സ്വദേശ് ദര്‍ശന്‍ 2.0; മലമ്പുഴയ്ക്ക് ഇനി പുതിയ മുഖം, 75.87 കോടിയുടെ നവീകരണ പദ്ധതിക്ക് തുടക്കം

Published : Aug 21, 2025, 10:47 AM IST
Malampuzha Garden

Synopsis

മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡന്‍സിന്റെ മാതൃകയില്‍ മലമ്പുഴ ഉദ്യാനവും പരിസരവും നവീകരിക്കുന്നതിനുള്ള 75.87 കോടി രൂപയുടെ പദ്ധതിക്ക് തുടക്കമായി. 

പാലക്കാട്: വിനോദസഞ്ചാര ഭൂപടത്തില്‍ മലമ്പുഴയ്ക്ക് ഇനി പുതിയ മുഖം. മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡന്‍സിന്റെ മാതൃകയില്‍ മലമ്പുഴ ഉദ്യാനവും പരിസരവും നവീകരിക്കുന്നതിനുള്ള 75.87 കോടി രൂപയുടെ ബൃഹദ് പദ്ധതിക്ക് തുടക്കമായി. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മലമ്പുഴയെ വടക്കന്‍ കേരളത്തിലെ ഒരു പ്രധാന ടൂറിസം കേന്ദ്രമായി ഉയര്‍ത്താനുള്ള പ്രവൃത്തികള്‍ നടത്തുന്നത്. ജലസേചന വകുപ്പിന്റെ പൂര്‍ണ്ണ സഹകരണത്തോടെയാണ് ടൂറിസം വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. ഇരു വകുപ്പുകളും ധാരണയിലെത്തുകയും കരാറില്‍ ഏര്‍പ്പെടുകയും ചെയ്തതോടെ പ്രവൃത്തികള്‍ക്ക് ഔദ്യോഗികമായി തുടക്കമായി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണസംഘമാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നത്.

മലമ്പുഴയുടെ പ്രകൃതിഭംഗിക്ക് കോട്ടം തട്ടാതെ, സന്ദര്‍ശകര്‍ക്ക് കൂടുതല്‍ ആധുനികവും ആകര്‍ഷകവുമായ സൗകര്യങ്ങള്‍ ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി പുതിയ തീം പാര്‍ക്കുകള്‍, വാട്ടര്‍ ഫൗണ്ടനുകള്‍, മറ്റ് വിനോദകേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കും. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായ അനുഭവം നല്‍കും. കൂടാതെ ഓര്‍ക്കിഡ് പുഷ്പങ്ങള്‍ക്കായി പ്രത്യേക ഓര്‍ക്കിഡ് പാര്‍ക്ക് ഒരുങ്ങും. നിലവിലുള്ള ഉദ്യാനത്തിന്റെ രൂപകല്‍പ്പനയില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട്, പൂന്തോട്ടത്തിന് നടുവിലൂടെ വിശാലമായ നടപ്പാതകളും വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും സ്ഥാപിക്കും.

പ്രാദേശിക കാര്‍ഷിക പൈതൃകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു പ്രത്യേക മാമ്പഴത്തോട്ടം ഒരുക്കും. അതോടൊപ്പം, പരമ്പരാഗത കലാരൂപങ്ങള്‍ അവതരിപ്പിക്കാനുള്ള വേദികളും നിര്‍മ്മിക്കും. ഭിന്നശേഷിക്കാര്‍ക്ക് ഉദ്യാനത്തില്‍ എളുപ്പത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന രീതിയില്‍ പ്രത്യേക വഴികളും റാമ്പുകളും നിര്‍മ്മിക്കും. പരിസ്ഥിതി സൗഹൃദപരമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ട്, മലമ്പുഴയെ കൂടുതല്‍ വൃത്തിയുള്ളതും സുസ്ഥിരവുമായ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റും. 2026 മാര്‍ച്ച് 31-ന് മുമ്പ് പദ്ധതി പൂര്‍ത്തീകരിക്കും.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല