ഇന്ത്യൻ സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായ ജപ്പാനിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതാണ് പുതിയ ഇ-വിസ. അപേക്ഷിക്കേണ്ട രീതി, ആവശ്യമായ രേഖകൾ എന്നിവയെല്ലാം വിശദമായി അറിയാം.
ദില്ലി: ഇന്ത്യൻ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ മുൻനിരയിലുള്ള രാജ്യമാണ് ജപ്പാൻ. വസന്തകാലത്തെ ചെറി ബ്ലോസം മുതൽ ശൈത്യകാലത്തെ മഞ്ഞുമൂടിയ പ്രകൃതിദൃശ്യങ്ങൾ വരെ, വർഷം മുഴുവനും സഞ്ചാരികളെ ആകർഷിക്കാൻ ആവശ്യമായ കാഴ്ചകളും അനുഭവങ്ങളും ജപ്പാൻ വാഗ്ദാനം ചെയ്യാറുണ്ട്. ടോക്കിയോയിലെ നൈറ്റ് ലൈഫ്, ക്യോട്ടോയിലെ മുളങ്കാടുകൾ, ബുള്ളറ്റ് ട്രെയിനുകൾ, മൗണ്ട് ഫുജിയുടെ കാഴ്ചകൾ എന്നിവയെല്ലാം ഇന്ത്യൻ സഞ്ചാരികളെ ജപ്പാനിലേയ്ക്ക് ആകർഷിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തുന്നു.
ജപ്പാനിലേയ്ക്ക് ഒരു യാത്രാ പ്ലാൻ ചെയ്യുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ജപ്പാനിലേക്ക് പോകാൻ വിസ ആവശ്യമാണ്. എന്നാൽ, സമീപ വർഷങ്ങളിൽ വിസ പ്രക്രിയ കൂടുതൽ ലളിതമായിട്ടുണ്ട്. 2024 മുതൽ ഇന്ത്യൻ യാത്രക്കാർക്കായി ജപ്പാൻ ഇ-വിസ സൗകര്യം അവതരിപ്പിച്ചിരുന്നു. ഇതുവഴി യോഗ്യരായ അപേക്ഷകർക്ക് ഹ്രസ്വകാല ടൂറിസ്റ്റ് വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കും.
സിംഗിൾ എൻട്രിക്ക് മാത്രമായാണ് ജപ്പാൻ ടൂറിസ്റ്റ് ഇ-വിസ നൽകുന്നത്. ഇന്ത്യൻ യാത്രക്കാർക്ക് 90 ദിവസം വരെ ജപ്പാനിൽ തങ്ങാൻ ഇത് അനുവാദിക്കുന്നു. ഇത് ചെറി ബ്ലോസം യാത്രകൾ ഉൾപ്പെടെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച അവസരമാണ് നൽകുന്നത്. ജപ്പാൻ ഇ-വിസ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അംഗീകൃത ചാനൽ ഇല്ലാതെ നിങ്ങൾക്ക് നേരിട്ട് സ്വതന്ത്രമായി അപേക്ഷിക്കാൻ കഴിയില്ല. ഇന്ത്യക്കാർ ജാപ്പനീസ് എംബസി വഴിയോ വിഎഫ്എസ് ഗ്ലോബൽ പോലെയുള്ള അംഗീകൃത വിസ പങ്കാളികൾ വഴിയോ വേണം അപേക്ഷ സമർപ്പിക്കാൻ.
ഇന്ത്യയിൽ നിന്നുള്ള ജപ്പാൻ ടൂറിസ്റ്റ് വിസയ്ക്ക് ആവശ്യമായ രേഖകൾ
- പൂരിപ്പിച്ച് ഒപ്പിട്ട ജപ്പാൻ വിസ അപേക്ഷാ ഫോം.
- കുറഞ്ഞത് രണ്ട് ശൂന്യമായ പേജുകളുള്ള സാധുവായ പാസ്‌പോർട്ട്.
- മടക്ക യാത്രാ തീയതിക്ക് ശേഷം കുറഞ്ഞത് ആറ് മാസത്തെ സാധുതയുള്ള പാസ്‌പോർട്ട്.
- സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ (2x2 ഇഞ്ച്).
- കവർ ലെറ്റർ (സ്വയം തൊഴിൽ ചെയ്യുന്നയാളാണെങ്കിൽ സ്വയം എഴുതിയത്, സ്പോൺസർ ചെയ്തയാളാണെങ്കിൽ തൊഴിലുടമ നൽകുന്നത്).
തൊഴിൽ ചെയ്യുന്നതിനുള്ള തെളിവ്
- സാലറി സ്ലിപ്പ് (അവസാന 6 മാസം) അല്ലെങ്കിൽ
- കഴിഞ്ഞ 2 വർഷത്തെ ഐടിആർ.
- സ്വയം തൊഴിൽ ചെയ്യുന്നയാളാണെങ്കിൽ ജിഎസ്ടി സർട്ടിഫിക്കറ്റ്.
- തൊഴിലുടമയിൽ നിന്നുള്ള അവധി അംഗീകാരം അല്ലെങ്കിൽ എൻഒസി (ബാധകമെങ്കിൽ).
- സ്ഥിരീകരിച്ച ഹോട്ടൽ ബുക്കിംഗുകളും ദിവസം തിരിച്ചുള്ള യാത്രാ പരിപാടിയും.
- ജപ്പാനിൽ നിന്നുള്ള എൻട്രിയും എക്സിറ്റും കാണിക്കുന്ന വിമാന ടിക്കറ്റുകൾ.
- മതിയായ ഫണ്ടുകളുടെ തെളിവ് (ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ അല്ലെങ്കിൽ തൊഴിലുടമയുടെ സ്പോൺസർഷിപ്പ് ലെറ്റർ).
- നിങ്ങളുടെ ജപ്പാൻ യാത്ര ഉൾപ്പെടുന്ന ട്രാവൽ ഇൻഷുറൻസ്.
- ഇന്ത്യയിൽ നിന്ന് ജപ്പാൻ ഇവിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം.
- ഔദ്യോഗിക വിഎഫ്എസ് ഗ്ലോബൽ ജപ്പാൻ വിസ പേജ് സന്ദർശിക്കുക.
- ജപ്പാൻ ടൂറിസ്റ്റ് വിസ / ഇ-വിസ തിരഞ്ഞെടുക്കുക.
- വിസ അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക.
- ആവശ്യമായ എല്ലാ രേഖകളുടെയും സ്കാൻ ചെയ്ത പകർപ്പുകൾ നൽകുക
- വിഎഫ്എസ് / അംഗീകൃത ഏജന്റ് വഴി നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക.
- വിസ ഫീസ് അടയ്ക്കുക.
അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ നിങ്ങളുടെ ജപ്പാൻ ഇവിസ പിഡിഎഫ് ഫോർമാറ്റിൽ ഇമെയിൽ വഴി ലഭിക്കും.


