റോബോട്ട് കാലുകൾ വാടകയ്ക്ക്! കുത്തനെയുള്ള പടവുകൾ ഈസിയായി കയറി യുവതി, വീഡിയോ വൈറൽ

Published : Oct 11, 2025, 05:12 PM IST
Robot legs

Synopsis

റോബോട്ടിക് എക്സോസ്‌കെലിറ്റൺ ധരിച്ച് കുത്തനെയുള്ള പടവുകൾ അനായാസം കയറുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. എഐയുടെ സഹായത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. 

ബീജിം​ഗ്: എല്ലാ മേഖലയിലും സാങ്കേതിക വിദ്യകൾ പരീക്ഷിച്ച് ലോകത്തെയാകെ ഞെട്ടിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. സമീപകാലത്തായി ടൂറിസം മേഖലയിൽ ചൈന നടത്തുന്ന പരീക്ഷണങ്ങൾ ഏറെ വ്യത്യസ്തവും സഹായകരവുമാണ്. അടുത്തിടെ മലകയറ്റത്തിന് എസ്കലേറ്റര്‍ ഉപയോഗിക്കുന്ന വീഡിയോ ചൈനയിൽ നിന്ന് പുറത്തുവന്നിരുന്നു. ഇപ്പോൾ ഇതാ ഏത് കയറ്റവും ഈസിയായി കയറാനായി റോബോട്ടിക് കാലുകൾ അവതരിപ്പിച്ചിരിക്കുകയാണ് ചൈന. റോബോട്ടിക് കാലുകൾ ഘടിപ്പിച്ച് കുത്തനെയുള്ള പടവുകൾ അനായാസം കയറുന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ഒരു യുവതി റോബോട്ടിക് എക്സോസ്‌കെലിറ്റൺ ധരിച്ച് പടവുകൾ കയറുന്നത് കാണാം. ‘ചൈന ജീവിക്കുന്നത് 2050-ൽ. എനിക്ക് വെറും $8.50-ന് (ഏകദേശം 750 രൂപ) മല കയറാൻ റോബോട്ട് കാലുകൾ വാടകയ്‌ക്കെടുക്കാൻ കഴിയുമോ?’ എന്ന അടിക്കുറിപ്പോടെയാണ് വ്ലോഗർ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എക്സോസ്‌കെലിറ്റണുകൾ ഭാരം കുറഞ്ഞതും ധരിക്കാൻ എളുപ്പവുമാണ്. മനുഷ്യരുടെ ചലനങ്ങളെ തിരിച്ചറിയാൻ കഴിവുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെയാണ് ഇവ പ്രവർത്തിക്കുന്നത്. ഒറ്റ ചാർജിൽ മണിക്കൂറുകളോളം ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഇവയുടെ പ്രധാന സവിശേഷത.

റോബോട്ടിക് കാലുകളെക്കുറിച്ച് വ്ലോഗർ കമന്റ് ബോക്സിൽ കൂടുതൽ വിവരങ്ങൾ പങ്കുവെച്ചു. ഈ എക്സോസ്‌കെലിറ്റണുകൾ ശാരീരികമായി ബുദ്ധിമുട്ടുള്ളവർക്ക് ഉപയോഗിക്കാൻ സാധിക്കില്ലെന്നാണ് യുവതി പറയുന്നത്. കാരണം, കാലുകൾ സ്വയം ചലിപ്പിച്ചാൽ മാത്രമേ ഇവ പ്രവര്‍ത്തിക്കുകയുള്ളു. കാലുകൾ ചലിപ്പിക്കുന്നതിന് പകരമായി ചലനങ്ങളെ സഹായിക്കുക മാത്രമാണ് ഈ ഉപകരണം ചെയ്യുന്നതെന്നും നടക്കാൻ കഴിയുന്ന ആളുകൾക്ക് ഇത് സഹായകരമാണെങ്കിലും ഭിന്നശേഷിയുള്ളവരെ സഹായിക്കാൻ ഇവയ്ക്ക് കഴിയില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

 

വീഡിയോ കാണുന്നവരുടെ പ്രധാന സംശയമായ റോബോട്ട് കാലുകളുടെ ഭാരത്തെ കുറിച്ചും യുവതി വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. എക്സോസ്‌കെലിറ്റണിലെ ബാറ്ററി പായ്ക്കിന് അൽപ്പം ഭാരമുണ്ടെന്ന് യുവതി പറഞ്ഞു. എന്നാൽ അത് ഓൺ ചെയ്യുന്നതോടെ ഭാരം വലിയ രീതിയിൽ കുറയും. ഇവയുടെ ഭാരത്തെ ഒരു ബാക്ക്പാക്ക് ചുമക്കുന്നതിനോടാണ് യുവതി താരതമ്യം ചെയ്യുന്നത്. ഏതായാലും തനിക്ക് സാധാരണ അനുഭവപ്പെടാറുള്ള ക്ഷീണം റോബോട്ടിക് കാലുകൾ ഉപയോഗിച്ചപ്പോൾ അനുഭവപ്പെട്ടില്ലെന്നാണ് യുവതി പറയുന്നത്.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഹൈക്കിംഗിൽ പരിചയമില്ലാത്ത ആളുകൾക്ക് ഇത് സഹായകരമാകുമെന്നായിരുന്നു ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ബുദ്ധിമുട്ടുള്ള ആളുകൾക്ക് ഇത് കൂടുതൽ സഹായകരമാകുമെന്നും ഇത് എല്ലാവർക്കും ലഭ്യമാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മറ്റൊരാൾ കൂട്ടിച്ചേർത്തു. ഇത് മറ്റ് രാജ്യങ്ങളിലേക്കും വിൽക്കണമെന്നായിരുന്നു ഒരു ഉപയോക്താവ് ആവശ്യപ്പെട്ടത്. അതേസമയം, വൈകാരികമായ ഒരു കമന്റും വീഡിയോയുടെ താഴെ പ്രത്യക്ഷപ്പെട്ടു. ‘രണ്ട് കാൽമുട്ടുകളുടെയും എസിഎൽ (ACL) കീറിപ്പോയ ആളാണ് ഞാൻ. നാല് ശസ്ത്രക്രിയകൾ കഴിഞ്ഞു. ഇപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളെന്ന നിലയിൽ ഒരു പിന്തുണയില്ലാതെ കയറ്റം കയറുന്നത് വളരെ പ്രയാസകരമാണ്. ഇതുപോലെയുള്ള കണ്ടുപിടുത്തങ്ങൾ കണ്ടപ്പോൾ പ്രതീക്ഷ കൊണ്ട് എന്‍റെ കണ്ണ് നിറഞ്ഞു’ എന്നായിരുന്നു ഒരു ഉപയോക്താവിന്‍റെ വാക്കുകൾ. 

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല