
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മദ്യനിയമങ്ങൾ വ്യത്യസ്തമാണ്. ചില സംസ്ഥാനങ്ങൾ സമ്പൂർണ്ണ മദ്യ നിരോധനം നടപ്പിലാക്കുന്നു. മദ്യം എവിടെയാണ് ലഭ്യമെന്നും എവിടെയാണ് ലഭ്യമല്ലാത്തതെന്നും നിങ്ങൾക്കറിയാമെങ്കിൽ യാത്ര ആസൂത്രണം ചെയ്യാൻ കൂടുതൽ എളുപ്പമാകും. ആശയക്കുഴപ്പമോ അവസാന നിമിഷത്തെ ആശ്ചര്യങ്ങളോ ഇല്ലാതെ നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയുന്ന തരത്തിൽ മദ്യനിരോധനങ്ങളോ നിയന്ത്രിത അനുമതികളോ പാലിക്കുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളെയും പ്രദേശങ്ങളെയും കുറിച്ച് അറിയാം.
ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സമ്പൂർണ്ണ നിരോധനം നിലവിലുണ്ട്. ഈ പ്രദേശങ്ങളിൽ, മദ്യത്തിന്റെ വിൽപ്പന, ഉപഭോഗം, കൈവശം വയ്ക്കൽ എന്നിവ പ്രാദേശിക നിയമപ്രകാരം നിയമവിരുദ്ധമാണ്.
1. ബീഹാർ
കർശനമായ മദ്യനിരോധന നയം നടപ്പിലാക്കുന്ന സംസ്ഥാനമാണ് ബിഹാർ. ഇവിടെ മദ്യം പൂർണമായി നിരോധിച്ചിരിക്കുന്നു. നിയമലംഘനങ്ങൾക്ക് സംസ്ഥാന നിയമനിർമ്മാണത്തിൽ പറയുന്നത് അനുസരിച്ചുള്ള പിഴകൾ ലഭിക്കും.
2. ഗുജറാത്ത്
രൂപീകൃതമായതു മുതൽ മദ്യനിരോധനം പിന്തുടരുന്ന സംസ്ഥാനമാണ് ഗുജറാത്ത്. സംസ്ഥാന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്ന പരിമിതമായ പെർമിറ്റ് സംവിധാനങ്ങൾ വഴിയല്ലാതെ സംസ്ഥാനത്തെ താമസക്കാർക്കോ വിനോദസഞ്ചാരികൾക്കോ ഗുജറാത്തിൽ മദ്യം നിയമപരമായി ലഭ്യമല്ല.
3. നാഗാലാൻഡ്
സംസ്ഥാന നിയമപ്രകാരം നാഗാലാൻഡിൽ മദ്യത്തിന് നിരോധമുണ്ട്. മദ്യത്തിന്റെ വിൽപ്പന, കൈവശം വെയ്ക്കൽ, ഉപഭോഗം എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിങ്ങൾ നാഗാലാൻഡ് സന്ദർശിക്കുകയാണെങ്കിൽ മദ്യം ലഭിക്കാൻ ഏറെ ദൂരത്തുള്ള അസമിലേക്ക് പോകേണ്ടി വരും. ഇതാണ് ഏറ്റവും അടുത്തതും പ്രായോഗികവുമായ ഓപ്ഷൻ. എന്നാൽ, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങൾ അസമിൽ നിന്ന് വാങ്ങുന്ന മദ്യം നാഗാലാൻഡിലേക്ക് തിരികെ കൊണ്ടുപോകാൻ കഴിയില്ല.
4. മിസോറം
മദ്യത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തുന്നതിന് പകരം നിയന്ത്രിത സമീപനമാണ് മിസോറം പിന്തുടരുന്നത്. മദ്യത്തിന്റെ പൂർണമായ വിൽപ്പനയ്ക്ക് നിയന്ത്രിണമുണ്ട്. എന്നാൽ, ലൈസൻസുള്ള ചാനലുകൾ സംസ്ഥാനത്തുണ്ട്. ഹോർട്ടികൾച്ചറിനും ചെറുകിട ഉൽപാദകർക്കും പിന്തുണ നൽകുന്ന പ്രാദേശികമായി നിർമ്മിച്ച ഫ്രൂട്ട് വൈനുകളുടെ നിയന്ത്രിത ഉൽപാദനവും വിൽപനയും സംസ്ഥാനത്ത് അനുവദനീയമാണ്. മദ്യം വ്യാപകമായി ലഭ്യമല്ലെങ്കിലും നഗരങ്ങളിലെ ചില അംഗീകൃത ഔട്ട്ലെറ്റുകളിൽ പരിമിതമായി ലഭിക്കും.
5. ലക്ഷദ്വീപ്
ദ്വീപിലെ നിയന്ത്രണങ്ങളും പ്രാദേശിക മാർഗ്ഗനിർദ്ദേശങ്ങളും അടിസ്ഥാനമാക്കി ലക്ഷദ്വീപിൽ വലിയതോതിൽ മദ്യത്തിന് നിയന്ത്രണമുണ്ട്. ടൂറിസം മേഖലയായി നിയുക്തമാക്കിയിരിക്കുന്ന ബംഗാരം ദ്വീപിൽ മദ്യം അനുവദനീയമാണ്. കൂടാതെ, തിരഞ്ഞെടുത്ത അംഗീകൃത റിസോർട്ടുകളിലോ ലൈസൻസുള്ള കപ്പലുകളിലോ മദ്യം ലഭ്യമായേക്കാം. മിക്ക ജനവാസമുള്ള ദ്വീപുകളിലും മദ്യനിരോധനമുണ്ട്. നിയമപരമായി മറ്റെവിടെ നിന്നെങ്കിലും വാങ്ങിയതാണെങ്കിൽ പോലും ഈ പ്രദേശങ്ങളിലേക്ക് മദ്യം കൊണ്ടുപോകുന്നത് പ്രാദേശിക നിയന്ത്രണങ്ങൾ പ്രകാരം കുറ്റകരമാണ്.