
മലപ്പുറം ജില്ലയിലെ പശ്ചിമഘട്ടത്തിൽ ഒതുങ്ങിനിൽക്കുന്ന അതിമനോഹരമായ ഒരു ഗ്രാമമുണ്ട്. ഗ്രാമീണ സൗന്ദര്യത്തിന്റെ പ്രതീകമാണ് ഇവിടം എന്നൊക്കെ വേണമെങ്കിൽ പറയാം. സൈലന്റ് വാലിയുടെ ഭാഗമായ കൂമ്പൻ മലയുടെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കരുവാരക്കുണ്ട്... കല്ലൻപുഴയും, കടലുണ്ടിപ്പുഴയുടെ പോഷകനദിയായ ഒലിപ്പുഴയും കരുവാരക്കുണ്ടിലൂടെ ഒഴുകുന്നു.
തേയിലത്തോട്ടങ്ങളുടെയും കാപ്പിത്തോട്ടങ്ങളുടെയും മനോഹരമായ കാഴ്ച ഈ ഗ്രാമത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. കരുവാരക്കുണ്ട് എന്ന പേരിന്റെ അർത്ഥം കരുവാന്റെ സ്ഥലം എന്നാണ്. ലോഹ നിക്ഷേപങ്ങളുടെ വ്യാപ്തി കാരണം ഇത് ദക്ഷിണേന്ത്യയിലെ ജംഷഡ്പൂർ എന്നും അറിയപ്പെടുന്നുണ്ട്. 'കരു' എന്നാൽ ഇരുമ്പയിര് എന്നാണർത്ഥം. ഇരുമ്പയിര് കുഴിച്ചെടുത്ത സ്ഥലം കരുവരുംകുണ്ട് എന്നറിയപ്പെട്ടു, പിന്നീട് ഇത് കരുവാരക്കുണ്ടായി ചുരുങ്ങിയെന്നാണ് കഥ.
ഇരുമ്പ് കൊണ്ടുണ്ടാക്കിയ വാളുകളും പാത്രങ്ങളും രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ഇവിടെ നിർമ്മിച്ച് ഈജിപ്ത്, റോം, ഡെന്മാർക് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തിരുന്നു എന്നാണ് പറയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1,250 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട മലനിരകൾ കരുവാരക്കുണ്ട് പഞ്ചായത്തിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു.
വനത്തോട് ചേർന്ന് ചരിഞ്ഞ പ്രദേശത്താണ് കരുവാരക്കുണ്ട് സ്ഥിതി ചെയ്യുന്നത്. കേരളാംകുണ്ട് വെള്ളച്ചാട്ടം, വട്ടമല, ബറോഡ വെള്ളച്ചാട്ടം, ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ്, സ്വപ്നക്കുണ്ട് വെള്ളച്ചാട്ടം, പൊൻപാറ, ഒതുക്കുമ്പാറ വെള്ളച്ചാട്ടം, ഗ്രീൻ മൗണ്ട്, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. കരുവാരക്കുണ്ടിലേക്ക് എത്തുന്നവർ തീർച്ചയായും ഈ സ്ഥലങ്ങൾ കണ്ടിരിക്കണം.