ഒരു ദിവസം കൊണ്ട് സന്ദർശിക്കാൻ കഴിയുന്ന നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ കോഴിക്കോട് ജില്ലയിലുണ്ട്. ബീച്ചുകൾ മുതൽ മലയോര പ്രദേശങ്ങൾ ഉൾപ്പെടെയുള്ള ചില കാഴ്ചകൾ മിസ്സാക്കാൻ പാടില്ല.
മനോഹരമായ കാഴ്ചകളും വൈവിധ്യമാർന്ന രുചികളുമെല്ലാമായി കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ മുന്നിലുള്ള ജില്ലയാണ് കോഴിക്കോട്. നഗരത്തിനകത്തും പുറത്തുമായി ഒരു ദിവസം കൊണ്ട് കണ്ടുതീർക്കാവുന്ന നിരവധി സ്ഥലങ്ങളുണ്ട്. അതിൽ മലയോര പ്രദേശങ്ങളും ബീച്ചുകളും വ്യൂപോയിന്റുകളുമെല്ലാമുണ്ട്. കോഴിക്കോട്ടേയ്ക്ക് പോകുന്നവർക്ക് എങ്ങനെ ഒരു വൺഡേ ട്രിപ്പ് പ്ലാൻ ചെയ്യാമെന്ന് നോക്കാം.
1. പ്രകൃതിഭംഗി
കരിയാത്തുംപാറ, തോണിക്കടവ്: 'മലബാറിന്റെ തേക്കടി' എന്നാണ് ഇവിടം അറിയപ്പെടുന്നത്. പുൽമേടുകളും അരുവികളും നിറഞ്ഞ ഈ പ്രദേശങ്ങൾ ഉറപ്പായും കണ്ടിരിക്കണം. കക്കയം ഡാമിലേക്കുള്ള യാത്രയിൽ ഇവിടെ സമയം ചെലവഴിക്കാം.
വയലട: 'മലബാറിന്റെ ഗവി' എന്ന് അറിയപ്പെടുന്ന വയലടയിൽ നിന്ന് കാണുന്ന കാഴ്ചകൾ ആരുടെയും മനംമയക്കും. മഞ്ഞുനിറഞ്ഞ മലനിരകളും മലബാറിലെ മനോഹരമായ വ്യൂ പോയിന്റുകളിൽ ഒന്നും ഇവിടെയാണ്.
കക്കയം ഡാം: ട്രെക്കിംഗിനും ബോട്ടിംഗിനും താൽപ്പര്യമുള്ളവർക്ക് അനുയോജ്യമായ സ്ഥലമാണിത്. ഇവിടുത്തെ വെള്ളച്ചാട്ടങ്ങളും വനഭംഗിയും ഏറെ പ്രശസ്തമാണ്.
2. ബീച്ചുകൾ
കോഴിക്കോട് ബീച്ച്: കോഴിക്കോട് വൈകുന്നേരങ്ങൾ ചെലവഴിക്കാൻ ഏറ്റവും മികച്ച ഇടം ബീച്ച് തന്നെയാണ്. ഇവിടുത്തെ ഐസ് ഒരതിയും കല്ലുമ്മക്കായ വിഭവങ്ങളും ട്രൈ ചെയ്യാം.
ബേപ്പൂർ ബീച്ച്: പുരാതനമായ ഉരു നിർമ്മാണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ബേപ്പൂർ ബീച്ച് സന്ദർശിക്കാം. കടലിലേക്ക് നീണ്ടുകിടക്കുന്ന പുലിമുട്ടിലൂടെയുള്ള നടത്തം വേറിട്ട അനുഭവമായിരിക്കും സമ്മാനിക്കുക.
കാപ്പാട് ബീച്ച്: വാസ്കോഡഗാമ കപ്പലിറങ്ങിയ ചരിത്രപ്രസിദ്ധമായ ബീച്ചാണിത്. ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച ബീച്ചെന്ന സവിശേഷതയുമുണ്ട്.
തിക്കോടി ഡ്രൈവ്-ഇൻ ബീച്ച്: കടൽത്തീരത്തു കൂടി വണ്ടി ഓടിക്കാൻ താൽപ്പര്യമുള്ളവർക്ക് തിക്കോടി ഡ്രൈവ്-ഇൻ ബീച്ച് സന്ദർശിക്കാം.
3. നഗരക്കാഴ്ചകൾ
മിഠായിത്തെരുവ് (എസ് എം സ്ട്രീറ്റ്): കോഴിക്കോടിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന മിഠായിത്തെരുവ് വേറിട്ട അനുഭവം തന്നെ സമ്മാനിക്കും. ഷോപ്പിംഗിനും കോഴിക്കോടൻ ഹൽവ വാങ്ങാനും പറ്റിയ ഇടവും ഇതുതന്നെയാണ്.
മാനാഞ്ചിറ സ്ക്വയർ: നഗരമധ്യത്തിൽ മനോഹരമായ പാർക്കും കുളവുമെല്ലാമായി നിറഞ്ഞുനിൽക്കുകയാണ് മാനാഞ്ചിറ സ്ക്വയർ.
പ്ലാനറ്റേറിയം & സയൻസ് സെന്റർ: കുട്ടികളുമായി പോകുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഇടമാണിത്. നഗരമധ്യത്തിൽ തന്നെയാണ് പ്ലാനറ്റോറിയം സ്ഥിതി ചെയ്യുന്നത്.
4. മറ്റ് പ്രധാന സ്ഥലങ്ങൾ
കടലുണ്ടി പക്ഷിസങ്കേതം: കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള ബോട്ടിംഗിനും ദേശാടനപ്പക്ഷികളെ കാണാനും താത്പ്പര്യമുള്ളവർക്ക് പറ്റിയ ഇടം.
തുഷാരഗിരി വെള്ളച്ചാട്ടം: പ്രകൃതി സ്നേഹികൾക്കും ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും അനുയോജ്യമായ ഇടം. കാടിനുള്ളിലെ വെള്ളച്ചാട്ടങ്ങൾ കാണാൻ ഇവിടേക്ക് പോകാം.
തളി ക്ഷേത്രം: പുരാതനമായ വാസ്തുവിദ്യയും ശാന്തമായ അന്തരീക്ഷവും തേടുന്നവർക്ക് തളി ക്ഷേത്രം സന്ദർശിക്കാം.
ഒരു ദിവസത്തെ സിമ്പിൾ യാത്രാ പ്ലാൻ
രാവിലെ കരിയാത്തുംപാറ, തോണിക്കടവ്, കക്കയം ഡാം (നഗരത്തിൽ നിന്ന് ഏകദേശം 45-50 കി.മീ) എന്നിവിടങ്ങൾ സന്ദർശിക്കാം. ഉച്ചയ്ക്ക് തിരിച്ചെത്തിയ ശേഷം കോഴിക്കോടൻ ബിരിയാണി ആസ്വദിക്കാം. ഉച്ചയ്ക്ക് ശേഷം പ്ലാനറ്റേറിയം അല്ലെങ്കിൽ സരോവരം ബയോപാർക്കിലേയ്ക്ക് പോകാം.വൈകുന്നേരം മിഠായിത്തെരുവ് സന്ദർശിച്ച ശേഷം കോഴിക്കോട് ബീച്ചിൽ സൂര്യാസ്തമയം കണ്ട് മടങ്ങാം.