കൊച്ചി മഹാരാജാവിന് പോര്‍ച്ചുഗീസുകാര്‍ നൽകിയ സമ്മാനം; ഒരിക്കലെങ്കിലും കാണേണ്ട അത്ഭുത നിര്‍മ്മിതി, മട്ടാഞ്ചേരി കൊട്ടാരവും ചരിത്രവും

Published : Jul 04, 2025, 12:12 PM IST
Mattancherry Palace

Synopsis

കൊച്ചിയിലെ മട്ടാഞ്ചേരി കൊട്ടാരം, കേരളീയ വാസ്തുവിദ്യയും കൊളോണിയൽ ചരിത്രവും സമന്വയിപ്പിക്കുന്ന ഒരു സവിശേഷ കാഴ്ചയാണ്. 

കൊച്ചി: എറണാകുളത്ത്, പ്രത്യേകിച്ച് കൊച്ചിയിൽ വിനോദസഞ്ചാരികൾക്ക് സന്ദർശിക്കാനും സമയം ചെലവഴിക്കാനുമെല്ലാം അനുയോജ്യമായ നിരവധി സ്പോട്ടുകളുണ്ട്. അൽപ്പം ചരിത്രവും വാസ്തുവിദ്യയുമെല്ലാം താത്പ്പര്യമുള്ളവരാണെങ്കിൽ കൊച്ചിയിൽ കാണാനേറെയുണ്ട്. അതിലൊന്നാണ് ഡച്ച് പാലസ് അഥവാ മട്ടാഞ്ചേരി കൊട്ടാരം.

കേരളീയ, കൊളോണിയല്‍ വാസ്തുശൈലിയില്‍ തീര്‍ത്ത മനോഹരമായ ഒരു ചരിത്ര സ്മാരകമാണ് മട്ടാഞ്ചേരി കൊട്ടാരം. എറണാകുളത്ത് നിന്ന് ഏകദേശം 12 കി. മീ. അകലെയുള്ള മട്ടാഞ്ചേരിയിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 1545-ല്‍ പോര്‍ച്ചുഗീസുകാരാണ് ഈ കൊട്ടാരം നിര്‍മ്മിച്ചത്. കൊച്ചി മഹാരാജാവായിരുന്ന വീര കേരളവര്‍മ്മയ്ക്ക് സമ്മാനമായി നല്‍കുന്നതിന് വേണ്ടിയാണ് കൊട്ടാരം പണികഴിപ്പിച്ചത്. പിന്നീട് നൂറ് വർഷത്തിന് ശേഷം കൊച്ചിയിൽ സ്വാധീനമുറപ്പിച്ച ഡച്ചുകാർ ഈ കൊട്ടാരത്തിൽ ശ്രദ്ധേയമായ അറ്റകുറ്റപ്പണികൾ നടത്തി. ഇതോടെയാണ് കൊട്ടാരത്തിന് ഡച്ച് പാലസ് എന്ന് പേര് ലഭിച്ചത്.

കൊട്ടാര മധ്യത്തില്‍ പരമ്പരാഗത രീതിയിലുള്ള നാലുകെട്ട് കാണാം. നിർമ്മാണത്തിൽ യൂറോപ്യൻ സ്വാധീനവും കാണാൻ കഴിയും. നീണ്ട അകത്തളങ്ങളും ഇരട്ട നിലകളുമുള്ള വലിയ നിര്‍മ്മിതിയാണിത്. വിശാലമായ മുറികളിലെല്ലാം ചുവർ ചിത്രങ്ങൾ കാണാം. രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളിലെ കഥാസന്ദര്‍ഭങ്ങളും ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ വിഗ്രഹവും കേരളീയ ചുവര്‍ചിത്ര ശൈലിയില്‍ ഇവിടെയുണ്ട്. കൊച്ചി രാജകുടുംബത്തിന്റെ പരദേവതയായ പഴയന്നൂര്‍ ഭഗവതിയെ ഈ കൊട്ടാരത്തിലെ പൂജാമുറിയില്‍ കുടിയിരുത്തിയിട്ടുണ്ടെന്നാണ് വിശ്വാസം.

1864 മുതല്‍ കൊച്ചി വാണ രാജാക്കന്മാരുടെ എണ്ണച്ചായ ചിത്രങ്ങളും വാളുകളും കൊത്തുപണി ചെയ്ത പിടികളോടു കൂടിയ കഠാരകളുമെല്ലാം ഇവിടെയെത്തുന്നവർക്ക് കാണാം. കിരീടാരോഹണ ചടങ്ങുകള്‍ക്കും മറ്റും ഉപയോഗിക്കുന്ന അലംകൃതമായ കുന്തങ്ങള്‍, വെഞ്ചാമരങ്ങള്‍ എന്നിവയും കൊട്ടാരത്തിൽ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രാജാവ് ഉപയോഗിച്ചിരുന്ന തലപ്പാവുകള്‍, കിരീടങ്ങള്‍, കൊച്ചി രാജവംശത്തിന്റെ കമ്മട്ടത്തിലടിച്ച നാണയങ്ങള്‍, കൊച്ചിക്കായി ഡച്ചുകാര്‍ തയ്യാറാക്കിയ വികസന പദ്ധതിയുടെ രേഖാചിത്രങ്ങള്‍ എന്നിവയും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ഒറ്റ ദിവസം മതി! വയനാട്ടിലെ ഈ 4 'മസ്റ്റ് വിസിറ്റ്' സ്പോട്ടുകൾ കണ്ടുമടങ്ങാം
ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ