
കണ്ണൂർ: കണ്ണൂരിലെ ഭൂപ്രകൃതി സഞ്ചാരികളെ എന്നും ആകർഷിക്കുന്നതാണ്. കുന്നും മലനിരകളും വെള്ളച്ചാട്ടവും എല്ലാം ഒത്തുചേർന്ന സ്പോട്ടുകളാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. ഇവിടെ അധികം ആർക്കും അറിയാത്ത ഒരു ഇടമുണ്ട്. കണ്ണൂർ ടൗണിൽ നിന്നും 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ശശിപ്പാറ. കാഞ്ഞിരക്കൊല്ലി ഗ്രാമത്തിലാണ് ശശിപ്പാറ സ്ഥിതി ചെയ്യുന്നത്.
കേരള - കർണ്ണാടക അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ശശിപ്പാറ അതിന്‍റെ വ്യൂ പോയിന്‍റുകൊണ്ടാണ് പ്രസിദ്ധമായിരിക്കുന്നത്. റബർ തോട്ടങ്ങളും അരുവികളും താണ്ടി വേണം ഇവിടേയ്ക്ക് എത്താൻ. ഓഫ്റോഡ് വാഹനങ്ങളിൽ വരാനാകുന്ന ശശിപ്പാറ സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ഇടമാണെന്നതിൽ സംശയം വേണ്ട. കേരളാ വന്യജീവി വകുപ്പാണ് ശശിപ്പാറ വ്യൂ പോയിന്‍റിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നത്.
സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 4000 അടി ഉയരത്തിലാണ് ശശിപ്പാറയുള്ളത്. മൂന്നാറിന് സമാനമാണ് ഇവിടെ നിന്നുള്ള കാഴ്ചകൾ. നീണ്ടുകിടക്കുന്ന മലനിരകളും പാറകളുമൊക്കെയാണ് ശശിപ്പാറ വ്യൂ പോയിന്‍റിൽ കാണാനുള്ളത്. കമ്പിവേലി കെട്ടി ഇവിടെ സുരക്ഷിതമാക്കിയിട്ടുണ്ട്. ശശിപ്പാറ കയറുന്നവർക്കായി ഇരിക്കാൻ പ്രത്യേക സീറ്റുകളും അധികൃതർ ഒരുക്കിയിട്ടുണ്ട്. കോടമഞ്ഞ് കൂടി ഇവിടേയ്ക്ക് എത്തുന്നതോടെ ഭംഗി ഇരട്ടിയാകും.
ടിക്കറ്റ് എടുത്ത് വേണം ശശിപ്പാറ കയറുവാൻ. ഒരാള്‍ക്ക് 50 രൂപ എന്ന കണക്കിലാണ് ടിക്കറ്റ് എടുക്കേണ്ടത്. കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും 25 രൂപയും, വിദേശികള്‍ക്ക് 250 രൂപയുമാണ് ടിക്കറ്റ് വില. ക്യാമറ ഉപയോഗിക്കുകയാണെങ്കില്‍ അതിന് പ്രത്യേകമായി 150 രൂപ ടിക്കറ്റിനത്തില്‍ കൊടുക്കണം. കന്മദപ്പാറ, ഉടുമ്പെ നദി, കൈമുട്ടിപ്പാറ, അളകാപുരി വെള്ളച്ചാട്ടം, ഏലപ്പാറ, കൂര്‍ഗിലേക്കും സമീപ ഗ്രാമങ്ങളിലേക്കുമുള്ള ട്രെക്കിംഗ് റൂട്ടുകള്‍ എന്നിവയൊക്കെ ഇതിനു മുകളില്‍ നിന്നും കാണാം.