2026-ൽ സന്ദർശിക്കേണ്ട പത്ത് സ്ഥലങ്ങൾ; ​ഗ്ലോബൽ സ്റ്റാറായി കൊച്ചി, പട്ടികയിലെ ഏക ഇന്ത്യൻ സാന്നിധ്യം

Published : Nov 12, 2025, 01:04 PM ISTUpdated : Nov 12, 2025, 01:11 PM IST
Kochi

Synopsis

പ്രമുഖ ഓൺലൈൻ ട്രാവൽ ഏജൻസിയായ ബുക്കിങ്.കോം തയ്യാറാക്കിയ 2026-ലെ 10 ട്രെൻഡിംഗ് യാത്രാകേന്ദ്രങ്ങളുടെ പട്ടികയിലാണ് കൊച്ചി ഇടംപിടിച്ചിരിക്കുന്നത്. പട്ടികയിലെ ഏക ഇന്ത്യൻ നഗരമാണ് കൊച്ചി.

കൊച്ചി: 2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് കൊച്ചി. പ്രമുഖ ഓൺലൈൻ ട്രാവൽ ഏജൻസിയായ ബുക്കിങ്.കോം തയ്യാറാക്കിയ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളുടെ പട്ടികയിലാണ് കൊച്ചിയും ഇടം നേടിയത്. ലോകോത്തര ഡെസ്റ്റിനേഷനുകൾ ഉൾപ്പെട്ട പട്ടികയിൽ ഇടംനേടിയ ഇന്ത്യയിൽ നിന്നുള്ള ഏക ഡെസ്റ്റിനേഷനും കൊച്ചിയാണ്. കേരള ടൂറിസത്തിനു ലഭിച്ച ആഗോള അംഗീകാരമാണ് ഇതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പറഞ്ഞു. ലോക ടൂറിസം ഭൂപടത്തിൽ കേരള ടൂറിസത്തെ അടയാളപ്പെടുത്തുന്ന നേട്ടമാണിതെന്നും ടൂറിസം വളർച്ചയ്ക്ക് ഈ നേട്ടം ഏറെ ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദക്ഷിണേന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും സമാനതകളില്ലാത്ത പ്രകൃതി സൗന്ദര്യവുമാണ് ആഗോള പട്ടികയിൽ ഇടം നേടാൻ കൊച്ചിയെ സഹായിച്ചത്. നൂറ്റാണ്ടുകളായുള്ള ആഗോള വ്യാപാരത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും പ്രതിഫലനമാണ് കൊച്ചിയെന്നും ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലെ വാസ്തുശില്‍പ ചാരുതയും ആധുനിക ആര്‍ട്ട് കഫെകളും ഒത്തു ചേരുന്ന നഗരമാണിതെന്നും ബുക്കിങ്. കോം വിലയിരുത്തി. 

ചൈനീസ് വലകള്‍, പൈതൃകം നിറഞ്ഞ കച്ചവടകേന്ദ്രങ്ങള്‍ എന്നിവ അന്താരാഷ്ട്ര സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവങ്ങൾ സമ്മാനിക്കുന്നവയാണ്. ചരിത്രപരമായ കെട്ടിടങ്ങൾ അത്യാധുനിക കലാകേന്ദ്രങ്ങളായി മാറുന്ന കൊച്ചി-മുസിരിസ് ബിനാലെ പോലുള്ള ലോകോത്തര പരിപാടികൾ കൊച്ചിയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. ഇവിടുത്തെ പാചകപാരമ്പര്യവും സാംസ്ക്കാരിക വൈവിദ്ധ്യത്തിന്റെ ഉദാഹരണമാണെന്ന് ബുക്കിം​ഗ്.കോം ചൂണ്ടിക്കാട്ടി.

ആലപ്പുഴയിലെ ശാന്തമായ കായൽ യാത്രകൾ, മൂന്നാറിലെ കോടമഞ്ഞുമൂടിയ മലനിരകളിലൂടെയും തേയിലത്തോട്ടങ്ങളിലൂടെയുമുള്ള ട്രെക്കിംഗ്, മാരാരി ബീച്ചിലെ സ്വർണമണലിലെ വിശ്രമം എന്നിവയെല്ലാം സഞ്ചാരികളെ അത്യധികം ആകർഷിക്കുന്നു. ലോകമെമ്പാടു നിന്നും മികച്ച യാത്രാ സൗകര്യമുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഇവിടേക്കുള്ള പ്രധാന കവാടമാണെന്നും ബുക്കിങ്.കോം എടുത്തുപറയുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല