
ഇടുക്കി: സംസ്ഥാനത്തെ ആദ്യത്തെ വന്യജീവി സങ്കേതമായ പെരിയാർ കടുവ സങ്കേതത്തിന് 75 വയസ്. ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. എരുമേലിയിലെ ഏയ്ഞ്ചൽ വാലിയിൽ നിന്നും തമിഴ്നാട്ടിലെ ശ്രീവില്ലിപുത്തൂർ - മേഘമല കടുവ സങ്കേത്തതിലേക്ക് നടത്തിയ ജീപ്പ് റാലിയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. തിരുവനന്തപുരത്തുള്ള ഫോർ ബൈ ഫോർ അഡ്വഞ്ചേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെയായിരുന്നു റാലി.
മുല്ലപ്പെരിയാർ അണക്കെട്ടിൻറെ നിർമ്മാണത്തോടെ 1899 ൽ പെരിയാർ തടാക തീരത്തെ വനപ്രദേശങ്ങൾ ഉൾപ്പെടുത്തി പെരിയാർ ലേക് റിസർവ്വ് രൂപീകരിച്ചു. 1934-ൽ പെരിയാർ ലേക് റിസർവ്വ് നെല്ലിക്കാംപട്ടി എന്ന പേരിൽ കേരളത്തിലെ ആദ്യ വന്യജീവി സങ്കേതമായി. 1950ൽ ഇത് പെരിയാർ വന്യജീവി സങ്കേതമായി. ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി 925 ചതുരശ്ര കിലോമീറ്ററിൽ പരന്നു കിടക്കുന്ന പെരിയാർ കടുവ സങ്കേതം ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമാണ്. 76 സസ്തനികൾ, 338 ഇനം പക്ഷികൾ, 68 ഇനം ഉരഗങ്ങൾ, 64 ഇനം ഉഭയജീവികൾ, 38 ഇനം മത്സ്യങ്ങൾ എന്നിവയെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 207 ഇനം ചിത്രശലഭങ്ങളും 1980 ഇനം സസ്യങ്ങളുമുണ്ട്. കടുവ ആഹാര ശൃംഖലയിൽ ഏറ്റവും ഉയർന്ന സ്ഥാനത്തു നിൽക്കുന്നതിനാൽ ചെറിയ ഇനം സസ്തനികൾ വരെ ഇവിടെ ഏറ്റവും സൂക്ഷ്മതയോടെ ആണ് പരിപാലിക്കപ്പെടുന്നത്.
വർഷം തോറും ലക്ഷക്കണക്കിനാളുകളെത്തുന്ന തേക്കടിയും ശബരിമലയും പെരിയാർ കടുവ സങ്കേതത്തിനള്ളിലാണ്. 1998ൽ ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കിയ ഇക്കോ ഡെവലപ്പ്മെൻറ് പദ്ധതിയാണ് പെരിയാറിനെ ലോക ശ്രദ്ധയിലെത്തിച്ചത്. പദ്ധതിയിലൂടെ വനത്തെ ആശ്രയിച്ചും ചേർന്നും കഴിഞ്ഞിരുന്നവരെ വനസംരക്ഷകരാക്കി. കാട്ടുകള്ളൻമാരെ വരെ കാടിന്റെ കാവൽക്കാരാക്കി. ഇത് പിന്നീട് രാജ്യത്ത് മുഴുവൻ നടപ്പാക്കി. ഇവിടെ തുടങ്ങിയ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ ഇന്ന് ഇന്ത്യയിലെ 54 കടുവ സങ്കേതങ്ങളിലുമുണ്ട്.