
ഓരോ ചുവടുവയ്പ്പിലും സാഹസികത നിറഞ്ഞ ഒരു യാത്ര ആയാലോ? ഇടുക്കി ജില്ലയിലെ ഉറുമ്പിക്കര കുന്നുകളിലേക്കുള്ള യാത്ര സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് ഈ സാഹസികതയാണ്. സമുദ്രനിരപ്പിൽ നിന്ന് 3,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉറുമ്പിക്കര കുന്നുകൾ പ്രകൃതിരമണീയമായ സ്ഥലമാണ്. കുട്ടിക്കാനത്തിനും വാഗമണിനും ഇടയിലാണ് ഉറുമ്പിക്കര തലയുയർത്തി നിൽക്കുന്നത്.
മലനിരകൾ കാവൽ നിൽക്കുന്ന ഏന്തയാർ എന്ന ഗ്രാമത്തിലാണ് ഉറുമ്പിക്കര. മുണ്ടക്കയത്ത് നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് ഏന്തയാർ. ഏന്തയാറിൽ നിന്ന്, പാറക്കെട്ടുകളുള്ള വനപാതയിലൂടെയുള്ള ആവേശകരമായ ഓഫ്-റോഡ് യാത്ര ഉറുമ്പിക്കരയിലേക്കുള്ളതാണ്. ശാന്തമായ അന്തരീക്ഷത്തിലുള്ള കയറ്റം യാത്രക്കാർക്ക് വേറൊരു ഫീൽ തന്നെ നൽകും. മൂടൽമഞ്ഞുള്ള കുന്നുകളും, പച്ചപ്പുൽമേടുകളും, സമ്പന്നമായ സസ്യജന്തുജാലങ്ങളും, വലിയ പാറക്കെട്ടുകളും ഒക്കെയുള്ള ഒരു റിച്ച് സ്പോട്ട് തന്നെയാണ് ഉറുമ്പിക്കര.
ഉറുമ്പിക്കരയിലേക്കുള്ള പാതയിൽ പാപ്പാനി, വെള്ളപ്പാറ വെള്ളച്ചാട്ടങ്ങളും കാണാം. കഠിനമായ കയറ്റമാണിവിടെ. എന്നാൽ, ഈ കയറ്റത്തിന്റെ അന്തിമഫലം നിങ്ങളെ തീർച്ചയായും അത്ഭുതപ്പെടുത്തും. പാറക്കെട്ടുകളും പച്ചപ്പു നിറഞ്ഞ മേച്ചിൽപ്പുറങ്ങളുമുള്ള താഴ്ന്ന പ്രദേശങ്ങളുടെ ഒരു 360 ഡിഗ്രി വ്യൂ...സമീപത്തുള്ള വിശാലമായ തേയിലത്തോട്ടങ്ങളിലൂടെയും ഏലത്തോട്ടങ്ങളിലൂടെയും നിങ്ങൾക്ക് നടക്കാനാകും.
ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ ഒരു കെട്ടിടവും ഇവിടെയുണ്ട്. സായിപ്പിൻ ബംഗ്ലാവ് എന്നാണ് ഇത് അറിയപ്പെടുന്നത്. മർഫി സായിപ്പിന്റെ പേരാണ് ഉറുമ്പിക്കരയുടെ ചരിത്രം അറിയപ്പെട്ടിട്ടുള്ളത്. എന്നാൽ ഇദ്ദേഹത്തിന്റെ പേരിൽ ഒരു എസ്റ്റേറ്റ് ഉണ്ടെന്നല്ലാതെ നാടുമായി മറ്റ് ബന്ധമൊന്നും ഇല്ല. 1,600 ഏക്കറോളം വരുന്ന ഉറുമ്പിക്കരയെന്ന മലയോരമേഖലയുടെ ഉടമ ഒരു മലയാളിയാണ്.
ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ വല്ലാട്ട് രാമൻ എന്നയാളുടെ സ്വകാര്യ ഭൂമിയായിരുന്നു ഇത്. തേയില കയറ്റുമതിക്ക് വേണ്ടി ബ്രിട്ടീഷുകാരനായ ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നു. അങ്ങനെയാണ് സായിപ്പ് ഇൻസ്പെക്ഷനായി ഇവിടെ എത്തുന്നത്. അദ്ദേഹത്തിന് താമസിക്കാനായി രാമൻ ഒരു ബംഗ്ലാവ് പണിതു. അതാണ് ഇന്നത്തെ ‘സായിപ്പൻ ബംഗ്ലാവ്’. പ്രകൃതി സൗന്ദര്യം അങ്ങ് വാനോളം ആസ്വദിക്കണമെന്നുണ്ടെങ്കിൽ ഉറുമ്പിക്കര കുന്നുകൾ നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ തീർച്ചയായും ഉണ്ടായിരിക്കണം.