ദക്ഷിണാഫ്രിക്കൻ യാത്ര: വിസ ഇനി വിരൽത്തുമ്പിൽ!

Published : Aug 03, 2026, 02:02 PM IST
Flight, Yatra, Travel

Synopsis

ദക്ഷിണാഫ്രിക്ക ഇന്ത്യൻ പൗരന്മാർക്കായി ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (eTA) സംവിധാനം ആരംഭിച്ചു. ഹ്രസ്വകാല സന്ദർശനങ്ങൾക്കായി വിസ കേന്ദ്രങ്ങളിൽ പോകാതെ ഓൺലൈനായി അപേക്ഷിച്ച് 48 മണിക്കൂറിനുള്ളിൽ ഡിജിറ്റൽ യാത്രാനുമതി നേടാം. ടൂറിസം, സന്ദർശനം തുടങ്ങിയ ആവശ്യങ്ങൾക്ക് 90 ദിവസം വരെ ഈ സംവിധാനം ഉപയോഗിക്കാം.

ന്ത്യൻ പൗരന്മാർക്കായി ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ സംവിധാനം ആരംഭിച്ച് ദക്ഷിണാഫ്രിക്ക. ഇനി ഹ്രസ്വകാല സന്ദർശനങ്ങൾക്കായി വിസ അപേക്ഷാ കേന്ദ്രങ്ങളിൽ നേരിട്ട് പോകേണ്ടതില്ല. മുഴുവൻ നടപടിക്രമങ്ങളും ഓൺലൈനായി പൂർത്തിയാക്കി 24 മുതൽ 48 മണിക്കൂറിനുള്ളിൽ ഡിജിറ്റൽ യാത്രാനുമതി ലഭ്യമാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.

ടൂറിസം, സന്ദർശനം, ചില ബിസിനസ് ആവശ്യങ്ങൾ എന്നിവയ്ക്കായി 90 ദിവസം വരെ ദക്ഷിണാഫ്രിക്കയിൽ താമസിക്കാനാണ് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ അനുവദിക്കുന്നത്. പരമ്പരാഗത വിസ സ്റ്റിക്കറിന് പകരമായി യാത്രക്കാരന്റെ പാസ്‌പോർട്ടുമായി ഡിജിറ്റലായി ബന്ധിപ്പിച്ചിരിക്കുന്ന യാത്രാനുമതിയാണ് ഇനി ലഭിക്കുക.

ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷന്റെ കാലാവധിക്കുള്ളിൽ ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാൻ സാധിക്കും. എന്നാൽ തൊഴിൽ ആവശ്യങ്ങൾക്കോ ദീർഘകാല താമസത്തിനോ ഈ സംവിധാനം ഉപയോഗിക്കാനാവില്ല. കൂടാതെ, യാത്രാനുമതി ലഭിച്ചാലും ദക്ഷിണാഫ്രിക്കയിൽ പ്രവേശനം അനുവദിക്കണമോ എന്ന അന്തിമ തീരുമാനം വിമാനത്താവളത്തിലെ കുടിയേറ്റ പരിശോധനാ ഉദ്യോഗസ്ഥരുടേതായിരിക്കും. നിലവിൽ ഇന്ത്യ, ചൈന, ഇൻഡോനേഷ്യ, മെക്സിക്കോ എന്നീ രാജ്യങ്ങളിലെ സാധാരണ പാസ്‌പോർട്ട് കൈവശമുള്ള അർഹരായ യാത്രക്കാർക്കാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

ആദ്യഘട്ടത്തിൽ ഒ. ആർ. ടാംബോ അന്താരാഷ്ട്ര വിമാനത്താവളം (ജൊഹന്നാസ്ബർഗ്), കേപ് ടൗൺ അന്താരാഷ്ട്ര വിമാനത്താവളം, ലാൻസീരിയ അന്താരാഷ്ട്ര വിമാനത്താവളം എന്നിവ വഴിയെത്തുന്ന യാത്രക്കാർക്ക് മാത്രമാണ് ഈ ഡിജിറ്റൽ യാത്രാനുമതി ഉപയോഗിക്കാനാകുക. വരും മാസങ്ങളിൽ കൂടുതൽ വിമാനത്താവളങ്ങളും പ്രവേശനകേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമാക്കുമെന്ന് ദക്ഷിണാഫ്രിക്കയുടെ ആഭ്യന്തരകാര്യ വകുപ്പ് അറിയിച്ചു.

എങ്ങനെ അപേക്ഷിക്കാം?

ദക്ഷിണാഫ്രിക്കയുടെ ആഭ്യന്തരകാര്യ വകുപ്പിന്റെ ഔദ്യോഗിക ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകർ ആദ്യം പോർട്ടലിൽ അക്കൗണ്ട് സൃഷ്ടിക്കണം. തുടർന്ന് യാത്രയ്ക്ക് ഉപയോഗിക്കുന്ന പാസ്‌പോർട്ടിന്റെ ചിത്രം അപ്‌ലോഡ് ചെയ്യുകയും വ്യക്തിഗത വിവരങ്ങളും യാത്രാ വിവരങ്ങളും ഓൺലൈൻ ഫോമിൽ പൂരിപ്പിക്കുകയും വേണം.

ശേഷം സ്‍മാർട്ട്ഫോൺ ഉപയോഗിച്ച് തത്സമയ ബയോമെട്രിക് ചിത്രം പകർത്തി തിരിച്ചറിയൽ സ്ഥിരീകരിക്കണം. തുടർന്ന് അപേക്ഷാ ഫീസ് ഓൺലൈനായി അടച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ പുരോഗതി തത്സമയം പോർട്ടലിലൂടെ പരിശോധിക്കാനും സൗകര്യമുണ്ട്. അപേക്ഷ അംഗീകരിച്ചാൽ യാത്രാനുമതി യാത്രക്കാരന്റെ പാസ്‌പോർട്ടുമായി ഡിജിറ്റലായി ബന്ധിപ്പിക്കും. ഇതോടെ വിസ സ്റ്റിക്കറിന്റെ ആവശ്യമില്ലാതാകും. കൂടാതെ ക്യൂആർ കോഡ് ഉൾപ്പെടുന്ന ഡിജിറ്റൽ സ്ഥിരീകരണവും ലഭിക്കും. യാത്രയ്ക്കിടെ ഇത് ഹാജരാക്കിയാൽ മതിയാകും.

വിസ അപേക്ഷാ നടപടികൾ പൂർണമായും ഡിജിറ്റലാക്കി നടപടിക്രമങ്ങൾ ലളിതമാക്കുകയും അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുകയും ചെയ്യുക എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ദക്ഷിണാഫ്രിക്കയുടെ ആഭ്യന്തരകാര്യ വകുപ്പ് വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

"കേറിവാടാ മക്കളേ..." സൗജന്യ ടൂറിസ്റ്റ് വിസയുമായി ഒമാൻ; ആർക്കൊക്കെ ലഭിക്കും 14 ദിവസത്തെ ഫ്രീ എൻട്രി?
2020 ൽ എത്തിയത് 3,875 സഞ്ചാരികള്‍, 2024 ൽ 68,328 പേരെത്തി! 47 ശതമാനം വ‍ർധനവ്, ലക്ഷദ്വീപിലേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹം