മുള കൊണ്ടൊരു വിസ്മയലോകം; ശ്രദ്ധേയമായി കൊച്ചിയിലെ ബാംബൂ ഫെസ്റ്റ്

Published : Dec 27, 2025, 06:36 PM IST
Bamboo Fest

Synopsis

കൊച്ചിയിൽ നടക്കുന്ന ബാംബൂ ഫെസ്റ്റ്, പരമ്പരാഗത കരകൗശല വസ്തുക്കൾ മുതൽ ആധുനിക ഇലക്ട്രിക് ഫിറ്റിംഗുകളും ഭക്ഷ്യ വിഭവങ്ങളും വരെയുള്ള മുളയുൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി പ്രദർശിപ്പിക്കുന്നു. 

കൊച്ചി: മുളയുൽപന്നങ്ങളുടെ വൈവിധ്യവും വൈജാത്യവും വീണ്ടും വിസ്മയിപ്പിക്കുകയാണ് എറണാകുളം ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം മൈതാനത്തിൽ ആരംഭിച്ച ബാംബൂ ഫെസ്റ്റിൽ. കളിവസ്തുക്കൾ മുതൽ തുടരുന്നു പട്ടിക. ഇലക്ട്രിക് ഉപകരണ ഫിറ്റിംഗുകൾ മുതൽ മുളയരി വിഭവങ്ങൾ വരെ ഫെസ്റ്റിലുണ്ട്. കുട്ട, വട്ടി, പായ് തുടങ്ങി പരമ്പരാഗത രീതിയിൽ നിന്ന് തുടങ്ങി അത്യാധുനിക സംവിധാനങ്ങൾ വരെ എത്തിയിരിക്കുന്നു ഫെസ്റ്റിലെ സാമഗ്രികൾ. മനോഹര പൂക്കളുടെ വസന്തം തന്നെ ബാംബൂ ഫെസ്റ്റിൽ കാണാം. മുളയുടെ ചീന്തുകളിൽ നിറം ചാർത്തി സുന്ദരമാക്കിയ പൂക്കൾ. ഇതിന് ആവശ്യക്കാരേറെ. അതുപോലെ പതിവു പോലെ കളിപ്പാട്ടങ്ങളും കൗതുക വസ്തുക്കളും ഗൃഹോപകരണങ്ങളും ഭക്ഷ്യ വിഭവങ്ങളും.

വ്യവസായ വാണിജ്യ വകുപ്പിനുവേണ്ടി കേരള സംസ്ഥാന ബാംബൂ മിഷൻ സംഘടിപ്പിക്കുന്ന കേരള ബാംബൂ ഫെസ്റ്റിൽ തെലങ്കാന, ആസാം, നാഗാലാൻഡ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളും ഏറെ ആകർഷകമാണ്. ഫിനിഷിംഗിലും നിറസമന്വയ വ്യത്യാസത്തിലും ഉള്ള പ്രത്യേകതകൾ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റും. ഫെസ്റ്റിലെ അന്താരാഷ്ട്ര സാന്നിധ്യമായ ഭൂട്ടാന്റെ സ്റ്റാളും ഏറെ ആകർഷകം. തൊപ്പി, ബാഗ്, പഴ്‌സ് തുടങ്ങിയവയുടെ വ്യത്യസ്തമാർന്ന ശൈലികൾ ഇവിടെ പിടിച്ചെടുക്കും.

ഇലക്ട്രിക് ഫിറ്റിംഗ് ഉപകരണങ്ങളുടെ ദൃശ്യങ്ങൾ മനോഹരം. പറഞ്ഞറിയിക്കാനാകാത്ത മനോഹാരിത കണ്ടറിഞ്ഞാലേ മനസിലാകൂ. മുളയരിയും ഉൽപന്നങ്ങളും വിഭവങ്ങളും ആഭിജാത്യം. മുളയരി ഉണ്ണിയപ്പം, മുളയരി അവുലോസുണ്ട, മുളയരി കുഴലപ്പം, മുളയരി ബിസ്‌കറ്റ് എന്നിങ്ങനെ വിഭവങ്ങൾ മേളയിലുണ്ട്. മുളയരി പായസം കഴിക്കാൻ നിന്നു തിരിയാനാകാത്ത തിരക്കിൽ നിൽക്കണം.

സംഗീതോപകരണങ്ങൾക്കു മാത്രമായി സ്റ്റാളുമുണ്ട്. ഇവിടെ തീർത്ത പുല്ലാങ്കുഴലിൽ സദാ വ്യത്യസ്ത ഗീതികൾ. ബാഗുകൾ, മുളത്തൈകൾ, പേനകൾ, മതിലിൽ പതിപ്പിക്കുന്ന കൗതുകവസ്തുക്കൾ, വൈവിധ്യമാർന്ന ആഭരണങ്ങൾ, ഗൃഹോപകരണങ്ങൾ.... എന്നിങ്ങനെ പറഞ്ഞു തീരാത്തത്ര ഉൽപന്നങ്ങളാണ് ഫെസ്റ്റിൽ. കൂടാതെ ഉൽപന്നങ്ങളുടെ ചരിത്രവും പ്രയാണവും വിവരിക്കുന്ന ലൈവ് ക്ലാസുകളുമുണ്ട്. ഡിസംബർ 31 വരെ രാവിലെ 10.30 മുതൽ രാത്രി 8.30 വരെയും ജനുവരി ഒന്നിനു ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 8.30 വരെയുമാണ് സമയക്രമം. പ്രവേശനം സൗജന്യം.

PREV
Read more Articles on
click me!

Recommended Stories

അനന്തപുരി കണ്ട ഏറ്റവും വലിയ ദീപക്കാഴ്ച; വസന്തോത്സവം മിസ്സ് ചെയ്യരുത്!
ആകാശത്തോളം ഉയരത്തിൽ ഒരു വിസ്മയം! സ്റ്റാച്യൂ ഓഫ് യൂണിറ്റി ട്രാവൽ ഗൈഡ്