ബസ്, മെട്രോ ടിക്കറ്റുകൾ ഇനി ഒരൊറ്റ ആപ്പിൽ; ‘നമ്മ ബിഎംടിസി 2.0’ എത്തി

Published : Sep 12, 2026, 02:31 PM IST
Namma BMTC App

Synopsis

ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ 'നമ്മ ബി.എം.ടി.സി 2.0' എന്ന പേരിൽ പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി. ഈ ആപ്പിലൂടെ ബസ്, മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ബസുകൾ തത്സമയം ട്രാക്ക് ചെയ്യാനും ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താനും സാധിക്കും. യാത്രക്കാർക്ക് ആവശ്യമായ നിരവധി സേവനങ്ങൾ ഒരൊറ്റ ആപ്പിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ബെംഗളൂരുവിലെ പൊതുഗതാഗത യാത്ര കൂടുതൽ എളുപ്പമാക്കാൻ പുതിയ മൊബൈൽ ആപ്പുമായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ. ‘നമ്മ ബി.എം.ടി.സി 2.0’ എന്ന പേരിൽ നവീകരിച്ച ആപ്പാണ് ബി.എം.ടി.സി പുറത്തിറക്കിയത്. ബസ്, നമ്മ മെട്രോ ടിക്കറ്റ് ബുക്കിങ്, ബസ് തത്സമയ ട്രാക്കിങ്, ഡിജിറ്റൽ പേയ്‌മെന്റ് തുടങ്ങി യാത്രക്കാർക്ക് ആവശ്യമായ നിരവധി സേവനങ്ങൾ ഇനി ഒരൊറ്റ ആപ്പിലൂടെ ലഭ്യമാകും.

ബസിനും മെട്രോയ്ക്കും മൊബൈൽ ടിക്കറ്റ്

പുതിയ ആപ്പിലെ പ്രധാന ആകർഷണം ബി.എം.ടി.സി ബസുകളുടെയും നമ്മ മെട്രോയുടെയും ടിക്കറ്റുകൾ ഡിജിറ്റലായി വാങ്ങാനുള്ള സൗകര്യമാണ്. മൊബൈൽ ടിക്കറ്റുകൾക്ക് പുറമെ പ്രതിമാസ പാസുകളും ആപ്പിലൂടെ സ്വന്തമാക്കാം. എക്സ്പ്രസ്, ഓർഡിനറി സർവീസ്, വജ്ര ഗോൾഡ്, വായു വജ്ര, നൈസ് റോഡ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ള പാസുകളും ലഭ്യമാകും. ഇതോടെ യാത്രയ്ക്കായി പേപ്പർ ടിക്കറ്റുകളെ ആശ്രയിക്കേണ്ട സാഹചര്യം കുറയും.

ബസ് എവിടെയെത്തിയെന്ന് തത്സമയം അറിയാം

നേരത്തെ ലഭ്യമായിരുന്ന ബസ് ട്രാക്കിങ് സംവിധാനവും പുതിയ ആപ്പിൽ തുടരും. യാത്രക്കാർക്ക് തങ്ങൾ കാത്തിരിക്കുന്ന ബസ് നിലവിൽ എവിടെയാണെന്ന് തത്സമയം പരിശോധിക്കാം. ബെംഗളൂരുവിലെ തിരക്കേറിയ റോഡുകളിലൂടെയുള്ള യാത്ര ആസൂത്രണം ചെയ്യാനും ഇതിലൂടെ സാധിക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദിവസേന യാത്ര ചെയ്യുന്നവർക്കും ജോലി, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി പൊതുഗതാഗതത്തെ ആശ്രയിക്കുന്നവർക്കും പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

യുപിഐ ഉൾപ്പെടെ ഡിജിറ്റൽ പേയ്‌മെന്‍റ്

ടിക്കറ്റുകളും മറ്റ് സേവനങ്ങളും ഉപയോഗിക്കുന്നതിനുള്ള പണമിടപാടുകൾ ഡിജിറ്റലായും നടത്താം. ആപ്പിലെ വാലറ്റിന് പുറമെ യു.പി.ഐയും മറ്റ് ലഭ്യമായ ഡിജിറ്റൽ പേയ്‌മെന്റ് മാർഗങ്ങളും ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്.

സെപ്റ്റംബർ 10ന് പുറത്തിറക്കി

2026 സെപ്റ്റംബർ 10നാണ് ‘നമ്മ ബി.എം.ടി.സി 2.0’ ഔദ്യോഗികമായി പുറത്തിറക്കിയത്. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇംഗ്ലീഷിനൊപ്പം കന്നഡയിലും ആപ്പ് ലഭ്യമാണ്.

2016ൽ തുടക്കം, ഇനി പുതിയ മാറ്റം

യാത്രക്കാർക്ക് ബസ് ട്രാക്കിങ് എളുപ്പമാക്കുന്നതിനായി 2016ലാണ് ബി.എം.ടി.സി ആദ്യമായി മൊബൈൽ ആപ്പ് അവതരിപ്പിച്ചത്. തുടർന്ന് 2019ലും 2023ലും പ്രധാനപ്പെട്ട രണ്ട് അപ്‌ഡേറ്റുകൾ പുറത്തിറക്കി. ആപ്പിന്റെ സാങ്കേതിക പ്രവർത്തനങ്ങളും ഉപയോക്തൃ അനുഭവവും മെച്ചപ്പെടുത്തുന്നതിനായിരുന്നു ഈ പരിഷ്‌കരണങ്ങൾ. പുതിയ ‘നമ്മ ബി.എം.ടി.സി 2.0’യിലൂടെ ബെംഗളൂരുവിലെ ബസ്, മെട്രോ യാത്രകൾ കൂടുതൽ ലളിതവും ഡിജിറ്റൽ സൗഹൃദവുമാക്കുകയാണ് ലക്ഷ്യം.

PREV
Read more Articles on
click me!

Recommended Stories

33 വർഷം, 233 രാജ്യങ്ങൾ; ലോകം ചുറ്റാൻ ചൈനീസ് വ്യവസായി ചെലവഴിച്ചത് 14 കോടി, ഇനി സ്വസ്ഥം ഗൃഹഭരണം!
ടോൾ യാത്രക്കാർക്ക് ആശ്വാസം; ഫാസ്‍ടാഗിൽ പുതിയ മാറ്റം