ഇന്ത്യയിൽ മികച്ച റെയിൽ കണക്റ്റിവിറ്റിയുള്ള നിരവധി സ്ഥലങ്ങളുണ്ട്. ജയ്പൂർ, വാരണാസി, അമൃത്സർ എന്നിവ ട്രെയിൻ യാത്രയ്ക്ക് അനുയോജ്യമായ മൂന്ന് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ ആശ്രയിക്കുന്ന ​ഗതാ​ഗത മാർ​ഗമാണ് റെയിൽവേ. ദിനംപ്രതി പതിനായിരക്കണക്കിന് ആളുകളാണ് ട്രെയിനിൽ സഞ്ചരിക്കാറുള്ളത്. ദീർഘദൂര യാത്രകളായാലും ഹ്രസ്വദൂര യാത്രകളായാലും കുറഞ്ഞ ചെലവും യാത്രാ സുഖവും ഉറപ്പ് നൽകുന്നതാണ് ട്രെയിൻ യാത്രകളിലേയ്ക്ക് ആളുകൾ ആകർഷിക്കപ്പെടുന്നത്. വിനോദ യാത്രകൾക്കും ട്രെയിനുകളെ നിരവധിയാളുകളാണ് ആശ്രയിക്കുന്നത്. പ്രകൃതി സൗന്ദര്യവും തടസ്സമില്ലാത്ത റെയിൽ കണക്റ്റിവിറ്റിയുമാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ, ഈ മൂന്ന് ലക്ഷ്യസ്ഥാനങ്ങൾ നിങ്ങളുടെ യാത്രാ പട്ടികയിൽ ഉറപ്പായും ഒരു സ്ഥാനം അർഹിക്കുന്നുണ്ട്.

ജയ്പൂർ, രാജസ്ഥാൻ

ഇന്ത്യയിലെ ഏറ്റവും ആകർഷകമായ നഗരങ്ങളിൽ ഒന്നാണ് ജയ്പൂർ. വർഷം മുഴുവനും ഇവിടേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ദില്ലി, അഹമ്മദാബാദ്, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് ജയ്പൂരിലേയ്ക്ക് എളുപ്പത്തിലെത്താൻ സാധിക്കും. ദില്ലിയിൽ നിന്ന് ശതാബ്ദി, ഡബിൾ ഡെക്കർ ട്രെയിനുകളുണ്ട്. ജയ്പൂരിലെ ഹവാ മഹൽ, ആമേർ ഫോർട്ട്, സിറ്റി പാലസ് തുടങ്ങിയ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യാനും എളുപ്പമാണ്. ധാരാളം ക്യാബുകളും ഓട്ടോറിക്ഷകളും ഇവിടങ്ങളിൽ ലഭ്യമാണ്.

വാരണാസി, ഉത്തർപ്രദേശ്

ഇന്ത്യയുടെ മിക്കവാറും എല്ലാ ഭാഗങ്ങളുമായും റെയിൽവേ കണക്ടിവിറ്റിയുള്ള സ്ഥലമാണ് വാരണാസി. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിൽ ഒന്നായ ഇവിടം ആത്മീയ സഞ്ചാരികൾക്ക് അനുയോജ്യമായ സ്ഥലമാണ്. സ്ഥിരമായ ട്രെയിൻ സർവീസുകൾ ഉള്ളതിനാൽ, അവസാന നിമിഷം പ്ലാൻ ചെയ്യുന്ന യാത്ര പോലും എളുപ്പത്തിൽ നടത്താൻ കഴിയും. വാരണാസിയിലെ ഘട്ടുകളിലേയ്ക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാം. ഗംഗാ ആരതി, തിരക്കേറിയ തെരുവുകൾ, സാംസ്കാരിക പൈതൃകം എന്നിവ ഇവിടെ ആസ്വദിക്കാം.

അമൃത്സർ, പഞ്ചാബ്

മികച്ച റെയിൽ കണക്ടിവിറ്റിയുള്ള മറ്റൊരു മനോഹരമായ സ്ഥലമാണ് പഞ്ചാബിലെ അമൃത്സർ. പ്രത്യേകിച്ച് വടക്കേ ഇന്ത്യയുമായി അമൃത്സർ വളരെ മികച്ച രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നു. ദില്ലി, ജയ്പൂർ, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്ന് അമൃത്സറിലേയ്ക്ക് പതിവായി ട്രെയിൻ സർവീസുകളുണ്ട്. സുവർണ്ണ ക്ഷേത്രം, ജാലിയൻവാല ബാഗ്, വാഗാ അതിർത്തി എന്നിവ അമൃത്സറിന്റെ പ്രധാന ആകർഷണങ്ങളാണ്. യാത്ര എളുപ്പത്തിൽ പ്ലാൻ ചെയ്യാൻ സാധിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണിത്. പഞ്ചാബി സംസ്കാരം, എംബ്രോയിഡറിക്ക് പേരുകേട്ട വിപണികൾ എന്നിവ ഇവിടെ സന്ദർശിക്കാം.