
ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ആശ്രയിക്കുന്ന ഗതാഗത മാർഗ്ഗങ്ങളിൽ ഒന്നാണ് റെയിൽവേ. ചെലവ് കുറവും സൗകര്യപ്രദവുമായതിനാലാണ് ആളുകൾ കൂടുതലായും ട്രെയിൻ യാത്ര തിരഞ്ഞെടുക്കുന്നത്. മാത്രമല്ല, രാജ്യത്തുടനീളം ഇതിന് മികച്ച കണക്റ്റിവിറ്റിയുമുണ്ട്. ട്രെയിനുകളിലെ വിവിധ ചിഹ്നങ്ങളെയും അടയാളങ്ങളെയും കുറിച്ച് യാത്രക്കാർക്ക് പലപ്പോഴും സംശയങ്ങളും കൗതുകവുമെല്ലാം ഉണ്ടാകാറുണ്ട്. അത്തരത്തിൽ എല്ലാവരും തന്നെ ശ്രദ്ധിച്ചിട്ടുള്ള ഒന്നാണ് അവസാന കോച്ചിൽ കാണാറുള്ള "X" എന്ന അടയാളം. ഒറ്റനോട്ടത്തിൽ ഇത് വെറുമൊരു ഡിസൈൻ മാത്രമായി തോന്നിയേക്കാം. എന്നാൽ, അതിന്റെ പ്രധാന്യം നമ്മൾ ചിന്തിക്കുന്നതിലും വലുതാണ്.
അവസാന കോച്ചിലെ "X" ചിഹ്നത്തിൻ്റെ പ്രാഥമിക ഉദ്ദേശ്യം, ട്രെയിൻ മുഴുവനായും സ്റ്റേഷൻ കടന്നുപോയി എന്ന് സ്ഥിരീകരിക്കുക എന്നതാണ്. ഒരു കോച്ചും നഷ്ടമായിട്ടില്ലെന്ന് ഇതുവഴി ഉറപ്പുവരുത്താനാകും. ഈ അടയാളം റെയിൽവേ ഉദ്യോഗസ്ഥർക്ക് വ്യക്തമായ സുരക്ഷാ സന്ദേശം നൽകുകയാണ് ചെയ്യുന്നത്.
ട്രെയിനിൽ നിന്ന് ഒരു കോച്ച് വേർപെട്ടു പോകുന്നത് പോലെയുള്ള അപകടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ റെയിൽവേ ഉദ്യോഗസ്ഥർക്ക് ഈ അടയാളം നോക്കിയാൽ മനസിലാക്കാനാകും. അവസാന കോച്ചിൽ "X" ഇല്ലാത്തത് ഒരു അടിയന്തിര സാഹചര്യത്തിൻ്റെ സൂചന നൽകുകയാണ് ചെയ്യുന്നത്. ട്രെയിൻ പൂർണ്ണമായി കടന്നുപോയിട്ടില്ലെന്ന് റെയിൽവേ അധികൃതർക്ക് വേഗത്തിൽ തിരിച്ചറിയാം. പ്രശ്നം കണ്ടെത്തി പരിഹരിക്കാനുള്ള അടിയന്തിര നടപടികളിലേയ്ക്ക് കടക്കാം. ചുരുക്കിപ്പറഞ്ഞാൽ ഈ അടയാളം അപകടങ്ങൾ മനസിലാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സഹായിക്കുന്നു.
"X" ആണ് പ്രധാന സൂചനയെങ്കിലും, കൂടുതൽ വ്യക്തതയ്ക്ക് വേണ്ടി മറ്റ് ചില അടയാളങ്ങളും അവസാന കോച്ചിൽ ഉപയോഗിക്കാറുണ്ട്. ട്രെയിനിലെ അവസാന കോച്ചാണ് ഇതെന്ന് സൂചിപ്പിക്കാനായി "ലാസ്റ്റ് വെഹിക്കിൾ" (എൽവി) ബോർഡ് സാധാരണയായി പകൽ സമയത്ത് പ്രദർശിപ്പിക്കാറുണ്ട്. രാത്രിയിൽ, "X" വ്യക്തമായി കാണാൻ കഴിയാത്തപ്പോൾ ട്രെയിൻ കടന്നുപോയി എന്ന് ഉറപ്പുവരുത്താനായി, അവസാന കോച്ചിൽ മിന്നുന്ന ചുവപ്പ് ടെയിൽ ലാമ്പും ഘടിപ്പിക്കാറുണ്ട്. ട്രെയിൻ പൂർണ്ണമായി കടന്നുപോയെന്ന് അംഗീകരിക്കുന്നതിന് ഈ അടയാളങ്ങൾ സഹായിക്കുന്നു.
വ്യത്യസ്ത സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് രാത്രിയിലോ മൂടൽമഞ്ഞുള്ള കാലാവസ്ഥയിലോ "X" അടയാളം കാണുന്നുണ്ടെന്ന് ഉറപ്പാക്കാൻ, റെയിൽവേ അധികാരികൾ റിഫ്ലക്റ്റീവ് അല്ലെങ്കിൽ റേഡിയം പെയിന്റ് ഉപയോഗിക്കുന്നുണ്ട്. ഈ റിഫ്ലക്റ്റീവ് കോട്ടിംഗ് "X" ൻ്റെ ദൃശ്യപരത വർദ്ധിപ്പിക്കുന്നു. ഇത് റെയിൽവേ ഉദ്യോഗസ്ഥർക്കും സ്റ്റേഷൻ മാസ്റ്റർമാർക്കും എളുപ്പത്തിൽ കാണാൻ സഹായിക്കും.