
ഇന്ന് ഇന്ത്യയുടെ പൈതൃകത്തിന്റെ ഒരു പ്രതീകമായി തലയുയര്‍ത്തി നിൽക്കുന്ന അത്ഭുത സ്മാരകമാണ് താജ്മഹൽ. ഓരോ വർഷവും പതിനായിരക്കണക്കിന് സന്ദർശകരാണ് താജ്മഹൽ കാണാനായി എത്തുന്നത്. എന്നാൽ, എല്ലാ കാലത്തും താജ്മഹൽ ഈ രീതിയിൽ ആദരിക്കപ്പെട്ടിരുന്നോ? ഇല്ലെന്നതാണ് വാസ്തവം. അതിന് ഏറ്റവും വലിയ ഉദാഹരണം ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലം തന്നെയായിരുന്നു. ഇത്തരത്തിൽ താജ്മഹലിനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കഥകളാണ് ഇനി പറയാൻ പോകുന്നത്.
ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് ഉദ്യോഗസ്ഥർ പലപ്പോഴും താജ്മഹലിനെ കച്ചവട വസ്തുവായാണ് കണ്ടിരുന്നത്. അതിന്റെ സാംസ്കാരിക മൂല്യത്തേക്കാൾ സാമ്പത്തിക മൂല്യത്തിലായിരുന്നു അവർ ശ്രദ്ധ കേന്ദ്രീകരിച്ചത്. 1828 മുതൽ 1835 വരെ ഗവർണർ ജനറലായിരുന്ന ലോർഡ് വില്യം ബെന്റിൻക് താജ്മഹൽ പൊളിച്ചുനീക്കി അതിന്റെ മാർബിൾ വിൽക്കാൻ ആലോചിച്ചു എന്നാണ് ഒരു കഥ. സാമ്പത്തിക സമ്മർദ്ദങ്ങളും ചെലവ് ചുരുക്കുന്ന ഭരണാധികാരിയെന്ന നിലയിലുമാണ് ബെൻ്റിൻക് ഇത്തരമൊരു തീരുമാനമെടുത്തതെന്നും പറയപ്പെടുന്നു. യാത്രാവിവരണങ്ങളിലും കൊളോണിയൽ രേഖകളിലും ഈ വിവരങ്ങളുണ്ട്.
താജ്മഹൽ പൊളിച്ച് നീക്കി മാര്‍ബിൾ വിൽക്കുന്നതിന് പ്രാദേശിക വ്യാപാരികൾ പോലും താൽപ്പര്യം കാണിച്ചിരുന്നുവെന്നും, എന്നാൽ പൊതുജന പ്രതിഷേധവും കുറഞ്ഞ ലേലത്തുകകളും കാരണം ഈ ആശയം ഉപേക്ഷിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, താജ്മഹലിനെ ലക്ഷ്യമിട്ടതിന് ചരിത്രകാരന്മാർക്ക് രേഖാപരമായ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. ആഗ്രാ കോട്ടയിലെ വസ്തുക്കൾ വിറ്റഴിച്ചതിൽ നിന്നാണ് ഇത്തരമൊരു കിംവദന്തി ഉടലെടുത്തത്. ഇതെല്ലാം ഇന്ത്യൻ സ്മാരകങ്ങളോടുള്ള കൊളോണിയൽ അവഗണനയെ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വൈസ്രോയി ലോർഡ് കഴ്സന്റെ കീഴിലുള്ള സംരക്ഷണ ശ്രമങ്ങളാണ് താജ്മഹലിനെ ഒരു സംരക്ഷിത സ്മാരകമായി നിലനിര്‍ത്തിയത്.
താജ്മഹലിന്റെ നാല് മിനാരങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അതിന്റെ നിർമ്മാണത്തിൽ അസാധാരണമായ ഒരു കാര്യം നിങ്ങൾ ശ്രദ്ധിച്ചേക്കാം. അവ പൂർണ്ണമായും നേർരേഖയിലല്ല നിർമ്മിച്ചിരിക്കുന്നത്. ഓരോ മിനാരവും ചെറുതായി പുറത്തേക്ക് ചരിഞ്ഞാണ് നിൽക്കുന്നത്. ഇത് ഒരിക്കലും നിർമ്മാണത്തിലുണ്ടായ പിഴവല്ല. മറിച്ച്, ഇത് സമർത്ഥമായ ഒരു രൂപകൽപ്പനയാണ്. ഭൂകമ്പമോ മറ്റ് പ്രകൃതിദുരന്തങ്ങളോ ഉണ്ടായാൽ, മിനാരങ്ങൾ താജ്മഹലിന് മുകളിലേയ്ക്ക് വീഴാതിരിക്കാനാണ് മുഗൾ കാലഘട്ടത്തിലെ എഞ്ചിനീയർമാർ മനഃപൂർവം അവ ഇങ്ങനെ നിർമ്മിച്ചത്. താജ്മഹൽ സന്ദർശിക്കുന്ന ആർക്കും ഇത് കാണാൻ കഴിയും.
താജ്മഹലിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ പലതരം അപൂർവവും വിലപിടിപ്പുള്ളതുമായ കല്ലുകൾ ഉൾപ്പെടുന്ന മനോഹരമായ ഇൻലേ വർക്ക് കാണാം. ഇത് ആരുടെയും മനംമയക്കുന്ന കാഴ്ചയാണ്. ഈ കല്ലുകൾ ചൈന, പേർഷ്യ, മധ്യേഷ്യ, അതുപോലെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും ഇറക്കുമതി ചെയ്തവയാണ്. സൂര്യരശ്മിയിൽ തിളങ്ങുന്ന മനോഹരമായ ജ്യാമിതീയ രൂപങ്ങളും പൂക്കളുമെല്ലാം ഇതിന് അസാധാരണമായ ഭംഗി നൽകുന്നു. നിർഭാഗ്യവശാൽ, ബ്രിട്ടീഷ് കോളനിവൽക്കരണ സമയത്ത് ഇവിടെയുള്ള രത്നങ്ങൾ മോഷണം പോയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മാത്രമാണ് താജ്മഹലിൽ പുനരുദ്ധാരണ ശ്രമങ്ങൾ ആരംഭിച്ചത്.
താജ്മഹലിനാണോ കുത്തബ് മിനാറിനാണോ ഉയരം കൂടുതൽ എന്ന ചോദ്യത്തിന്റെ ഉത്തരം പലരെയും അത്ഭുതപ്പെടുത്തിയേക്കാം. താജ്മഹലിന് കുത്തബ് മിനാറിനേക്കാൾ അൽപ്പം ഉയരം കൂടുതലുണ്ട്. താജ്മഹൽ വളരെ ചെറിയ വ്യത്യാസത്തിൽ കുത്തബ് മിനാറിനെ മറികടക്കുന്നു. താജ്മഹലിന്റെ ഉയരം 73 മീറ്ററും കുത്തബ് മിനാറിന്റെ ഉയരം 72.5 മീറ്ററുമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
താജ്മഹൽ ഒരു വാസ്തുവിദ്യാ വിസ്മയമാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. ഓരോ ദിവസത്തെയും വെളിച്ചവും സമയവും താജ്മഹലിന്റെ നിറത്തെ ബാധിക്കുന്നു. പകൽ സമയത്ത് ഇത് പാൽ പോലെ വെളുത്തതായി കാണപ്പെടുമെങ്കിൽ അതിരാവിലെ മനോഹരമായ ഇളം പിങ്ക് നിറമായിരിക്കും കാണുക. പൂർണ്ണചന്ദ്രന്റെ വെളിച്ചത്തിൽ സ്മാരകം നീല നിറത്തിൽ തിളങ്ങും. നിറങ്ങളുടെ ഈ ദൃശ്യപരമായ മാറ്റം കാരണം, താജ്മഹൽ എന്നും പുതുമയോടെ നിലനിൽക്കുന്നു.