സഞ്ചാരികള്‍ക്ക് പ്രിയം ആനവണ്ടി; 6 മാസത്തിനുള്ളിൽ കൊല്ലം ജില്ലയിൽ കൊയ്തത് 1,50,82,924 രൂപയുടെ വരുമാനം

Published : Jul 15, 2025, 12:31 PM IST
KSRTC budget tourism cell

Synopsis

ആറ് മാസത്തിനുള്ളിൽ കൊല്ലം ജില്ലയിൽ ബഡ്ജറ്റ് ടൂറിസം സെൽ 1,50,82,924 രൂപയുടെ വരുമാനം നേടി.

കൊല്ലം: കുറഞ്ഞ ചിലവില്‍ വിനോദസഞ്ചാരമെന്ന സാധാരണക്കാരന്റെ സ്വപ്നം കെ.എസ്.ആര്‍.ടി.സിയിലൂടെ പൂവണിയുന്നു. ആറ് മാസത്തിനുള്ളില്‍ ജില്ലയില്‍ ബഡ്ജറ്റ് ടൂറിസം സെല്‍ കൊയ്തത് 1,50,82,924 രൂപയുടെ വരുമാന നേട്ടം. ഒമ്പത് ഡിപ്പോകളില്‍ നിന്നുമായി പ്രതിമാസ ശരാശരി വരുമാനം 35-40 ലക്ഷം രൂപയും. കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, ചടയമംഗലം, പത്തനാപുരം ഡിപ്പോകളാണ് യാത്രകളില്‍ മുന്നിലുള്ളത്. 2022 ജനുവരി 10ന് റോസ്മലയിലേക്കായിരുന്നു ആദ്യ യാത്ര. ഗവി, മൂന്നാര്‍, പാലക്കാട് എന്നിവയ്ക്കാണ് തിരക്കേറെയുള്ളത്. നെഫര്‍റ്റിട്ടി കപ്പല്‍യാത്ര, ഓക്‌സി വാലി-സൈലന്റ് വാലി, പൊലിയംതുരുത്ത്, വയനാട്, മൂകാംബിക എന്നിവയാണ് കൂടുതല്‍ വരുമാനമെത്തിക്കുന്നത്.

കൊല്ലം, കുളത്തൂപ്പുഴ ഡിപ്പോയില്‍ നിന്നുമുള്ള വിനോദയാത്രകള്‍ക്ക് പുറമേ തീര്‍ഥാടന യാത്രകളുമുണ്ട്. മൂകാംബിക, കൊട്ടിയൂര്‍, മലപ്പുറത്തെ മഹാക്ഷേത്രങ്ങള്‍, തൃശൂര്‍ നാലമ്പലങ്ങള്‍, ഗുരുവായൂര്‍, തിരുഐരാണിക്കുളം, മധ്യകേരളത്തിലെ ശിവക്ഷേത്രങ്ങള്‍, സരസ്വതി ക്ഷേത്രങ്ങള്‍, കോട്ടയംനാലമ്പലം, പത്തനംതിട്ടയിലെക്ഷേത്രങ്ങള്‍, കുളത്തുപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍, പന്തളം ഉള്‍പ്പെടുന്ന അയ്യപ്പ ക്ഷേത്രങ്ങള്‍, അഴിമല-ചെങ്കല്‍, പൗര്‍ണമികാവ്, മണ്ടയ്ക്കാട്, കന്യാകുമാരി, കൃപാസനം, അല്‍ഫോന്‍സാമ്മ തീര്‍ത്ഥാടനം എന്നിങ്ങനെ സീസണ്‍ യാത്രകളും പതിവായുണ്ട്. അന്തര്‍ സംസ്ഥാന യാത്രകളായ മൂകാംബിക, കന്യാകുമാരി എന്നിവയാണ് സ്ഥിരം ചാര്‍ട്ടില്‍. ശബരിമല സീസണില്‍ തഞ്ചാവൂര്‍, മധുര, വേളാങ്കണ്ണി സര്‍വീസുകളുമുണ്ടാകും.

നെഫര്‍റ്റിട്ടി കപ്പല്‍ യാത്ര, കുമരകം ബോട്ട് യാത്ര എന്നീ ട്രിപ്പുകള്‍ എ.സി ബസുകളിലാണ്. ദീര്‍ഘദൂര ട്രിപ്പുകള്‍ എല്ലാം ഡീലക്‌സ് സെമി സ്ലീപ്പറുകളിലും. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് എ സി ബസില്‍ യാത്ര ക്രമീകരിക്കാറുമുണ്ട്. ഗവി, റോസ്മല, പൊന്മുടി, മൂന്നാര്‍, മലക്കപ്പാറ യാത്രകള്‍ വനം-ടൂറിസം വകുപ്പുകളുമായി സഹകരിച്ചാണ് നടത്തുന്നത് എന്ന് ബഡ്ജറ്റ് ടൂറിസം സെല്‍ ജില്ലാ കോ ഓഡിനേറ്റര്‍ ടി. കെ. മോനായി അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

പാപങ്ങൾ കഴുകി കളയുന്ന പാപനാശം! ആത്മീയതയും സാഹസികതയുമെല്ലാം ഒറ്റയിടത്ത്, കേരളത്തിന്റെ സ്വന്തം വര്‍ക്കല
ഇന്ത്യയിലെ അതിശയകരമായ 6 വെള്ളച്ചാട്ടങ്ങൾ