'കെ-ഫുഡ് ഫെയർ 2026', പ്രവേശനം സൗജന്യം; കൊറിയൻ ഭക്ഷണവും സംഗീതവും ഗുരുഗ്രാമിലേക്ക്

Published : Jul 26, 2026, 03:30 PM IST
K-Food Fair 2026

Synopsis

ഗുരുഗ്രാമിൽ ഓഗസ്റ്റ് ഒന്നിനും രണ്ടിനും 'കെ-ഫുഡ് ഫെയർ 2026' സംഘടിപ്പിക്കുന്നു. കൊറിയൻ വിഭവങ്ങൾ സൗജന്യമായി രുചിക്കാനും കെ-പോപ്പ് ഡാൻസ്, പരമ്പരാഗത കളികൾ തുടങ്ങിയ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനും മേള അവസരമൊരുക്കുന്നു. എല്ലാവർക്കും പ്രവേശനം സൗജന്യമാണ്.

കൊറിയൻ ഭക്ഷണവും സംഗീതവും സംസ്‍കാരവും അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമൊരുക്കി ഗുരുഗ്രാമിൽ 'കെ-ഫുഡ് ഫെയർ 2026' സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ഒന്നിനും രണ്ടിനും നടക്കുന്ന മേളയിൽ എല്ലാവർക്കും സൗജന്യ പ്രവേശനമാണ്. കൊറിയൻ വിഭവങ്ങളുടെ യഥാർഥ രുചിയും ആ രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യവും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കെ-ഫുഡ് ഫെയർ 2026 ഓഗസ്റ്റ് ഒന്നിനും രണ്ടിനും ഗുരുഗ്രാമിലെ ആംബിയൻസ് മാൾ ഗ്രൗണ്ട് ഫ്ലോറിലെ ആട്രിയം മൂന്നിൽ നടക്കും. രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയാണ് മേള.

റിപ്പബ്ലിക് ഓഫ് കൊറിയയുടെ കൃഷി, ഭക്ഷ്യ, ഗ്രാമകാര്യ മന്ത്രാലയവും കൊറിയ അഗ്രോ-ഫിഷറീസ് ആൻഡ് ഫുഡ് ട്രേഡ് കോർപ്പറേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ കൊറിയൻ ഭക്ഷണത്തിനും സംസ്‍കാരത്തിനും കൂടുതൽ പ്രചാരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മേള ഒരുക്കുന്നത്.

കൊറിയൻ വിഭവങ്ങളുടെ വൈവിധ്യം പരിചയപ്പെടുത്തുന്ന നിരവധി ഭക്ഷണ സ്റ്റാളുകളാണ് മേളയുടെ പ്രധാന ആകർഷണം. സന്ദർശകർക്ക് ഗിംബാപ്, ട്ടിയോക്ബോക്കി, കിംചി ഫ്രൈഡ് റൈസ് തുടങ്ങിയ ജനപ്രിയ കൊറിയൻ വിഭവങ്ങൾ സൗജന്യമായി രുചിച്ചുനോക്കാൻ അവസരമുണ്ടാകും. ഇതോടൊപ്പം തത്സമയ പാചകപ്രദർശനവും ഒരുക്കിയിട്ടുണ്ട്. കൊറിയൻ പാചകരീതികളും വിഭവങ്ങൾ തയ്യാറാക്കുന്ന രീതികളും സന്ദർശകർക്ക് നേരിട്ട് പരിചയപ്പെടാനാകും.

ദക്ഷിണ കൊറിയയിലെ പരമ്പരാഗത കളികൾ പരിചയപ്പെടുത്തുന്ന ഗെയിം സോണും വിവിധതരം കൊറിയൻ നൂഡിൽസ് അവതരിപ്പിക്കുന്ന പ്രത്യേക വിഭാഗവും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. വ്യക്തിയുടെ ചർമ്മനിറത്തിനും വ്യക്തിത്വത്തിനും ഏറ്റവും അനുയോജ്യമായ നിറങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന 'പേഴ്സണൽ കളർ ടെസ്റ്റ്' അനുഭവിക്കാനും സന്ദർശകർക്ക് അവസരമുണ്ടാകും.

കെ-പോപ്പ് ആരാധകർക്കായി കവർ ഡാൻസ് ചാമ്പ്യൻഷിപ്പും സംഘടിപ്പിക്കുന്നുണ്ട്. വിജയികൾക്കായി അമ്പതിനായിരം രൂപയുടെ സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. സംഗീതവും നൃത്തവും ഇഷ്ടപ്പെടുന്ന യുവാക്കൾക്ക് ഈ മത്സരം പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും.

പരിപാടിയിൽ കൊറിയ അഗ്രോ-ഫിഷറീസ് ആൻഡ് ഫുഡ് ട്രേഡ് കോർപ്പറേഷന്റെ ബാങ്കോക്ക് ഓഫീസിലെ മാനേജിങ് ഡയറക്ടർ ബ്യുൻ ക്യുങ് യോങ്, ന്യൂഡൽഹിയിലെ കൊറിയ ടൂറിസം ഓർഗനൈസേഷന്റെ ഡയറക്ടർ ചോ യൂൻമി, ഇന്ത്യയിലെ റിപ്പബ്ലിക് ഓഫ് കൊറിയ എംബസിയിലെ തേർഡ് സെക്രട്ടറി പാർക്ക് ജിഹ്യേ എന്നിവർ പങ്കെടുക്കും. കൊറിയൻ ഭക്ഷണവും സംഗീതവും സംസ്‍കാരവും ഒരേ വേദിയിൽ അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് രണ്ട് ദിവസത്തെ ഈ മേള വ്യത്യസ്‍തമായൊരു അനുഭവമാകും.

PREV
Read more Articles on
click me!

Recommended Stories

ഒറ്റയ്ക്ക് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഇതാ ഏറ്റവും സുരക്ഷിത രാജ്യങ്ങളും ഏറ്റവും അപകടസാധ്യതയുള്ള രാജ്യവും
ഓർമ്മയാകുമോ ടോൾ പ്ലാസകൾ? ഹൈവേയിൽ പുതിയ വിപ്ലവം