
ദില്ലി: അഹമ്മദാബാദ് ഫ്ലവർ ഷോ സർഗ്ഗാത്മകതയെയും സുസ്ഥിരതയെയും ജനപങ്കാളിത്തത്തെയും ഒന്നിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നഗരത്തിന്റെ ചടുലമായ ഊർജ്ജത്തെയും പ്രകൃതിയോടുള്ള അചഞ്ചലമായ സ്നേഹത്തെയും ഈ പരിപാടി മനോഹരമായി പ്രദർശിപ്പിക്കുന്നു. വർഷങ്ങൾ പിന്നിടുമ്പോൾ ഈ പ്രദർശനം അതിന്റെ വലിപ്പത്തിലും ഭാവനയിലും കൈവരിച്ച വളർച്ചയെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അഹമ്മദാബാദിന്റെ സാംസ്കാരിക സമൃദ്ധിയുടെയും പരിസ്ഥിതി ബോധത്തിന്റെയും പ്രതീകമായി ഇത് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അഹമ്മദാബാദ് ഫ്ലവർ ഷോ സർഗ്ഗാത്മകതയെയും സുസ്ഥിരതയെയും ജനപങ്കാളിത്തത്തെയും ഒന്നിപ്പിക്കുന്നു. അതോടൊപ്പം നഗരത്തിന്റെ ഊർജ്ജസ്വലതയും പ്രകൃതിയോടുള്ള സ്നേഹവും മനോഹരമായി പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഈ ഫ്ലവർ ഷോയുടെ വ്യാപ്തിയ്ക്കും ഭാവനാത്മകതയ്ക്കും കാലങ്ങൾകൊണ്ടുണ്ടായ വർദ്ധന ഏറെ പ്രശംസനീയമാണ്’. ഗുജറാത്ത് മുഖ്യമന്ത്രിയുടെ എക്സിലെ പോസ്റ്റിന് മറുപടിയായി മോദി കുറിച്ചു.
അതേസമയം, 2026ന് തുടക്കം കുറിച്ചുകൊണ്ടാണ് അഹമ്മദാബാദ് അന്താരാഷ്ട്ര പുഷ്പമേളയുടെ 14-ാം പതിപ്പ് ആരംഭിച്ചത്. 'ഭാരത് ഏക് ഗാഥ' എന്ന പ്രമേയത്തിലുള്ള ഷോ ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സംസ്കാരത്തെ പ്രദർശിപ്പിക്കുന്നു. ജനുവരി 22 വരെയാണ് ഫ്ലവർ ഷോ നടക്കുക.
ടിക്കറ്റ് നിരക്കുകളും സമയക്രമവും
തിങ്കൾ മുതൽ വെള്ളി വരെ സന്ദർശകർക്ക് 80 രൂപയും ശനി, ഞായർ, പൊതു അവധി ദിവസങ്ങളിൽ 100 രൂപയുമാണ് പ്രവേശന ഫീസ്. കൂടാതെ, ദിവ്യാംഗന്മാർ, സൈനികർ, 12 വയസ്സോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾ, അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ നടത്തുന്ന സ്കൂളുകളിലെ വിദ്യാർത്ഥികൾ എന്നിവർക്ക് എല്ലാ ദിവസവും പ്രവേശനം സൗജന്യമാണ്. കൂടാതെ, സന്ദർശകർക്ക്, രാവിലെ 8 മുതൽ 9 വരെയും രാത്രി 10 മുതൽ 11 വരെയും 500 രൂപ പ്രൈം ടൈം സ്ലോട്ട് പ്രവേശന ഫീസ് ബാധകമായിരിക്കും.