
തിരൂർ ടൗണിൽ നിന്ന് ഏകദേശം 17 കിലോമീറ്ററും മലപ്പുറത്ത് നിന്ന് 45 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ബീച്ചാണ് പടിഞ്ഞാറേക്കര ബീച്ച്. ഭാരതപ്പുഴയും തിരൂർപ്പുഴയും അറബിക്കടലും ഒന്നിച്ചുചേരുന്നതിന്റെ അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഈ ബീച്ചിന്റെ പ്രധാന ആകർഷണം. ശാന്തമായ അന്തരീക്ഷവും നിരവധിയായ ബോട്ടിംഗ് ഓപ്ഷനുകളും സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്.
പടിഞ്ഞാറേക്കര ബീച്ചിലെത്തുന്ന സന്ദർശകർക്ക് വൈവിധ്യമാർന്ന വാട്ടർ ആക്ടിവിറ്റികൾ ആസ്വദിക്കാം. വാട്ടർ സ്കൂട്ടറുകളുടെയും സ്പീഡ് ബോട്ടുകളുടെയും ആവേശവും ക്രൂയിസുകളിലെ സഞ്ചാരവും നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ധൈര്യമായി പടിഞ്ഞാറേക്കര സന്ദർശിക്കാം. പക്ഷി നിരീക്ഷകരുടെ പറുദീസ കൂടിയാണ് ഈ ബീച്ച്. നിരവധി ദേശാടന പക്ഷികൾ കൂട്ടമായി എത്തുന്നുന്ന കാഴ്ച ഈ ബീച്ചിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു.
സന്ദർശകർക്ക് വേണ്ടി ബീച്ചിൽ നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരു അമെനിറ്റി സെന്റർ, ആംഫി തിയേറ്റർ, ഇക്കോ-ഷോപ്പുകൾ എന്നിവ ഇവിടെയുണ്ട്. കടൽത്തീരത്തെയും നദിയെയും വേർതിരിക്കുന്ന നീണ്ട നിര മരങ്ങൾ തണലിൽ വിശ്രമിക്കുന്നത് അനുയോജ്യമായ ഒരു അന്തരീക്ഷം നൽകുന്നു. പടിഞ്ഞാറേക്കര ബീച്ചിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് അതിശയകരമായ സൂര്യാസ്തമയ കാഴ്ചകളാണ്. ശനി, ഞായർ ദിവസങ്ങളിൽ സന്ദർശിക്കുന്നവർക്ക് ഇവിടം ആവേശകരമായ പാരാമോട്ടറിംഗ് സവാരി വാഗ്ദാനം ചെയ്യുന്നുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നടത്തുന്ന 10 മിനിറ്റ് ദൈർഘ്യമുള്ള വിമാനയാത്രയ്ക്ക് 3,000 രൂപയാണ് നിരക്ക്. ബീച്ചിന്റെയും പരിസരങ്ങളുടെയും മനോഹരമായ ആകാശ കാഴ്ചയും ഇത് പ്രദാനം ചെയ്യുന്നു.