ഇനി ആഫ്രിക്കയിലൊന്നും പോകണ്ട; ഇന്ത്യയിലെ ആദ്യത്തെ ചീറ്റ സഫാരി കുനോ ദേശീയോദ്യാനത്തിൽ ആരംഭിച്ചു

Published : Oct 04, 2025, 03:21 PM IST
Cheetah Safari

Synopsis

ഇന്ത്യയിലെ ആദ്യത്തെ ചീറ്റ സഫാരിക്ക് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ തുടക്കം. ലോകത്തിലെ ഏറ്റവും വേഗതയേറിയ മൃഗത്തെ അടുത്തു കാണാനുള്ള അവസരമാണ് സഞ്ചാരികൾക്ക് ലഭിച്ചിരിക്കുന്നത്. 

ഭോപ്പാൽ: ഇന്ത്യയിലെ വൈൽഡ് ലൈഫ് ടൂറിസം ചരിത്രത്തിൽ ആദ്യമായി ചീറ്റ സഫാരിക്ക് തുടക്കം. മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലാണ് ചീറ്റ സഫാരി ആരംഭിച്ചിരിക്കുന്നത്. സന്ദർശകർക്ക് സ്വന്തം രാജ്യത്ത് വെച്ച് ലോകത്തിലെ ഏറ്റവും വേഗതയേറിയ മൃഗത്തെ കാണാനുള്ള സുവർണ്ണാവസരമാണ് ഈ സഫാരിയിലൂടെ ലഭിച്ചിരിക്കുന്നത്. ഈ ഉദ്യമം മേഖലയിലെ ടൂറിസത്തിന് വലിയ ഉത്തേജനമാകുമെന്നാണ് പ്രതീക്ഷ.

പുൽമേടുകളും ഇരകളുടെ സാന്നിധ്യവും കാരണം ചീറ്റപ്പുലി സംരക്ഷണ പദ്ധതിക്കായി തിരഞ്ഞെടുത്ത സ്ഥലമാണ് ഷിയോപൂർ ജില്ലയിലെ കുനോ ദേശീയോദ്യാനം. 2022-ലാണ് കുനോയിലേക്ക് ആദ്യമായി ചീറ്റകളെ എത്തിക്കുന്നത്. സംരക്ഷണ ശ്രമങ്ങളുടെ ഫലമായി ഇന്ന് ഈ റിസർവിൽ 16 ചീറ്റപ്പുലികൾ സുരക്ഷിതമായി വസിക്കുന്നുണ്ട്. സന്ദർശകർക്ക് ഉയർന്ന നിലവാരമുള്ള വൈൽഡ് ലൈഫ് എക്സ്പീരിയൻസ് ഉറപ്പ് നൽകാനായാണ് ചീറ്റ സഫാരി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചീറ്റപ്പുലികൾ ഏറ്റവും സജീവമായിരിക്കുന്ന അതിരാവിലെയും വൈകുന്നേരങ്ങളിലും സഫാരി ആസ്വദിക്കാം.

വിദ​ഗ്ധ പരിശീലനം ലഭിച്ച ഗൈഡുകളാണ് ഓരോ സഫാരിക്കും നേതൃത്വം നൽകുന്നത്. ചീറ്റപ്പുലികളുടെ പെരുമാറ്റം, വേട്ടയാടൽ രീതി, ഇന്ത്യയിലേക്കുള്ള അവയുടെ തിരിച്ചുവരവ് എന്നിവയെക്കുറിച്ച് ഇവർ സഞ്ചാരികൾക്ക് വിവരങ്ങൾ വിശദീകരിച്ച് നൽകും. തുറന്ന പ്രദേശമായതിനാൽ ഫോട്ടോഗ്രാഫിക്ക് ഇത് വളരെ മികച്ച ഒരു അവസരമാണ്. വന്യജീവികൾക്ക് ശല്യമുണ്ടാകാത്ത വിധം കർശനമായ രീതിയിലാണ് റൂട്ടുകളും സഞ്ചാരികളുടെ എണ്ണത്തിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുള്ളത്. സഫാരിയിലൂടെ ലഭിക്കുന്ന വരുമാനം ആവാസ വ്യവസ്ഥയുടെ പരിപാലനം, ചീറ്റകളുടെ നിരീക്ഷണം, പ്രാദേശിക സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള സംരക്ഷണ പദ്ധതികൾ എന്നിവയെ പിന്തുണയ്ക്കുന്നതിനാണ് ഉപയോഗിക്കുക.

ടിക്കറ്റ് നിരക്കുകളും ബുക്കിംഗും

ജിപ്‌സി സഫാരി - ഒരു വാഹനത്തിന് ഏകദേശം 4,500 രൂപയാണ് നിരക്ക്. ഒരു വാഹനത്തിൽ 6 പേർക്ക് വരെ യാത്ര ചെയ്യാം.

സ്വകാര്യ വാഹനം - ഒരു വാഹനത്തിന് ഏകദേശം 1,200 രൂപയാണ് നിരക്ക്

വാരാന്ത്യങ്ങളിലോ തിരക്കേറിയ സീസണുകളിലോ ഈ നിരക്കുകളിൽ മാറ്റം വന്നേക്കാം. നിങ്ങളുടെ യാത്ര ആസൂത്രണം ചെയ്യുന്നതിന് മുമ്പ് കുനോ നാഷണൽ പാർക്കിന്റെ ഔദ്യോഗിക സഫാരി ബുക്കിംഗ് പോർട്ടൽ പരിശോധിക്കുക. മധ്യപ്രദേശ് വനം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അംഗീകൃത യാത്രാ ഓപ്പറേറ്റർമാർ വഴിയോ നിങ്ങൾക്ക് ഓൺലൈനായി സഫാരി ബുക്ക് ചെയ്യാം. ടിക്ടോളി, അഹേര, പിപൽബാവ്ഡി എന്നിവയാണ് സഫാരി ആരംഭിക്കുന്ന പ്രധാന കവാടങ്ങൾ.

സന്ദർശിക്കാൻ ഏറ്റവും നല്ല സമയം

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് കുനോ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഈ സമയത്ത് കാലാവസ്ഥ തണുപ്പുള്ളതും ദൃശ്യപരത വ്യക്തവുമായിരിക്കും. ചീറ്റകളെ കാണാനുള്ള സാധ്യതയും ഈ മാസങ്ങളിൽ കൂടുതലാണ്. കടുത്ത വേനൽക്കാലം ഒഴിവാക്കാൻ ശ്രമിക്കുക.

താമസ സൗകര്യങ്ങൾ

പാർക്കിനടുത്തുള്ള ഇക്കോ-ലോഡ്ജുകൾ, ഫോറസ്റ്റ് ഗസ്റ്റ് ഹൗസുകൾ, അല്ലെങ്കിൽ ഗ്വാളിയോറിലും കോട്ടയിലുമുള്ള റിസോർട്ടുകൾ എന്നിവിടങ്ങളിൽ താമസ സൗകര്യങ്ങൾ ലഭ്യമാണ്. പല റിസോർട്ടുകളും സഫാരി പാക്കേജുകളും നൽകുന്നുണ്ട്.

മാർഗ്ഗനിർദ്ദേശങ്ങൾ

ടൂറിസത്തിനപ്പുറം ഇന്ത്യയുടെ വന്യജീവി സംരക്ഷണ പദ്ധതിയുടെ ഒരു പ്രധാന ഭാഗമാണ് ചീറ്റ സഫാരി. അതിനാൽ തന്നെ സന്ദർശകർ കർശനമായി ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. പാർക്കിനുള്ളിൽ ഉച്ചത്തിലുള്ള ശബ്ദങ്ങളുണ്ടാക്കാനോ മാലിന്യം വലിച്ചെറിയാനോ പാടില്ല. നിർദ്ദേശിച്ചിട്ടുള്ള വേഗപരിധികളും റൂട്ടുകളും കൃത്യമായി പാലിക്കുക. എപ്പോഴും ഗൈഡിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുക. 

യാത്രാ നുറുങ്ങുകൾ

  • ചീറ്റ സഫാരികൾ മുൻകൂട്ടി ബുക്ക് ചെയ്യുക.
  • പ്രവേശന കവാടങ്ങളിൽ പരിശോധനയ്ക്കായി തിരിച്ചറിയൽ രേഖകൾ കരുതുക.
  • കാഴ്ചകൾ വ്യക്തമായി കാണാൻ ബൈനോക്കുലറുകൾ, ടെലിഫോട്ടോ ക്യാമറ എന്നിവ കയ്യിൽ കരുതുക.
  • ചുറ്റുപാടുമായി ലയിച്ചുചേരുന്ന ന്യൂട്രൽ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
  • കൂടുതൽ വെള്ളം കുടിച്ച് ജലാംശം നിലനിർത്തുക. ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകൾ പാർക്കിലേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കുക.

PREV
Read more Articles on
click me!

Recommended Stories

മലമുകളിലെ 'ഡോൾഫിൻ ഷോ'
തിരുവനന്തപുരത്തിന്റെ 'മിനി പൊന്മുടി'