വിദേശികളെ അമ്പരപ്പിച്ച ഇന്ത്യൻ ട്രെയിനിലെ ആ ക്യാബിൻ! വീഡിയോ കാണാം

Published : Oct 11, 2025, 04:00 PM IST
Foreign Couple

Synopsis

35 രാജ്യങ്ങൾ സന്ദർശിച്ച വിദേശ ദമ്പതികളായ ക്രിസും ഫ്ലോയും ഇന്ത്യൻ റെയിൽവേയുടെ ഫസ്റ്റ് ക്ലാസ് കോച്ചിൽ യാത്ര ചെയ്തു. ഇരുവരുടെയും യാത്രാനുഭവം പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ദീർഘദൂരമോ ഹ്രസ്വദൂരമോ ആകട്ടെ ഇന്ത്യക്കാർക്ക് എന്നും പ്രിയം ട്രെയിൻ യാത്രകളോടാണ്. ചെലവ് കുറഞ്ഞതും ഏറ്റവും വിശ്വസനീയവുമായ യാത്രാ മാർഗ്ഗങ്ങളിലൊന്നാണ് ട്രെയിനുകൾ. അടുത്തിടെ, 35-ൽ അധികം രാജ്യങ്ങൾ സന്ദർശിച്ച ശേഷം ഇന്ത്യയിലെത്തിയ ക്രിസ്, ഫ്ലോ എന്നീ വിദേശികളായ ദമ്പതികൾ ഇന്ത്യൻ റെയിൽവേയുടെ ഫസ്റ്റ് ക്ലാസ് ട്രെയിനിൽ യാത്ര ചെയ്തിരുന്നു. അക്ഷരാർത്ഥത്തിൽ ഇരുവരെയും ഞെട്ടിക്കുന്നതായിരുന്നു ഫസ്റ്റ് ക്ലാസ് സ്ലീപ്പർ ക്യാബിനിലെ സൗകര്യങ്ങൾ. ഇതിന്റെ വീഡിയോ ഇരുവരും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

ജയ്പൂർ-ആഗ്ര റൂട്ടിലാണ് എയർ കണ്ടീഷൻ ചെയ്ത ഫസ്റ്റ് ക്ലാസ് സ്ലീപ്പറിൽ ഇവർ യാത്ര ചെയ്തത്. നാല് മണിക്കൂർ ദൈർഘ്യമുള്ള യാത്രയായിരുന്നു ഇത്. ‘രണ്ട് കിടക്കകൾ, മനോഹരമായ ഒരു കണ്ണാടി, ബാഗുകൾ വെക്കാൻ ധാരാളം സ്ഥലം എന്നിവയുള്ള വിശാലമായ ഒരു ക്യാബിനാണിത്. നിങ്ങൾക്ക് കർട്ടനോട് കൂടിയ ഒരു വിൻഡോ ലഭിക്കും. ഇത് കോട്ട് തൂക്കിയിടാനുള്ള റാക്കാണ്’. ക്യാബിന്റെ ഇന്റീരിയർ കാണിച്ചുകൊണ്ട് ദമ്പതികൾ പറഞ്ഞു.

വൃത്തിയുള്ള കിടക്കകൾ, വലിയ ഗ്ലാസ് വിൻഡോ, നിവർന്നിരിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യപ്രദമായ ഇടം എന്നിവ ക്യാബിനിൽ കാണാം. ക്രിസും ഫ്ലോയും യാത്രയിലുടനീളം ബോളിവുഡ് സിനിമകൾ കണ്ടും വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയും സമയം പരമാവധി പ്രയോജനപ്പെടുത്തി. ഒരു റെയിൽവേ സ്റ്റേഷനിൽ കണ്ട ഒരു കൂട്ടം കുരങ്ങന്മാരുടെ കാഴ്ചകളും ഇരുവരും ആസ്വദിച്ചു. എന്നാൽ, ക്രിസിനെയും ഫ്ലോയെയും വീഡിയോ കണ്ടവരെയും ഒരുപോലെ ആശ്ചര്യപ്പെടുത്തിയത് ടിക്കറ്റ് നിരക്കായിരുന്നു. 28 ഡോളർ (ഏകദേശം 2,300 രൂപ) മാത്രമാണ് ചെലവായതെന്ന് ദമ്പതികൾ വെളിപ്പെടുത്തി.

അതേസമയം, വിദേശികളെ സംബന്ധിച്ചിടത്തോളം ഈ ട്രെയിനുകൾ ബുക്ക് ചെയ്യുന്നത് എളുപ്പമല്ലെന്ന് ക്രിസും ഫ്ലോയും പറഞ്ഞു. നോർവേ ക്രൂയിസിൽ വെച്ച് കണ്ടുമുട്ടിയ സിഡിന് വലിയ നന്ദി പറയുന്നതായും അദ്ദേഹം കാരണമാണ് ടിക്കറ്റുകൾ ലഭിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. അതിവേ​ഗമാണ് വിദേശ ദമ്പതികളുടെ ട്രെയിൻ യാത്ര സമൂഹമാധ്യമങ്ങളിൽ വൈറലായത്. ട്രെയിനിലെ സൗകര്യങ്ങളും ടിക്കറ്റ് നിരക്കും കണ്ട് കാഴ്ചക്കാർ അത്ഭുതപ്പെട്ടെന്നാണ് കമന്റുകൾ വ്യക്തമാക്കുന്നത്.

ഇത് ഗംഭീരമായിരിക്കുന്നുവെന്നും ഒരു ദിവസം ഫസ്റ്റ് ക്ലാസ് യാത്ര ചെയ്യാൻ കാത്തിരിക്കുകയാണെന്നും ഒരു ഉപയോക്താവ് കുറിച്ചു. ഇത് വളരെയേറെ വിശാലമാണല്ലോ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതേസമയം, ഇന്ത്യയിൽ ദീർഘദൂര ട്രെയിൻ യാത്ര നടത്തിയിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ എങ്ങനെയായിരുന്നു അതിന്റെ അനുഭവമെന്നും ഒരാൾ ചോദിച്ചു. ഏതായാലും ഇന്ത്യയിലെത്തിയ ഇരുവരും താജ്മഹലും ജയ്പൂരും മുംബൈയും ഇന്ത്യൻ വിഭവങ്ങളുടെ രുചികളും പ്രാദേശിക ​ഗതാ​ഗതവുമെല്ലാം മതിയാവുവോളം ആസ്വദിച്ചിട്ടുണ്ടെന്ന് മറ്റ് വീ‍ഡിയോകളിൽ നിന്ന് വ്യക്തമാണ്.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല