മലബാറിൽ നാളെ വള്ളംകളി ആവേശം; സിബിഎല്‍ മത്സരങ്ങള്‍ ഫറോക്കിലേയ്ക്ക്

Published : Oct 11, 2025, 05:56 PM IST
Champions boat league

Synopsis

സംസ്ഥാന ടൂറിസം വകുപ്പിന്റെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഞായറാഴ്ച ഫറോക്കിലെ ചാലിയാറില്‍ നടക്കും. 14 വള്ളങ്ങള്‍ മാറ്റുരയ്ക്കുന്ന മത്സരം ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 

കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎല്‍ മാതൃകയില്‍ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സിബിഎല്‍) ചുരുളന്‍ വള്ളങ്ങളുടെ മത്സരങ്ങള്‍ ഫറോക്കില്‍ ചാലിയാറില്‍ ഞായറാഴ്ച നടക്കും. ഫറോക്ക് പഴയ പാലത്തിനും പുതിയ പാലത്തിനുമിടയില്‍ നടക്കുന്ന മത്സരത്തില്‍ 14 വള്ളങ്ങളാണ് മാറ്റുുരയ്ക്കുന്നത്. മത്സരങ്ങള്‍ ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഫറോക്ക് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ സി അബ്ദുുള്‍ റസാഖ് അധ്യക്ഷനാകുന്ന ചടങ്ങില്‍ എം കെ രാഘവന്‍ എംപി, കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്, ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, കെടിഐഎല്‍ ചെയര്‍മാന്‍ എസ് കെ സജിഷ്, മുന്‍ എംഎല്‍എ വികെസി മമ്മദ് കോയ എന്നിവര്‍ പങ്കെടുക്കും. മത്സരങ്ങള്‍ ഉച്ചതിരിഞ്ഞ് രണ്ടിന് ആരംഭിക്കും.

ഒരു വള്ളത്തില്‍ 30 തുഴച്ചിലുകാര്‍ ഉണ്ടായിരിക്കും. അഞ്ച് ഹീറ്റ്സ് മത്സരങ്ങളും അതില്‍ നിന്ന് സമയക്രമം അനുസരിച്ച് മൂന്ന് ഫൈനലുകളും (ഫസ്റ്റ് ലൂസേഴ്സ്, ലൂസേഴ്സ്, ഫൈനല്‍) നടക്കും. വൈകിട്ട് അഞ്ചിന് സമ്മാനദാനം നടക്കും. മലബാറിലെ സിബിഎല്‍ മത്സരങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ധര്‍മ്മടത്ത് നടന്ന മത്സരത്തിലെ ജനപങ്കാളിത്തമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഓരോ സീസണിലും പുതിയ ടൂറിസം സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളാണ് ടൂറിസം വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. വള്ളംകളിയുടെ സീസണില്‍ കേരളം സന്ദര്‍ശിക്കുന്ന ആഭ്യന്തര-വിദേശ സഞ്ചാരികള്‍ക്ക് ഏതു ജില്ലയിലും അത് കാണാന്‍ കഴിയാവുന്ന രീതിയിലേക്ക് സിബിഎല്ലിനെ വളര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

എകെജി പോടോത്തുരുത്തി എ ടീം, എ കെ ജി പോടോത്തുരുത്തി ബി ടീം, റെഡ്സ്റ്റാർ കാര്യകോട്, ന്യൂ ബ്രദേഴ്സ് മയിച്ച, വയൽക്കര മയിച്ച, എ കെ ജി മയിച്ച, വയൽക്കര വെങ്ങാട്ട്, വിബിസി കുറ്റിവയൽ (ഫൈറ്റിങ് സ്റ്റാർ ക്ലബ്), കൃഷ്ണപിള്ള കാവുംചിറ, പാലിച്ചോൻ അച്ചാം തുരുത്തി എ ടീം, പാലിച്ചോൻ അച്ചാം തുരുത്തി ബി ടീം, അഴിക്കോടൻ അച്ചാം തുരുത്തി, ഇ എം എസ് മുഴക്കീൽ, നവേദയ മംഗലശേരി, ധര്‍മ്മടം ബോട്ട് ക്ലബ് എന്നിവയാണ് ഫറോക്കില്‍ മാറ്റുുരയ്ക്കുന്നത്. വള്ളംകളിയുടെ ഇടവേളകളില്‍ ജലാഭ്യാസ പ്രകടനങ്ങളും നടക്കും.

പങ്കെടുക്കുന്ന വള്ളങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതമാണ് ബോണസ് ലഭിക്കുന്നത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം ഒന്നര ലക്ഷം രൂപ, ഒരു ലക്ഷം രൂപ, അമ്പതിനായിരം രൂപ എന്നിങ്ങനെയാണ് ലഭിക്കുന്നത്. ധര്‍മ്മടത്തിനും ബേപ്പൂരിനും പുറമെ കാസര്‍ഗോഡ് ചെറുവത്തൂരിലും (19.10.2025), സിബിഎല്‍ മത്സരങ്ങള്‍ നടത്തുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഭൂമിയിലെ സ്വര്‍ഗം! മണാലിയിൽ മഞ്ഞുപെയ്യുന്നത് കണ്ടിട്ടുണ്ടോ?
ഗാനമേള ട്രൂപ്പുമായി കെഎസ്ആർടിസി! ​'ഗാനവണ്ടി'യുടെ ആദ്യ പ്രോഗ്രാം ഇന്ന്