
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ചൈനയിലേക്കുള്ള വിസ അപേക്ഷാ നടപടികളിൽ നിർണായക മാറ്റം. 2026 ഒക്ടോബർ 26 മുതൽ വിസ അപേക്ഷകളും കോൺസുലർ രേഖകളുടെ നിയമസാധൂകരണ അപേക്ഷകളും നേരിട്ട് സ്വീകരിക്കുന്ന രീതിയിലേക്ക് ചൈന മാറും. ന്യൂഡൽഹിയിലെ ചൈനീസ് എംബസിയിലും മുംബൈയിലെ കോൺസുലേറ്റ് ജനറലിലുമാകും അപേക്ഷകൾ സ്വീകരിക്കുക. ഇതോടെ ഇന്ത്യയിലെ നിലവിലുള്ള വിസ അപേക്ഷാ കേന്ദ്രങ്ങളുടെ പ്രവർത്തനം അവസാനിക്കും.
2026 ഒക്ടോബർ 22ന് പുറത്തിറക്കിയ അറിയിപ്പിലാണ് ചൈനീസ് എംബസി പുതിയ മാറ്റങ്ങൾ വ്യക്തമാക്കിയത്. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ വിസ അപേക്ഷാ കേന്ദ്രങ്ങൾ ഒക്ടോബർ 26 മുതൽ പുതിയ അപേക്ഷകൾ സ്വീകരിക്കില്ല. എന്നാൽ ഇതിനകം നടപടികൾ പൂർത്തിയായ രേഖകൾ അവിടെ കാത്തിരിക്കുന്നവർക്ക് ഒക്ടോബർ 30ന് ഉച്ചയ്ക്ക് 12 മണി വരെ അവ ശേഖരിക്കാം.
പുതിയ സംവിധാനത്തിൽ അപേക്ഷകർ താമസിക്കുന്ന സംസ്ഥാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷ സമർപ്പിക്കേണ്ട ഓഫീസ് നിശ്ചയിക്കുക. മഹാരാഷ്ട്ര, കർണാടക: മുംബൈയിലെ ചൈനീസ് കോൺസുലേറ്റ് ജനറലിൽ അപേക്ഷിക്കണം. പശ്ചിമ ബംഗാൾ, ബിഹാർ, ഝാർഖണ്ഡ്, ഒഡിഷ, ഛത്തീസ്ഗഢ്: നിലവിൽ ന്യൂഡൽഹിയിലെ ചൈനീസ് എംബസിയിലാണ് അപേക്ഷ നൽകേണ്ടത്. മറ്റ് സംസ്ഥാനങ്ങൾ: ന്യൂഡൽഹിയിലെ ചൈനീസ് എംബസി വഴിയാണ് അപേക്ഷിക്കേണ്ടത്.
പുതിയ വിസ നടപടികളുടെ ആദ്യഘട്ടം ഓൺലൈനിലാണ്. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ കോൺസുലർ പോർട്ടലിൽ അപേക്ഷാ ഫോം പൂരിപ്പിക്കുകയും ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുകയും വേണം. ഈ ഘട്ടത്തിൽ ഫീസ് ഈടാക്കില്ല. ഓൺലൈൻ പരിശോധനയിൽ അംഗീകാരം ലഭിക്കുന്ന അപേക്ഷകർക്ക് ഇമെയിൽ വഴി അറിയിപ്പ് ലഭിക്കും. തുടർന്ന് 30 ദിവസത്തിനുള്ളിൽ പാസ്പോർട്ട്, അപേക്ഷാ ഫോം, അനുബന്ധ രേഖകൾ എന്നിവയുമായി എംബസിയിലോ കോൺസുലേറ്റിലോ നേരിട്ട് ഹാജരാകണം. നയതന്ത്ര, ഔദ്യോഗിക, പ്രത്യേക പരിഗണനാ വിസകൾക്ക് അപേക്ഷിക്കുന്നവർ മുൻകൂട്ടി ഫോണിലൂടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം.
നിലവിൽ ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയാണ് ഫീസ് സ്വീകരിക്കുന്നതെന്നാണ് ട്രാവൽ ട്രേഡ് ജേണലിന്റെ റിപ്പോർട്ട്. പണമായോ ചെക്കായോ ഫീസ് അടയ്ക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 180 ദിവസം വരെയുള്ള ഹ്രസ്വകാല വിസകൾക്ക് വിരലടയാളം നൽകേണ്ട നിബന്ധന 2026 ഡിസംബർ 31 വരെ ഒഴിവാക്കിയിട്ടുണ്ട്.
ചൈനയിലേക്ക് വിനോദസഞ്ചാരത്തിനായി പോകുന്നവർ കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഹാജരാക്കണം. ഈ കാലയളവിൽ പ്രതിമാസ ശരാശരി ബാങ്ക് ബാലൻസ് കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും ഉണ്ടായിരിക്കണം.ബിസിനസ് വിസയ്ക്ക് അപേക്ഷിക്കുന്നവർ കൂടുതൽ രേഖകൾ സമർപ്പിക്കേണ്ടിവരും. ക്ഷണിക്കുന്ന ചൈനീസ് കമ്പനിയുടെ രേഖകളിൽ കൈകൊണ്ട് എഴുതിയ ചൈനീസ് ഭാഷയിലുള്ള അംഗീകാരക്കുറിപ്പുകൾ ഉൾപ്പെടെയുള്ള അധിക നിബന്ധനകളും ബാധകമാണ്.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ചൈനയിലേക്ക് യാത്ര ആസൂത്രണം ചെയ്യുന്ന ഇന്ത്യക്കാർ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എംബസിയുടെയോ കോൺസുലേറ്റിന്റെയോ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കുന്നത് നല്ലതാണ്. ഓൺലൈൻ പരിശോധന, രേഖകൾ നേരിട്ട് സമർപ്പിക്കൽ, സാമ്പത്തിക രേഖകൾ എന്നിവയിലെ നിബന്ധനകൾ പാലിക്കുന്നത് അപേക്ഷാ നടപടികൾ സുഗമമാക്കാൻ സഹായിക്കും.
ഒക്ടോബർ 26 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റം ചൈനീസ് വിസ അപേക്ഷാ നടപടികളിലെ പ്രധാന പരിഷ്കാരമാണ്. അതിനാൽ യാത്രാ തീയതി നിശ്ചയിക്കുന്നവർ അപേക്ഷാ നടപടികൾക്കായി ആവശ്യമായ സമയം മുൻകൂട്ടി കണക്കാക്കണം.