൻ പട്ടണമായ പോർട്ടോഫിനോയോട് സാമ്യമുള്ളതിനാലാണ് ലവാസയ്ക്ക് ഈ വിശേഷണം ലഭിച്ചത്.   

ജീവിതത്തിലെ തിരക്കുകൾ മാറ്റിവെയ്ക്കാനും ശാന്തത തേടാനും സഞ്ചാരികൾ പലപ്പോഴും തിരഞ്ഞെടുക്കുന്നത് ഹിൽസ്റ്റേഷനുകളെയാണ്. ഇന്ത്യയിലായാലും വിദേശത്തായാലും ഹിൽസ്റ്റേഷനുകളോട് ആളുകൾക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ട്. പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്നവയാണ് ഇന്ത്യൻ ഹിൽ സ്റ്റേഷനുകൾ എന്ന് പ്രത്യേകം പറയേണ്ടതില്ല. വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന മനോഹാരിതയുള്ള ചിലയിടങ്ങളും ഇന്ത്യയിലുണ്ട്. അത്തരത്തിൽ ഒറ്റ നോട്ടത്തിൽ ഇറ്റലിയെ അനുസ്മരിപ്പിക്കുന്ന ഒരിടമാണ് മഹാരാഷ്ട്രയിലെ ലവാസ.

‘ഇറ്റലി ഓഫ് ഇന്ത്യ’ എന്ന് അറിയപ്പെടുന്ന ലവാസ അതിന്റെ അതുല്യമായ അന്തരീക്ഷം കൊണ്ട് ഓരോ സഞ്ചാരിയെയും അത്ഭുതപ്പെടുത്തുന്ന ഒരു സ്ഥലമാണ്. വർണ്ണാഭമായ തെരുവുകൾ മുതൽ തടാകക്കരയിലെ അതിമനോഹരമായ കാഴ്ചകൾ വരെ, വ്യത്യസ്തമായ ഒരു ലോകത്തേക്ക് കാലെടുത്തുവയ്ക്കുന്ന അനുഭൂതിയാണ് ലവാസയിലെത്തുന്ന സഞ്ചാരികൾക്ക് ലഭിക്കുക.

ഇറ്റാലിയൻ റിവിയേരയിലെ മനോഹരമായ ഒരു പട്ടണമായ പോർട്ടോഫിനോയുടെ രൂപവും ഭാവവും ലവാസയിൽ കാണാം. വർണ്ണാഭമായ മെഡിറ്ററേനിയൻ ശൈലിയിലുള്ള കെട്ടിടങ്ങളാണ് എടുത്തുപറയേണ്ടത്. തടാകക്കരയിലെ കാഴ്ചകളും കല്ലുപാകിയ തെരുവുകളുമെല്ലാം ലവാസയ്ക്ക് വ്യത്യസ്തമായ ഒരു യൂറോപ്യൻ ഭം​ഗി നൽകുന്നു. സഹ്യാദ്രി കുന്നുകളാൽ ചുറ്റപ്പെട്ടതും ശാന്തമായ വാരസ്ഗാവ് തടാകത്തിനരികിൽ സ്ഥിതി ചെയ്യുന്നതുമായ ലവാസയുടെ പ്രകൃതി സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്.

ലവാസയിൽ എത്തിയാൽ എന്തൊക്കെ ചെയ്യാം?

1. തടാകക്കരയിലെ നടപ്പാതയിലൂടെ നടക്കാം

ലവാസയുടെ ഹൃദയഭാഗമാണ് തടാകക്കരയിലെ നടപ്പാത. വാരസ്ഗാവ് തടാകത്തിന്റെയും വർണ്ണാഭമായ മെഡിറ്ററേനിയൻ ശൈലിയിലുള്ള കെട്ടിടങ്ങളുടെയും അതിശയകരമായ കാഴ്ചകൾ ഇവിടെ കാണാം. വോക്കിം​ഗ്, സൈക്ലിംഗ്, ഫോട്ടോ​ഗ്രഫി എന്നിവയ്ക്ക് ഇവിടം അനുയോജ്യമാണ്.

2. സാഹസിക കായിക വിനോദങ്ങളിൽ ഏർപ്പെടാം

സാഹസികത തേടുന്നവരുടെ പറുദീസയാണ് ലവാസ. ശാന്തമായ തടാകത്തിൽ ജെറ്റ് സ്കീയിംഗ്, കയാക്കിംഗ് പോലെയുള്ള ജല കായിക വിനോദങ്ങളിൽ ഏർപ്പെടാം. അല്ലെങ്കിൽ ട്രെക്കിംഗിനും മൗണ്ടൻ ബൈക്കിംഗിനുമായി മലകയറാം. സാഹസികതയും അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളുമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

3. കഫേകളിലെ യൂറോപ്പ്യൻ ശൈലി ആസ്വദിക്കാം

യൂറോപ്യൻ ശൈലിയിൽ ആഗോള ഭക്ഷണവിഭവങ്ങൾ വിളമ്പുന്ന മനോഹരമായ കഫേകളും റെസ്റ്റോറന്റുകളും ലവാസയിലെ തടാകക്കരയിലുണ്ട്. കോഫി മുതൽ ഭക്ഷണ വൈവിധ്യങ്ങളിൽ വരെ ഇറ്റാലിയൻ ടച്ച് അനുഭവപ്പെടും.

4. പ്രകൃതിരമണീയമായ പാതകൾ പര്യവേക്ഷണം ചെയ്യാം

പച്ചപ്പും മൂടൽമഞ്ഞും നിറഞ്ഞ കുന്നുകളാണ് ലവാസയുടെ മുഖമുദ്ര. പ്രകൃതി നടത്തത്തിന് ഇവിടം അനുയോജ്യമാണ്. താഴ്‌വരകളുടെയും തടാകങ്ങളുടെയും വിശാലമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന പാതകൾ ഫോട്ടോഗ്രാഫർമാർക്കും പ്രകൃതി സ്നേ​ഹികൾക്കും നവോന്മേഷം നൽകും.

5. ആഡംബര റിസോർട്ടുകളിൽ താമസിക്കുക

തടാകത്തിന്റെയും സഹ്യാദ്രി കുന്നുകളുടെയും മനോഹരമായ കാഴ്ചകൾക്കൊപ്പം സുഖസൗകര്യങ്ങളോട് കൂടിയ സ്റ്റൈലിഷ് റിസോർട്ടുകളും ലവാസയിലുണ്ട്. വിനോദയാത്ര ആസൂത്രണം ചെയ്യുകയാണെങ്കിലും കുടുംബസമേതം അവധിക്കാലം ആഘോഷിക്കുകയാണെങ്കിലും ശാന്തമായ അന്തരീക്ഷത്തിൽ ലോകോത്തര സൗകര്യങ്ങൾ ഈ റിസോർട്ടുകൾ ഉറപ്പ് ചെയ്യുന്നു.

ലവാസ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ലവാസ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഈ സമയത്ത് തണുത്ത കാലാവസ്ഥയാണുണ്ടാകുക. വിനോദങ്ങളിൽ ഏർപ്പെടാൻ ഈ സമയമാണ് നല്ലത്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ സമയത്ത് മൂടൽമഞ്ഞുള്ള കുന്നുകളും വെള്ളച്ചാട്ടങ്ങളും പച്ചപ്പുമെല്ലാം ആസ്വദിക്കാം. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വേനൽക്കാലത്ത് വലിയ തിരക്കുണ്ടാകാറില്ല.

എങ്ങനെ എത്തിച്ചേരാം?

പൂനെയിൽ നിന്ന് ഏകദേശം 57 കിലോമീറ്ററും മുംബൈയിൽ നിന്ന് 190 കിലോമീറ്ററും അകലെയാണ് ലവാസ സ്ഥിതി ചെയ്യുന്നത്. ഇവിടേയ്ക്ക് റോഡ് മാർഗം എളുപ്പത്തിൽ എത്തിച്ചേരാം. മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ ഏറ്റവും സൗകര്യപ്രദമായ മാർഗം കാറിലോ ടാക്സിയിലോ ലവാസയിലേയ്ക്ക് എത്തുകയാണ്. 

പൂനെയിൽ നിന്ന് ഏകദേശം 1.5 മുതൽ 2 മണിക്കൂർ വരെ യാത്ര ചെയ്താൽ ലവാസയിലെത്താം. മുംബൈയിൽ നിന്ന് ഏകദേശം 4 മുതൽ 5 മണിക്കൂർ വരെ യാത്രയുണ്ട്. പൂനെ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം, പൂനെ റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള പ്രധാന റെയിൽ‌വേ സ്റ്റേഷൻ. സ്വകാര്യ ബസുകളും ടൂർ ഓപ്പറേറ്റർമാരും പൂനെയിൽ നിന്നും മുംബൈയിൽ നിന്നും ലവാസ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

നിറങ്ങൾ നിറഞ്ഞൊഴുകി നെയ്യാ‍ര്‍ ഡാം; 'ജംഗിൾ ഫിയെസ്റ്റ' ചിത്രങ്ങൾ
അമ്പൂരിയുടെ മുഖച്ഛായ മാറ്റുന്ന കുമ്പിച്ചൽക്കടവ് പാലം; ചിത്രങ്ങൾ കാണാം