വയനാട്ടിലെ ആറാട്ടുപാറ: മറഞ്ഞിരിക്കുന്ന ട്രെക്കിംഗ് വിസ്മയം

Published : Oct 30, 2025, 06:09 PM IST
Arattuppara Wayanad

Synopsis

മകുടപ്പാറ, പക്ഷിപ്പാറ തുടങ്ങിയ ആകർഷണങ്ങളും, 20 മിനിറ്റ് ട്രക്കിംഗിലൂടെ എത്തിച്ചേരാവുന്ന മലമുകളിൽ നിന്നുള്ള സൂര്യോദയ, അസ്തമയ കാഴ്ചകളും ആറാട്ടുപാറ അവിസ്മരണീയമാക്കുന്നു. 

വയനാട്ടിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് ആറാട്ടുപാറ. കാടിന്റെയും കോടമഞ്ഞിന്റെയും അലിഞ്ഞുകലർന്ന സൗന്ദര്യം ഇവിടെയെത്തിയാൽ കാണാനാകും. സാഹസിക സഞ്ചാരികൾക്ക് ഒരവിസ്മരണീയ അനുഭവം നൽകുന്നിടമാണ് ഇവിടം. താമരശ്ശേരി ചുരം കയറി മലനിരകളിലൂടെ സഞ്ചരിക്കുന്നവർക്ക് പുതിയൊരു അനുഭവമായി കാത്തിരിക്കുകയാണ് ആറാട്ടുപാറ.

പ്രകൃതിയുടെ വിസ്മയരൂപങ്ങളാൽ സമ്പന്നമായ ഈ സ്ഥലം സാഹസികതയും സൌന്ദര്യവും ഒരുമിച്ചുളള മനോഹര സഞ്ചാര കേന്ദ്രമാണ്. ആറാട്ടുപാറയുടെ അഗ്രഭാഗത്ത് കിരീടംപോലെ ഉയർന്നുനിൽക്കുന്ന മകുടപ്പാറയും, പക്ഷിയുടെ രൂപത്തിൽ കൗതുകം ഉണർത്തുന്ന പക്ഷിപ്പാറയും പ്രധാന ആകർഷണങ്ങളാണ്. വയനാട്ടിലെ ചീങ്ങേരമലയും കൊളഗപ്പാറ മലയും തമ്മിലാണ് ആറാട്ടുപാറ സ്ഥിതി ചെയ്യുന്നത്.

മകുടപ്പാറയിലേക്കുയരുമ്പോൾ ഏതുനിമിഷവും താഴേക്ക് ഉരുണ്ടുവീഴുന്ന അനുഭൂതി നൽകും. അതിന്റെ താഴെയായി പറന്നുയരാനൊരുങ്ങുന്ന ഭാവത്തിലുള്ള പക്ഷിപ്പാറയുമുണ്ട്. ഇവിടത്തെ ഗുഹകൾ കൂടി കാഴ്ചയുടെ അത്ഭുതം ഇരട്ടിയാക്കും. സ്ത്രീകൾക്കും കുട്ടികൾക്കും എളുപ്പത്തിൽ കയറാനാകുന്ന ചരിഞ്ഞ പാറക്കെട്ടുകൾ കടന്ന് 20 മിനിറ്റ് ട്രക്കിംഗിലൂടെ മലമുകളിലെത്താം.

മുകളിലെത്തുമ്പോൾ കാഴ്ചയുടെ വിസ്മയം വാക്കുകൾക്കതീതമാണ്. സൂര്യോദയവും അസ്തമയവും കാണാൻ അനവധി പേർ ഇവിടെ എത്താറുണ്ട്. മുകളിലെത്തി നിൽക്കുന്നവർക്ക് കാരാപ്പുഴ അണക്കെട്ടും അമ്പുകുത്തി മലയും കൊളഗപ്പാറയും ഫാന്റം റോക്ക് മലയും ഒറ്റനോട്ടത്തിൽ കാണാം. പ്രകൃതിയുമായി ഒന്നാകാനും, സാഹസികതയുടെ സ്പർശം അനുഭവിക്കാനും ആഗ്രഹിക്കുന്നവർക്ക് ആറാട്ടുപാറ ഒരിക്കലും മറക്കാനാവാത്തൊരു യാത്രയാണ്.

കൽപ്പറ്റ–ബത്തേരി റൂട്ടിൽ 12 കിലോമീറ്റർ സഞ്ചരിച്ച് മീനങ്ങാടി 54-ൽ എത്താം. അവിടെ നിന്ന് അമ്പലവയൽ റോഡ് വഴി നാലു കിലോമീറ്റർ യാത്ര ചെയ്താൽ കുമ്പളേരിയിലെ ആറാട്ടുപാറയിലെത്തും. ബസ്സിൽ വരുന്നവർ എകെജി സ്റ്റോപ്പിൽ ഇറങ്ങാം — അവിടെ നിന്ന് വെറും 500 മീറ്റർ നടന്ന് പാറയുടെ താഴെയെത്താം. സ്വകാര്യവാഹനങ്ങളിലാണെങ്കിൽ പാറയുടെ സമീപംവരെ യാത്ര തുടരാനാകും.

 

PREV
Read more Articles on
click me!

Recommended Stories

പാപങ്ങൾ കഴുകി കളയുന്ന പാപനാശം! ആത്മീയതയും സാഹസികതയുമെല്ലാം ഒറ്റയിടത്ത്, കേരളത്തിന്റെ സ്വന്തം വര്‍ക്കല
ഇന്ത്യയിലെ അതിശയകരമായ 6 വെള്ളച്ചാട്ടങ്ങൾ