
ഇൻസ്റ്റഗ്രാമിൽ ഈയിടെയായി ഇത്രയും വൈറലായ മറ്റൊരു ക്ഷേത്രമുണ്ടാകില്ല. പറഞ്ഞു വരുന്നത് തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ പെരിയ കോവില്‍ എന്നറിയപ്പെടുന്ന ബൃഹദീശ്വര ക്ഷേത്രത്തെ പറ്റിയാണ്. അതെ, ഒരിക്കലെങ്കിലും പോയില്ലെങ്കിൽ വലിയ നഷ്ടമായി പോകുന്ന ഈയിടം കാണാൻ ഞാനും പുറപ്പെട്ടു.
എറണാകുളത്ത് നിന്നും രാത്രി 10.25ന് പുറപ്പെടുന്ന ട്രെയിനിൽ കയറിയാൽ ഒന്ന് ഉറക്കമുണരുമ്പോഴേക്കും തഞ്ചാവൂരിൽ എത്താം. അതായത് ഏകദേശം രാവിലെ 9 മണിയാകുമ്പോഴെക്കും തഞ്ചാവൂരിലെത്തും. ഒന്ന് ഫ്രഷ് ആയി നേരെ തഞ്ചൈ കോവിലിലേക്ക്. റെയിൽ വേ സ്റ്റേഷനിൽ നിന്ന് കഷ്ടിച്ച് ഒരു കി.മീ. മാത്രം ദൂരം.
തഞ്ചൈ പെരിയ കോവിൽ....216 അടി ഉയരം, 14 നിലകൾ. വാസ്തു വിദ്യയാലും കൊത്തു പണികളാലും ചോളരാജവംശത്തിലെ പ്രമുഖനായ രാജരാജചോഴൻ എ.ഡി. 985-ൽ പണികഴിപ്പിച്ച വിസ്മയം. ആയിരം വർഷങ്ങൾ പഴക്കമുള്ള ചുവർ ചിത്രങ്ങൾ, കല്ലിൽ കൊത്തിവെച്ച നൃത്ത ശിൽപ്പങ്ങൾ, കാലഘട്ടങ്ങളെ ഓർമ്മിപ്പിക്കുന്ന തമിഴ് ലിപികൾ, ഏതറ്റത്ത് നിന്ന് നോക്കിയാലും ശിരസ്സുയർത്തി നിൽക്കുന്ന ക്ഷേത്ര മകുടം. ഒന്ന് കാണേണ്ട കാഴ്ച തന്നെ...
ചുവരുകളിൽ കൊത്തി വച്ചിരിക്കുന്ന തമിഴ് ലിപികൾ വായിക്കാൻ കഴിയുന്നവർ ആരും തന്നെ ഇപ്പോൾ അവിടെ ഇല്ല പോലും. എന്നാലും തഞ്ചാവൂർ എന്നെഴുതിയ തമിഴ് ലിപി വ്യക്തം. കൈ വിരലുകൾ ലിപിയിൽ ഓടിച്ചു വായിക്കാൻ ശ്രമിച്ച അവിടത്തുകാരൻ പറയുന്നു. കോട്ടമതില്‍, രണ്ട് ഗോപുരകവാടങ്ങള്‍, ക്ഷേത്ര ചുറ്റുമതില്‍ ഇവയെല്ലാം കടന്നാൽ ക്ഷേത്രമുറ്റത്തെത്താം. പ്രധാന പ്രതിഷ്ഠ ശിവലിംഗമാണ്. പുറത്തായി ശ്രീകോവിലിനോട് അഭിമുഖമായി നന്ദിയുടെ വലിയ കൽപ്രതിഷ്ഠയുണ്ട്.
നട്ടുച്ച വെയിലിലും നിഴൽ വീഴാത്ത വിസ്മയമാണ് തഞ്ചൈ കോവിൽ. അങ്ങനെയത്രേ ക്ഷേത്രത്തിന്റെ രൂപകൽപന. 216 അടി ഉയരം കണ്ടപ്പോൾ രാജാവിന് എപ്പോഴെങ്കിലും ഈ ക്ഷേത്രം നിലം പതിക്കുമോ എന്ന തോന്നലുണ്ടായെന്നും എന്നാൽ ഈ ക്ഷേത്രത്തിന്റെ നിഴൽ പോലും നിലം പതിക്കില്ലെന്ന് ശിൽപ്പി പറഞ്ഞതായും ഒരു കഥയുമുണ്ട്.
ക്ഷേത്രത്തിന്റെ മായാ വിസ്മയങ്ങൾ കണ്ടു തീർന്നാൽ ഒരു കിലോമീറ്റർ അകലെയുള്ള തഞ്ചാവൂർ പാലസിലേക്ക് പോകാം. പാലസിലേക്ക് കയറാൻ മുതിർന്നവർക്ക് 50 രൂപയാണ് ടിക്കറ്റ് ചാർജ്. പക്ഷേ, അകത്ത് കയറി ഓരോ വാതിലുകൾ കടക്കുമ്പോഴും 5 രൂപക്ക് ടിക്കറ്റുകൾ എടുത്തുകൊണ്ടേയിരിക്കണം. രാജകീയ പ്രൌഡി എടുത്തു കാണിക്കുന്ന വസ്ത്രങ്ങൾ, ആയുധങ്ങൾ, ആ കാലത്തെ ഉപകരണങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണം. പതിറ്റാണ്ടുകളായുള്ള പല വലുപ്പത്തിലുള്ള നടരാജവിഗ്രഹങ്ങളുടെ ഒരു ശേഖരം തന്നെയുണ്ട് ഇവിടെ. പിന്നെ പുനരുദ്ധാരണ പണികൾ നടക്കുന്നതിന്റെ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഈ പൊടിയും മണ്ണുമൊക്കെ.
ഇനി ഗോവിന്ദപിള്ളെ കോളനിയിൽ ചെന്നാൽ വീണയുണ്ടാക്കുന്നതും കാണാം. വേണമെങ്കിൽ വാങ്ങുകയും ചെയ്യാം കേട്ടോ. തഞ്ചാവൂർ വന്ന ഓർമ്മക്ക് തലയാട്ടുന്ന ബൊമ്മയും വാങ്ങി വൈകുന്നേരം 6.25നുള്ള എറണാകുളം എക്സപ്രസ് പിടിച്ചാൽ പിറ്റേ ദിവസം രാവിലെ 6.30ഓടെ എറണാകുളത്തെത്താം. ശ്ശോ..ഒരു ദിവസം പോയ പോക്ക് അല്ലേ...എന്നാ ഒന്നും നോക്കണ്ട...നേരെ വിട്ടോ തഞ്ചൈ കോവിലിലേക്ക്...