
സമീപകാലത്ത് ഇന്ത്യയിലേയ്ക്ക് എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടാകുന്നത്. ഇന്ത്യൻ സംസ്കാരവും ഭൂപ്രകൃതിയും ഭക്ഷണങ്ങളുമെല്ലാം ആസ്വദിക്കുന്ന വിദേശികളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. ഇന്ത്യയിലെ ഓരോ സംസ്ഥാനവും സഞ്ചാരികൾക്ക് മുന്നിൽ ഒരു പുതിയ ലോകം തന്നെയാണ് തുറന്നിടുന്നത്. വടക്ക് ഹിമാലയം പര്യവേക്ഷണം ചെയ്യുന്നത് മുതൽ തെക്ക് കേരളത്തിലെ ശാന്തമായ കായലുകൾ വരെ നീണ്ടുനിൽക്കുന്ന അത്ഭുതകമായ പ്രകൃതിഭംഗി സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.
ഇപ്പോൾ ഇതാ ഇന്ത്യയെ വാനോളം പുകഴ്ത്തുന്ന ജർമ്മൻ ട്രാവൽ വ്ലോഗറുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. 'മാർക്ക് ട്രാവൽസ്' എന്ന പേരിൽ അറിയപ്പെടുന്ന ജർമ്മൻ ട്രാവൽ വ്ലോഗർ ഇന്ത്യയിലുടനീളം സഞ്ചരിക്കുമ്പോൾ ലോകത്ത് മറ്റൊരിടത്തും തനിക്ക് ഇതുപോലെ സ്വാതന്ത്ര്യം അനുഭവപ്പെട്ടിട്ടില്ലെന്നാണ് പറയുന്നത്. 'ഇന്ത്യ, ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്, എന്നാലും വീണ്ടും പറയാം. ഏത് രാജ്യത്തായാലും എനിക്ക് വളരെയധികം സ്വാതന്ത്ര്യം അനുഭവപ്പെടാറുണ്ട്. ഇതുവരെ ഞാൻ പോയിട്ടുള്ള രാജ്യങ്ങളിൽ വെച്ച് ഇന്ത്യയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്'. വീഡിയോയിൽ മാർക്ക് പറയുന്നു.
'എനിക്ക് ഇവിടെയാണ് ഏറ്റവും ഇഷ്ടം, ഞാൻ ഏറ്റവും കൂടുതൽ കാലം ഇവിടെയായിരുന്നു. ഇപ്പോൾ, എനിക്ക് അഞ്ച് വർഷത്തെ വിസയുണ്ട്, അതിനാൽ എനിക്ക് വീണ്ടും അവസരം ലഭിക്കുമ്പോഴെല്ലാം ഞാൻ തീർച്ചയായും ഇവിടെ വരും. വൗ! എന്തൊരു യാത്ര' മാർക്ക് പറയുന്നു. സാഹസിക, ദീർഘദൂര മോട്ടോർ സൈക്കിൾ യാത്രകളിലൂടെ പ്രശസ്തനായ ട്രാവൽ വ്ലോഗറാണ് മാർക്ക്. അദ്ദേഹം തന്റെ ബൈക്കിൽ ലോകത്തെ വിവിധയിടങ്ങളുടെ സംസ്കാരം നേരിട്ട് ആസ്വദിക്കാറുണ്ട്. ഏതായാലും, ഇന്ത്യയെ പ്രശംസിക്കുന്ന മാർക്കിൻറെ വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് ഇന്ത്യയെ കുറിച്ച് അഭിമാനത്തോടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്.