
വിസ്മയ കാഴ്ചകളുടെ പറുദീസയൊരുക്കി സഞ്ചാരികളെ മാടി വിളിക്കുകയാണ് ഇടുക്കി. പച്ചപുതച്ച വനങ്ങളും ഉയര്‍ന്ന് നില്‍ക്കുന്ന മലകളുമുള്ള ഇടുക്കി സഞ്ചാരികളുടെ മനം മയക്കും. ഇടുക്കിയിലെ ടൂറിസ്റ്റ് സ്പോട്ടായ പാൽകുളമേടിനെ കുറിച്ച് കേട്ടിട്ടുണ്ടോ? സമുദ്രനിരപ്പില്‍ നിന്ന് 3125 മീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്ന ഗിരിശൃംഗമാണ് പാല്‍കുളമേട്.
ഇടുക്കിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. കുന്നുകളും പച്ചപുതച്ച താഴ്വരകളും വെള്ളച്ചാട്ടവും പാൽക്കുളമേടിനെ മനോഹരമാക്കുന്നു. ഹൈക്കിംഗിനും ട്രെക്കിംഗിനും പേരുകേട്ട ഇടമാണിവിടം. ഇവിടേക്ക് വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും സന്ദർശകർക്ക് എത്താം. പ്രകൃതിസ്‌നേഹികൾ ഉറപ്പായും കണ്ടിരിക്കേണ്ട ഒരിടം തന്നെയാണ് പാൽകുളമേട്.
കാട്ടാനകളുടെ കേന്ദ്രമായാണ് പാൽക്കുളമേട് അറിയപ്പെടുന്നത്. മുന്നറിയിപ്പൊന്നുമില്ലാതെ ആനയിറങ്ങുന്ന ഇവിടെ സുരക്ഷയുടെ കാര്യത്തിൽ ഒരുറപ്പും തരാൻ പറ്റില്ല. അതിനാൽ തന്നെ സ്വന്തം റിസ്കിൽ വേണം ഇവിടേയ്ക്ക് യാത്ര ചെയ്യാൻ. ജീവൻ പണയം വെച്ചുള്ള ഈ യാത്ര കഴിഞ്ഞ് മുകളിൽ എത്തിയാൽ പിന്നെ അവിടുത്തെ കാഴ്ച വിവരിക്കാനാകില്ല. പച്ചപ്പും വെള്ളച്ചാട്ടവും പാറക്കെട്ടുമെല്ലാം കൂടി അക്ഷരാർത്ഥത്തിൽ നിങ്ങൾക്ക് സ്വർഗത്തിലെത്തിയ പോലെ തോന്നും.
അടിമാലി-ചെറുതോണി റൂട്ടിലെ ചുരുളിയിൽ നിന്നുമാണ് പാൽക്കുളമേട്ടിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ചെറുതോണിയിൽ നിന്നും എട്ട് കിലോമീറ്റർ അകലെയാണ് ചുരുളിയുള്ളത്. ഇവിടെ നിന്നും ആൽപ്പാറ വഴി മുന്നോട്ടേയ്ക്ക് പോയാൽ പാൽക്കുളമേട് വെള്ളച്ചാട്ടത്തിലേക്കും, വെള്ളച്ചാട്ടത്തിന് മുകളിലേക്കും എത്താനാകും. ഓർക്കുക, കാട്ടാനകളുടെ കേന്ദ്രമാണിവിടം, ജാഗ്രതയോടുകൂടി മാത്രം ഇവിടേക്ക് പോവുക.