
വീണ്ടും അന്താരാഷ്ട്ര പ്രശംസ പിടിച്ചുപറ്റി കേരളം. ഇത്തവണ ഒരു റഷ്യൻ സഞ്ചാരിയാണ് കേരളത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. 'ഇന്ത്യയിലെ പ്രിയപ്പെട്ട സംസ്ഥാനം' എന്നാണ് റഷ്യൻ വ്ലോഗറായ അമിന കേരളത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അമിനയുടെ പ്രശംസ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
കേരളത്തിന്റെ ശാന്തതയും പ്രകൃതി സൗന്ദര്യവും ശുചിത്വവും വ്യത്യസ്ത വിശ്വാസങ്ങൾ യോജിപ്പോടെ നിലനിൽക്കുന്ന രീതിയുമാണ് റഷ്യൻ വ്ലോഗറെ ഏറെ ആകർഷിച്ചത്. ഇന്ത്യയിലുടനീളം സഞ്ചരിച്ച അമിന, കേരളം അതിൻ്റെ സൗന്ദര്യത്തിനപ്പുറം മറ്റ് പല കാരണങ്ങളാലും തനിക്ക് വേറിട്ടു നിൽക്കുന്ന ഒന്നാണെന്ന് പറഞ്ഞു. കേരളത്തിൻ്റെ ഭൂപ്രകൃതി മാത്രമല്ല, മറിച്ച് പരിസ്ഥിതിയോടുള്ള ജനങ്ങളുടെ ഉത്തരവാദിത്തബോധമാണ് അമിന എടുത്തുപറയുന്നത്.
ആളുകൾ അവരുടെ ചുറ്റുപാടുകളെക്കുറിച്ച് എത്രമാത്രം കരുതലുള്ളവരാണ് എന്ന കാര്യം തന്നെ അതിശയിപ്പിച്ചെന്ന് അമിന പറഞ്ഞു. കേരളത്തിലെ തെരുവുകൾ വൃത്തിയുള്ളതാണ്. പുനരുപയോഗിക്കാനാകുന്ന ബിന്നുകൾ എല്ലായിടത്തും ഉണ്ട്. ഇവിടെ പള്ളികൾ, ക്ഷേത്രങ്ങൾ, സിനഗോഗുകൾ പോലും സമാധാനപരമായി നിലനിൽക്കുന്നു. വിദ്യാഭ്യാസവും സംസ്കാരവും ആദരിക്കപ്പെടുന്നുണ്ടെന്നും അമിന കൂട്ടിച്ചേർത്തു.
'ഇന്ത്യയിലെ നിരവധി സ്ഥലങ്ങളിലൂടെ സഞ്ചരിച്ചതിന് ശേഷം, ഒടുവിൽ എനിക്ക് പ്രിയപ്പെട്ട സ്ഥലം കണ്ടെത്താൻ കഴിഞ്ഞു. ഇന്ത്യയിൽ ഞാൻ പോയ എല്ലായിടത്തും ദയയുള്ള, രസകരമായ നിരവധി ആളുകളെ കണ്ടുമുട്ടി. നിരവധി മനോഹരമായ സ്ഥലങ്ങൾ കണ്ടു. പക്ഷേ, ഈ സംസ്ഥാനത്തെക്കുറിച്ച് എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടത് അത് എത്ര ശാന്തവും സമാധാനപരവുമാണ് എന്നതാണ്.' അമിന തൻ്റെ വീഡിയോയിൽ പറഞ്ഞത് ഇങ്ങനെ.
കേരളത്തെ പ്രശംസിക്കുന്ന റഷ്യൻ വ്ലോഗറുടെ വീഡിയോ വൈകാതെ തന്നെ വൈറലായി മാറി. ഇന്ത്യക്കാരിൽ നിന്ന്, പ്രത്യേകിച്ച് മലയാളികളിൽ നിന്ന് മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചത്. 'ദൈവത്തിൻ്റെ സ്വന്തം നാടിലേക്ക് സ്വാഗതം!' എന്നാണ് ഒരാൾ കമൻ്റ് ചെയ്തത്. 'ഓരോ ജില്ലയും ഒരു അത്ഭുതമാണ്, നിങ്ങൾ അത് ഉറപ്പായും കണ്ടിരിക്കണം' എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. 'ഏതെങ്കിലും വിദേശി ഇന്ത്യയിലെ തൻ്റെ പ്രിയപ്പെട്ട സ്ഥലത്തെക്കുറിച്ച് വിശദീകരിക്കാൻ തുടങ്ങിയാൽ, അവസാനം വരെ അത് കേൾക്കേണ്ടതില്ല. അത് കേരളമാണെന്ന് ഞങ്ങൾക്കറിയാം' എന്ന കമന്റാണ് കൂട്ടത്തിൽ ശ്രദ്ധേയമായത്.