
കൊച്ചി: എറണാകുളം ജില്ലയിൽ രണ്ട് ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു. ടൂറിസം വകുപ്പ് നടപ്പിലാക്കിയ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമായി രണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിന് സമർപ്പിച്ചിരിക്കുന്നത്. പെരുമ്പാവൂര്‍ വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ കോടമ്പിള്ളി ചിറ, മൂവാറ്റുപുഴയിൽ കാളിയാറിൻ്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ആയവന ഗ്രാമപഞ്ചായത്തിലെ ചെമ്പ്രങ്കോട്ടുചിറ എന്നിവയാണ് ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിച്ചത്.
കോടനാട് ആനവളർത്തൽ കേന്ദ്രം, പാണിയേലി പോര്, പുലിയണിപ്പാറ തുടങ്ങിയ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളോട് ചേർന്നാണ് കോടമ്പിള്ളി ചിറ സ്ഥിതി ചെയ്യുന്നത്. കോടമ്പള്ളി ചിറയിലെത്തിയ മന്ത്രി ബോട്ട് സഫാരി നടത്തി. മൂവാറ്റുപുഴയിലെ ചെമ്പ്രങ്കോട്ടുചിറ മനോഹരമായ ഒരു ജലസ്രോതസ്സാണ്. ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി ചിറ സംരക്ഷിച്ചുകൊണ്ടാണ് വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിച്ചത്.
നവീകരിച്ച കക്കടശ്ശേരി-കാളിയാർ റോഡ്, ആയവന ഹോമിയോ ആശുപത്രി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. കോതമംഗലം മണ്ഡലത്തിലെ കീരംപാറ - ഭൂതത്താൻകെട്ട് റോഡ്, കൊച്ചി, അരൂര്‍ മണ്ഡലത്തിലെ കുമ്പളങ്ങി-അരൂര്‍ കെല്‍ട്രോണ്‍ പാലം എന്നിവയുടെ നിര്‍മ്മാണ പ്രവർത്തിക്കും ഇന്ന് തുടക്കമാകുകയാണ്.