മലബാർ റിവർ ഫെസ്റ്റിവൽ; കയാക്കിംഗ് ആവേശത്തിന് ചാലിപ്പുഴയിൽ തുടക്കം

Published : Jul 25, 2025, 04:33 PM ISTUpdated : Jul 25, 2025, 04:41 PM IST
Malabar River Festival

Synopsis

ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് കോടഞ്ചേരിയിലെ ചാലിപ്പുഴയിൽ ആരംഭിച്ചു. 

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിം​ഗ് ചാമ്പ്യൻഷിപ്പിന് കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയിൽ തുടക്കം. കേരള ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ എന്നിവ ഇന്ത്യൻ കയാക്കിം​ഗ് ആൻഡ് കനോയിം​ഗ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിം​ഗ് മത്സരമായ മലബാർ റിവർ ഫെസ്‌റ്റിവൽ 11-ാമത് എഡിഷൻ ഒരുക്കുന്നത്.

ഇരിവഴിഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി ഞായറാഴ്ച വരെയാണ് ചാമ്പ്യൻഷിപ്പ്. മത്സരത്തിന്റെ ഔപചാരിക ഉദ്ഘാടനം ലിന്റോ ജോസഫ് എംഎൽഎ നിർവഹിച്ചു. ഒളിമ്പിക്സ് മത്സരയിനങ്ങളായ പുരുഷ-വനിതാ വിഭാഗം സ്ലാലോം, എക്‌സ്ട്രീം സ്ലാലോം എന്നിവ പുലിക്കയത്ത് ചാലിപ്പുഴയിലും എക്‌സ്‌ട്രീം സ്ലാലോം ഫൈനൽ, ഡൗൺ റിവർ, ബോട്ടർ ക്രോസ് എന്നിവ പുല്ലൂരാംപാറയിൽ ഇരുവഴഞ്ഞി പുഴയിലും നടക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും മത്സര വിജയികൾക്കുള്ള സമ്മാനദാനവും ജൂലൈ 27ന് വൈകുന്നേരം അഞ്ചിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.

റിവർ ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് വൈകിട്ട് അഞ്ചിന് പുലിക്കയത്ത് ഗ്രാമഫോൺ മ്യൂസിക് ബാൻഡിന്റെയും ശനിയാഴ്ച പ്രാദേശിക കലാകാരന്മാരുടെയും ഞായറാഴ്ച എലന്ത്കടവിൽ മർസി മ്യൂസിക് ബാൻഡിന്റെയും കലാപരിപാടികൾ അരങ്ങേറും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള കയാക്കർമാരും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കയാക്കർമാരും നിലവിൽ ചാലിപ്പുഴയിലും ഇരുവഴഞ്ഞി പുഴയിലുമായി പരിശീലനം നടത്തുന്നുണ്ട്. റിവർ ഫെസ്റ്റിന്റെ പ്രചരണത്തിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ പ്രീ ഇവന്റുകളും സംഘടിപ്പിച്ചിരുന്നു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് കഴിഞ്ഞ  ചക്കിട്ടപാറ മീൻതുള്ളിപ്പാറയിലെ കുറ്റ്യാടി പുഴയിൽ നടത്തേണ്ടിയിരുന്ന ഫ്രിസ്റ്റൈൽ പ്രദർശന മത്സരങ്ങൾ ഒഴിവാക്കിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

തിരക്കുകൾക്ക് ഒന്ന് ബ്രേക്കിടാം; ക്രിസ്തുമസ് - പുതുവത്സര വിനോദയാത്രയുമായി കെ.എസ്.ആര്‍.ടി.സി
വയനാട് യാത്രക്കാർ ശ്രദ്ധിക്കുക; ഡിസംബർ 11ന് കാഴ്ചകൾ കാണാനാവില്ല! ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് അവധി