
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് ഒമാൻ. വിദേശികളുടെ താമസനിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. 2026 ഓഗസ്റ്റ് 2-ന് ഒമാന്റെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലൂടെയാണ് ഇത് പ്രാബല്യത്തിൽ വന്നത്.
പുതിയ ചട്ടമനുസരിച്ച്, നിർദ്ദിഷ്‍ട രാജ്യങ്ങളിലെ പൗരന്മാർക്ക് അപേക്ഷയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അധികൃതർ 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ അനുവദിക്കും. എന്നാൽ, ഏത് രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക എന്ന വിശദമായ പട്ടിക അധികൃതർ ഈ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല എന്ന് ഖലീജ് ടൈംസ് റിപ്പോർട്ട്ചെയ്യുന്നു. സൗജന്യ വിസയിൽ ഒമാനിലെത്തുന്നവർക്ക്, 14 ദിവസത്തെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് മറ്റ് ടൂറിസ്റ്റ് വിസകൾക്കായി അപേക്ഷിക്കാനും അവസരമുണ്ട്. ഇതിനായി നിലവിലുള്ള നിബന്ധനകളും ഫീസുകളും ബാധകമായിരിക്കും.
ഗൾഫ് മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഒമാൻ. സമ്പന്നമായ സാംസ്‍കാരിക പൈതൃകവും പ്രകൃതിസൗന്ദര്യവും രാജ്യത്തെ സഞ്ചാരികളുടെ പ്രിയകേന്ദ്രമാക്കുന്നു. ഹജർ പർവതനിരകൾ, മരുഭൂമികൾ, ചരിത്രപ്രസിദ്ധമായ കോട്ടകൾ, മനോഹരമായ കടൽത്തീരങ്ങൾ എന്നിവയ്‌ക്കൊപ്പം സലാലയിലെ ഖരീഫ് സീസണും ഒമാന്റെ പ്രധാന ആകർഷണങ്ങളാണ്.
ജൂൺ 21-ന് ആരംഭിച്ച ഈ വർഷത്തെ ഖരീഫ് സീസൺ സെപ്റ്റംബർ 21 വരെ തുടരും. ഈ കാലയളവിൽ ധോഫാർ ഗവർണറേറ്റ് പച്ചപ്പിൽ മുങ്ങിയ പ്രകൃതിദൃശ്യങ്ങളാൽ ശ്രദ്ധേയമാകും. ഗൾഫിലെ മറ്റു രാജ്യങ്ങൾ കടുത്ത വേനൽച്ചൂട് അനുഭവിക്കുന്ന സമയത്ത് സലാലയിൽ താരതമ്യേന തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
കടൽത്തീരങ്ങൾ, വെള്ളച്ചാട്ടങ്ങൾ, സിങ്ക്‌ഹോളുകൾ എന്നിവയ്ക്ക് പുറമെ, ഈ വർഷത്തെ ഖരീഫ് ആഘോഷങ്ങളുടെ ഭാഗമായി 125 സാംസ്‍കാരിക, കലാ, കായിക, വിനോദ പരിപാടികളും സംഘടിപ്പിക്കുന്നതായി ധോഫാർ മുനിസിപ്പാലിറ്റി അറിയിച്ചു.
പുതിയ സൗജന്യ ടൂറിസ്റ്റ് വിസ പദ്ധതി ഒമാനിലെ ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനും രാജ്യത്തേക്കുള്ള അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണം വർധിപ്പിക്കാനുമുള്ള സുപ്രധാന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഈ സൗകര്യത്തിന് അർഹതയുള്ള രാജ്യങ്ങളുടെ ഔദ്യോഗിക പട്ടിക പുറത്തുവന്നാൽ മാത്രമേ ആനുകൂല്യം ലഭിക്കുന്ന രാജ്യങ്ങളെക്കുറിച്ച് വ്യക്തതയുണ്ടാകൂ.