ടോൾ യാത്രക്കാർക്ക് ആശ്വാസം; ഫാസ്‍ടാഗിൽ പുതിയ മാറ്റം

Published : Aug 20, 2026, 01:46 PM IST
fastag

Synopsis

രാജ്യത്തെ 121 ടോൾ പ്ലാസകളിൽ ദേശീയപാത അതോറിറ്റി ഓൺലൈൻ ഫാസ്റ്റാഗ് ലോക്കൽ പാസ് സൗകര്യം ആരംഭിച്ചു. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്ന യോഗ്യരായവർക്ക് രാജമാർഗയാത്ര മൊബൈൽ ആപ്പ് വഴി ഇനി നേരിട്ട് അപേക്ഷിക്കാം. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി വിലാസവും വാഹന വിവരങ്ങളും പരിശോധിച്ച് പാസ് അനുവദിക്കും.

ദേശീയപാതകളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി പുതിയ സംവിധാനം. രാജ്യത്തെ 121 ടോൾ പ്ലാസകളിൽ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ഓൺലൈൻ ഫാസ്റ്റാഗ് ലോക്കൽ പാസ് സൗകര്യം ആരംഭിച്ചു. യോഗ്യതയുള്ളവർക്ക് ഇനി ടോൾ പ്ലാസയിൽ നേരിട്ട് എത്താതെ തന്നെ മൊബൈൽ ആപ്പ് വഴി ലോക്കൽ പാസിന് അപേക്ഷിക്കാം. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയമാണ് പുതിയ സംവിധാനത്തെക്കുറിച്ച് അറിയിച്ചത്. ഇതോടെ താമസസ്ഥലം തെളിയിക്കുന്ന രേഖകൾ ഉൾപ്പെടെയുള്ളവ ടോൾ പ്ലാസയിലെത്തി സമർപ്പിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകും.

20 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക്

യോഗ്യമായ ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കാണ് ലോക്കൽ പാസ് ലഭിക്കുക. ദേശീയപാത ഉപയോക്താക്കൾക്ക് രാജമാർഗയാത്ര മൊബൈൽ ആപ്പ് വഴി അപേക്ഷ സമർപ്പിക്കാം. യോഗ്യമായ ടോൾ പ്ലാസകളുടെ പട്ടികയും രാജമാർഗയാത്ര വെബ്സൈറ്റിൽ പരിശോധിക്കാം. അപേക്ഷകന്റെ താമസ വിലാസവും വാഹന വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും പാസ് അനുവദിക്കുക.

നേരത്തെ ടോൾ പ്ലാസയിലെത്തണം

ലോക്കൽ പാസ് ലഭിക്കുന്നതിനായി നേരത്തെ യാത്രക്കാർ അതത് ടോൾ പ്ലാസ സന്ദർശിക്കേണ്ടിവന്നിരുന്നു. 20 കിലോമീറ്റർ പരിധിക്കുള്ളിലാണ് താമസിക്കുന്നതെന്ന് തെളിയിക്കുന്ന രേഖകൾ ഉൾപ്പെടെ ആവശ്യമായ രേഖകൾ നേരിട്ട് സമർപ്പിക്കണമായിരുന്നു. പുതിയ ഡിജിറ്റൽ സംവിധാനം വന്നതോടെ ഈ നടപടിക്രമം കൂടുതൽ എളുപ്പമാകും. അപേക്ഷയും പരിശോധനയും ഓൺലൈനായി പൂർത്തിയാക്കാനാകും.

ഡിജിറ്റൽ പരിശോധനയും

ഡിജിറ്റൽ ലോക്കൽ പാസ് സംവിധാനത്തിൽ ഡിജിലോക്കർ, വാഹന വിവര ശേഖരം തുടങ്ങിയ സർക്കാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി സമ്മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംയോജനമാണ് ഉപയോഗിക്കുന്നത്. യാത്രക്കാരന്റെ താമസ വിലാസം, വാഹന വിവരങ്ങൾ, ബന്ധപ്പെട്ട ഫാസ്റ്റാഗ് തുടങ്ങിയ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് യോഗ്യത ഉറപ്പാക്കുക. കൂടാതെ ഭൂപട അധിഷ്ഠിത പരിശോധനയിലൂടെയും അപേക്ഷകന്റെ രജിസ്റ്റർ ചെയ്ത വിലാസം ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലാണോ എന്ന് പരിശോധിക്കും.

മാസം മുഴുവൻ പരിധിയില്ലാത്ത യാത്ര

ബാധകമായ നിയമങ്ങൾ അനുസരിച്ച് ലോക്കൽ പാസ് ലഭിക്കുന്നവർക്ക് ഒരു മാസം മുഴുവൻ ബന്ധപ്പെട്ട ടോൾ പ്ലാസയിലൂടെ പരിധിയില്ലാതെ യാത്ര ചെയ്യാം. അതുകൊണ്ടുതന്നെ ദിവസേനയോ പതിവായോ ഇതുവഴി യാത്ര ചെയ്യുന്നവർക്ക് പുതിയ സംവിധാനം വലിയ സാമ്പത്തിക നേട്ടം നൽകും. ഡൽഹിയിലെ നഗര വിപുലീകരണ റോഡ് 2-ലെ മുണ്ട്ക-ബക്കർവാല ടോൾ പ്ലാസയിലാണ് 2026 ജൂലൈയിൽ ആദ്യമായി ഡിജിറ്റൽ ലോക്കൽ പാസ് സൗകര്യം ആരംഭിച്ചത്. തുടർന്ന് രാജ്യത്തെ കൂടുതൽ ടോൾ പ്ലാസകളിലേക്ക് സംവിധാനം വ്യാപിപ്പിക്കുകയായിരുന്നു.

വാർഷിക ഫാസ്റ്റാഗ് പാസും

ദേശീയപാതകളിലെ ടോൾ ചെലവ് കുറയ്ക്കാൻ വാർഷിക ഫാസ്റ്റാഗ് പാസ് സംവിധാനവും നിലവിലുണ്ട്. 3000 രൂപയാണ് വാർഷിക പാസിന്റെ നിരക്ക്. ഇതിലൂടെ 200 തവണ വരെ ടോൾ പ്ലാസ കടക്കാം. ഒരു തവണ ടോൾ പ്ലാസ കടക്കുന്നതാണ് ഒരു യാത്രയായി കണക്കാക്കുന്നത്. അതായത് 200 യാത്രകൾ ഉപയോഗിച്ചാൽ ഓരോ യാത്രയ്ക്കും ശരാശരി 15 രൂപ മാത്രമായിരിക്കും ചെലവ്.

എല്ലാ എക്സ്പ്രസ് വേകളിലും ബാധകമല്ല

കാറുകൾ, ജീപ്പുകൾ, വാനുകൾ തുടങ്ങിയ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്കാണ് വാർഷിക ഫാസ്‍ടാഗ് പാസ് പ്രധാനമായും ഉപയോഗിക്കാനാകുന്നത്. ദേശീയപാതകളിലെയും ദേശീയ എക്സ്പ്രസ് വേകളിലെയും നിർദ്ദിഷ്ട ടോൾ പ്ലാസകളിലാണ് ഇത് ബാധകം. എന്നാൽ സംസ്ഥാന സർക്കാരുകളോ പ്രാദേശിക അധികാരികളോ നിയന്ത്രിക്കുന്ന ടോൾ റോഡുകളിൽ വാർഷിക പാസ് ബാധകമല്ല. മുംബൈ-പുണെ എക്സ്പ്രസ് വേ, മുംബൈ-നാഗ്പൂർ എക്സ്പ്രസ് വേ, അടൽ സേതു, ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേ, ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേ, അഹമ്മദാബാദ്-വഡോദര എക്സ്പ്രസ് വേ തുടങ്ങിയ പാതകളിൽ സാധാരണ ഫാസ്റ്റാഗ് രീതിയിലുള്ള ടോൾ ഈടാക്കും.

PREV
Read more Articles on
click me!

Recommended Stories

ഡൽഹിയിലേക്ക് യാത്രയുണ്ടോ? ഓഗസ്റ്റ് 15ന് മുന്നോടിയായി വൻ നിയന്ത്രണങ്ങൾ; ട്രെയിൻ, വിമാന യാത്രക്കാർ ശ്രദ്ധിക്കുക
ഇന്ത്യക്കാർക്ക് സന്തോഷവാർത്ത; അബുദാബിയിലേക്ക് സൗജന്യ യുഎഇ വിസ, ചെയ്യേണ്ടത് ഇത്രമാത്രം!