പുതുവർഷ അവധിക്കാലത്ത് ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടവുമായി വിയറ്റ്നാം. ആദ്യത്തെ നാല് ദിവസത്തിനുള്ളിൽ ലക്ഷക്കണക്കിന് സഞ്ചാരികളാണ് വിയറ്റ്നാമിൽ എത്തിയത്.  

ഹനോയ്: ടൂറിസം മേഖലയിൽ അത്ഭുതകരമായ കുതിപ്പോടെ പുതുവർഷം ആരംഭിച്ച് വിയറ്റ്നാം. ഈ പുതുവത്സര അവധിക്കാലത്ത് ലക്ഷക്കണക്കിന് സഞ്ചാരികളാണ് വിയറ്റ്നാമിലെത്തിയത്. രാജ്യം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും തിരക്കേറിയ യാത്രാ മാസങ്ങളിലൊന്നായി ജനുവരി മാറുകയാണ്. വെറും നാല് ദിവസത്തിനുള്ളിൽ (ജനുവരി 1-4) ഏകദേശം 3.5 ദശലക്ഷം സഞ്ചാരികൾ വിയറ്റ്നാമിലെത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രധാന നഗരങ്ങളിലും ബീച്ച് റിസോർട്ടുകളിലും ഹിൽസ്റ്റേഷനുകളിലുമെല്ലാം വലിയ തിരക്ക് റിപ്പോർട്ട് ചെയ്തു.

ഹോട്ടൽ ബുക്കിം​ഗിൽ ഉൾപ്പെടെ വലിയ കുതിച്ചുചാട്ടമാണ് വിയറ്റ്നാമിലുണ്ടായത്. തീരദേശ ദ്വീപുകൾ, സെൻട്രൽ ബീച്ച് സിറ്റികൾ, വടക്കൻ മേഖലയിലെ സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയവയാണ് സഞ്ചാരികളെ കൂടുതലായി ആകർഷിച്ചത്. തെക്കുകിഴക്കൻ ഏഷ്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നായി വിയറ്റ്നാം മാറുകയാണ്. ടൂറിസത്തിന് ഇതിനകം തന്നെ ശക്തമായ സ്വാധീനമുണ്ടായ ഒരു വർഷത്തിന് ശേഷമാണ് 2026ലും സംഖ്യകൾ പ്രതീക്ഷയ്ക്കും അപ്പുറത്തേയ്ക്ക് ഉയരുന്നത്. അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങൾ തിരയുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് 2026ലെ അവധിക്കാലം ആസൂത്രണം ചെയ്യാൻ ഈ കുതിപ്പ് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

അവധിക്കാലത്ത് വിയറ്റ്നാമിലെ നാഷണൽ ടൂറിസം അതോറിറ്റിയുടെ ഔദ്യോഗിക ഡാറ്റ ചില പാറ്റേണുകൾ എടുത്തുകാണിക്കുന്നുണ്ട്. ഒരു നഗരത്തിൽ കേന്ദ്രീകരിക്കുന്നതിനുപകരം ഒന്നിലധികം പ്രദേശങ്ങളിലായി സഞ്ചാരികളുടെ യാത്രകൾ വ്യാപിച്ചുവെന്നതാണ് പ്രധാന കണ്ടെത്തൽ. ഹോട്ട്‌സ്‌പോട്ടുകളും ഉയർന്നുവരുന്ന ലക്ഷ്യസ്ഥാനങ്ങളും ശക്തമായ സാന്നിധ്യം അറിയിച്ചു. ആഭ്യന്തര വിമാന റൂട്ടുകളിൽ വലിയ തിരക്കുണ്ടായി. അതേസമയം പ്രധാന വിനോദ കേന്ദ്രങ്ങളിലെ ഹോട്ടലുകളും റിസോർട്ടുകളും സഞ്ചാരികളാൽ നിറഞ്ഞു. ദ്വീപുകൾ, ബീച്ചുകൾ മുതൽ നഗരങ്ങൾ, കുന്നിൻ പ്രദേശങ്ങൾ വരെ, രാജ്യമെമ്പാടും സഞ്ചാരികളെത്തി.

വിയറ്റ്നാമിൽ സന്ദര്‍ശിക്കേണ്ട 5 സ്ഥലങ്ങൾ

1. ഫു ക്വോക്ക്

വെളുത്ത മണൽ നിറഞ്ഞ ബീച്ചുകൾ, തെളിഞ്ഞ വെള്ളം, ഉയർന്ന നിലവാരമുള്ള റിസോർട്ടുകൾ എന്നിവയ്ക്ക് പേരുകേട്ട ഒരു ഉഷ്ണമേഖലാ ദ്വീപ് ഡെസ്റ്റിനേഷനാണ് ഫു ക്വോക്ക്. അവധിക്കാലത്ത് വിയറ്റ്നാമിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വിനോദ കേന്ദ്രങ്ങളിൽ ഒന്നായി ഫു ക്വോക്ക് തുടരുകയാണ്.

2. ഡാ ലാറ്റ്

മിതമായ കാലാവസ്ഥ, പൈൻ വനങ്ങൾ, തടാകങ്ങൾ, തണുത്ത കാലാവസ്ഥ, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ എന്നിവയാണ് ഡാ ലാറ്റിനെ സ്പെഷ്യലാക്കുന്നത്. തിരക്കേറിയ യാത്രാ സീസണുകളിൽ, ഡാ ലാറ്റ് ഒരു ജനപ്രിയ ഡെസ്റ്റിനേഷനായി തുടരുന്നു.

3. ഹോ ചി മിൻ സിറ്റി

വിയറ്റ്നാമിലെ ഏറ്റവും വലിയ നഗരമാണ് ഹോ ചി മിൻ സിറ്റി. ചരിത്രം, ഷോപ്പിംഗ്, ഭക്ഷണം എന്നിവയുടെ മിശ്രിതം സന്ദർശകരെ ഇവിടേയ്ക്ക് ആകർഷിക്കുന്നു.

4. മാങ് ഡെൻ

ശാന്തവും പ്രകൃതി കേന്ദ്രീകൃതവുമായ സ്ഥലങ്ങളോട് സഞ്ചാരികൾക്ക് എക്കാലവും പ്രിയമാണ്. ഇത് തന്നെയാണ് മാങ് ഡെന്നിലേയ്ക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. വെള്ളച്ചാട്ടങ്ങൾ, വനങ്ങൾ, വേഗത കുറഞ്ഞ യാത്ര എന്നിവ ഇവിടേയ്ക്ക് സഞ്ചാരികളെ ആകർഷിക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്.

5. ഹനോയ്

പഴയ സാംസ്കാരിക ലാൻഡ്‌മാർക്കുകൾ, കഫേ സംസ്കാരം എന്നിവ സഞ്ചാരികളുടെ യാത്രാ പട്ടികയിൽ ഹനോയിയെ ഉറപ്പിച്ചുനിർത്തുന്നു. പ്രത്യേകിച്ച് പൈതൃകത്തിലും വ്യത്യസ്തമായ പ്രാദേശിക അനുഭവങ്ങളിലും താൽപ്പര്യമുള്ളവർക്ക് ഇവിടം അനുയോജ്യമാണ്.