ശബരിമല വനത്തിലെ വിസ്മയക്കാഴ്ച; പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ മറഞ്ഞിരിക്കുന്ന പെരുന്തേനരുവി

Published : Dec 22, 2025, 03:21 PM IST
Perunthenaruvi

Synopsis

പത്തനംതിട്ട ജില്ലയിലെ ശബരിമല വനമേഖലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പെരുന്തേനരുവി. പ്രകൃതി സ്നേഹികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഇവിടം അനുയോജ്യമാണ്. 

പത്തനംതിട്ട ജില്ലയിലെ ശബരിമല വനമേഖലയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന നിധിയാണ് പെരുന്തേനരുവി. കാഴ്ചകളുടെ വിസ്മയം തീർക്കുന്ന ഈ പ്രദേശം പ്രകൃതി സ്നേഹികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ഇടതൂർന്ന വനങ്ങളും വളഞ്ഞുപുളഞ്ഞൊഴുകുന്ന അരുവികളും മനോഹരമായ വെള്ളച്ചാട്ടങ്ങളും പെരുന്തേനരുവിയെ സ്പെഷ്യലാക്കുന്നു. ശാന്തത തേടുന്നവരുടെ സ്വർഗ്ഗമാണ് ഇവിടം എന്നുതന്നെ പറയാം.

ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയുടെ സാമീപ്യം ഈ പ്രദേശത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. മനോഹരമായ വെള്ളച്ചാട്ടങ്ങളും പമ്പാ നദിയിൽ ചെന്നുചേരുന്ന അരുവികളും ഇവിടുത്തെ പ്രധാന ആകർഷണമാണ്. ചുറ്റുമുള്ള വനമേഖലയിൽ തേനീച്ചക്കൂടുകൾ ധാരാളമുള്ളതു കാരണമാണ് ഈ പ്രദേശത്തിന് 'തേനിന്റെ അരുവി' എന്നർത്ഥം വരുന്ന 'പെരുന്തേനരുവി' എന്ന പേര് ലഭിച്ചത്.

പ്രകൃതിയിൽ അലിഞ്ഞ് ചേരാനും മനസ്സിന് ഉന്മേഷം നൽകാനും പെരുന്തേനരുവിയിലെ ശാന്തമായ അന്തരീക്ഷം സഹായിക്കുന്നു. പച്ചപ്പാർന്ന തേയിലത്തോട്ടങ്ങളിലൂടെ 5 മിനിറ്റ് നീളുന്ന ചെറിയ നടത്തമോ അല്ലെങ്കിൽ 20 മിനിറ്റ് നീളുന്ന ട്രെക്കിങ്ങോ നടത്തിയാൽ സഞ്ചാരികൾക്ക് വെള്ളച്ചാട്ടത്തിനരികിലെത്താം. ദൂരെ നിന്നുതന്നെ ജലപാതത്തിന്റെ സംഗീതം കേൾക്കാം. സ്ഫടികം പോലെ തെളിഞ്ഞ വെള്ളത്തിൽ കുളിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന പെരുന്തേനരുവി 300 അടി ഉയരമുള്ള പനംകുറന്ത, 200 അടി ഉയരമുള്ള പടിവാതിൽ എന്നിങ്ങനെ രണ്ട് മനോഹരമായ വെള്ളച്ചാട്ടങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്.

മനംമയക്കുന്ന പ്രകൃതിദൃശ്യങ്ങളും സമാധാനപരമായ അന്തരീക്ഷവും പെരുന്തേനരുവിയെ ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കുന്നു. വെള്ളച്ചാട്ടത്തിന്റെ ഗാംഭീര്യവും ശാന്തമായ ചുറ്റുപാടുകളുംസന്ദർശകർക്ക് മറക്കാനാവാത്ത ഒരു അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്.

PREV
Read more Articles on
click me!

Recommended Stories

പ്രകൃതിയും വിശ്വാസവും സമന്വയിക്കുന്ന പാഞ്ചാലിമേട്
വെറും ഒരാഴ്ച മതി! ഇന്ത്യക്കാര്‍ക്ക് ഈ രാജ്യങ്ങൾ കണ്ടുവരാം