കേരളത്തിലൂടെ ഓടുന്ന ഈ ട്രെയിനിൽ ബാര്‍ മുതൽ ജിംനേഷ്യം വരെയുണ്ട്! ദക്ഷിണേന്ത്യയുടെ സ്വന്തം ​ഗോൾഡൻ ചാരിയറ്റ്

Published : Jul 09, 2025, 01:34 PM IST
Golden Chariot

Synopsis

88 പേർക്ക് യാത്ര ചെയ്യാവുന്ന ഈ ട്രെയിനിൽ 44 ക്യാബിനുകളുണ്ട്.

ബെം​ഗളൂരു: ഓടുന്ന ട്രെയിനിൽ ബാറും സ്പായും ജിംനേഷ്യവും ഫൈവ് സ്റ്റാര്‍ റെസ്റ്റോറന്‍റുമെല്ലാം ഉണ്ടെങ്കിൽ എങ്ങനെയുണ്ടാകും? അത്തരമൊരു ട്രെയിൻ കേരളത്തിലൂടെ കടന്നുപോകാറുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എങ്കിൽ സം​ഗതി സത്യമാണ്. അൾട്രാ ലക്ഷ്വറി ട്രെയിനായ ​ഗോൾഡൻ ചാരിയറ്റിനെ കുറിച്ചാണ് പറയുന്നത്. ഈ ട്രെയിനിൽ മുകളിൽ പറഞ്ഞ എല്ലാ സൗകര്യങ്ങളുമുണ്ട്.

ട്രാവൽ കണ്ടന്റുകൾ ചെയ്യാറുള്ള തന്യ ഖനിജോവ് അടുത്തിടെ ​ഗോൾഡൻ ചാരിയറ്റിൽ യാത്ര ചെയ്തതിന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരുന്നു. ​ഗോൾഡൻ ചാരിയറ്റിന്റെ ഇന്റീരിയറും സവിശേഷതകളുമെല്ലാം ഈ വീഡിയോയിൽ കാണാം. ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമായി രണ്ട് പ്രത്യേക ഡൈനിംഗ് കാറുകൾ ഗോൾഡൻ ചാരിയറ്റിൽ ഉണ്ടെന്ന് തന്യ പറയുന്നു. രണ്ടിലും മനോഹരമായ ഇരിപ്പിടങ്ങൾ, ടേബിൾവെയർ, ദക്ഷിണേന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന പ്രകൃതിദൃശ്യങ്ങളുടെ കാഴ്ചകൾ പ്രദാനം ചെയ്യുന്ന വലിയ ജനാലകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഗോൾഡൻ ചാരിയറ്റിൽ നൽകുന്ന ഭക്ഷണത്തിന് അതിശയിപ്പിക്കുന്ന സ്വാദാണെന്നാണ് തന്യ പറയുന്നത്.

 

യാത്രക്കാർക്ക് ആഡംബര മുറികളും ഗോൾഡൻ ചാരിയറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. ഈ ട്രെയിനിൽ 5 സ്റ്റാർ കാറ്ററിംഗ്, ഒരു ബാർ എന്നിവയുണ്ട്. ആഡംബരമായ മുറികളിൽ മികച്ച ക്വാളിറ്റിയിലുള്ള കിടക്കകളും ഇന്റീരിയറുമാണുള്ളത്. പുഷ് ഡൗൺ പ്ലഷ്, ഓവർ ഹെഡ് ഷവർ ഉൾപ്പെടെ രണ്ട് ഷവറുകൾ തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ അറ്റാച്ച്ഡ് ബാത്ത്റൂമാണ് മുറികളിൽ സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് മസാജ് ചെയ്ത് വിശ്രമിക്കാൻ കഴിയുന്ന ഓൺബോർഡ് സ്പായും ജിംനേഷ്യവും എടുത്തുപറയേണ്ട സവിശേഷതകളാണെന്നും തന്യ പറയുന്നു.

88 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ​ഗോൾഡൻ ചാരിയറ്റിൽ 44 ക്യാബിനുകളുണ്ട്. ഈ ട്രെയിനിൽ സഞ്ചരിക്കാൻ ഒരാൾക്ക് ഏകദേശം 4 ലക്ഷം രൂപയോളം ചെലവ് വരും. കർണാടക, തമിഴ്നാട്, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങൾ പര്യവേക്ഷണം ചെയ്യുന്ന മൂന്ന് യാത്രാ പാക്കേജുകൾ ​ഗോൾഡൻ ചാരിയറ്റ് വാഗ്ദാനം ചെയ്യുന്നു. എല്ലാ യാത്രകളും ബെംഗളൂരുവിൽ ആരംഭിച്ച് ബെം​ഗളൂരുവിൽ തന്നെയാണ് അവസാനിക്കുക. എന്നാൽ, യാത്രകളിലെ റൂട്ടുകൾ വ്യത്യസ്തമാണ്. ദക്ഷിണേന്ത്യൻ സംസ്കാരം, പൈതൃകം, പ്രകൃതി സൗന്ദര്യം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന റൂട്ടുകളിലൂടെയാണ് ട്രെയിൻ സഞ്ചരിക്കുക.

​ഗോൾഡൻ ചാരിയറ്റിന്റെ റൂട്ടുകളും ടിക്കറ്റ് നിരക്കുകളും ചുവടെ

1. പ്രൈഡ് ഓഫ് കർണാടക വിത്ത് ​ഗോവ (5 രാത്രി / 6 പകൽ) – 3,98,160 രൂപ

റൂട്ട്: ബെംഗളൂരു - ബന്ദിപ്പൂർ - മൈസൂർ - ഹലേബിഡ് - ചിക്കമംഗളൂരു - ഹംപി - പട്ടടക്കൽ & ഐഹോളെ - ഗോവ - ബെംഗളൂരു

2. ജുവൽസ് ഓഫ് സൗത്ത് (5 രാത്രി / 6 പകൽ) – 3,98,160 രൂപ

റൂട്ട്: ബെംഗളൂരു - മൈസൂർ - ഹംപി - മഹാബലിപുരം - തഞ്ചാവൂർ - ചെട്ടിനാട് - കൊച്ചി - കുമരകം - ബെംഗളൂരു

​3. ഗ്ലിംപ്സസ് ഓഫ് കർണാടക (3 രാത്രി/ 4 പകൽ) - 2,65,440 രൂപ

റൂട്ട്: ബെംഗളൂരു - ബന്ദിപ്പൂർ - മൈസൂർ - ഹംപി - ബെംഗളൂരു.

PREV
Read more Articles on
click me!

Recommended Stories

ഭൂമിയിലെ സ്വര്‍ഗം! മണാലിയിൽ മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോ?
ഗാനമേള ട്രൂപ്പുമായി കെഎസ്ആർടിസി! ​'ഗാനവണ്ടി'യുടെ ആദ്യ പ്രോഗ്രാം ഇന്ന്