
വിദേശ സഞ്ചാരികൾക്കായുള്ള കുടിയേറ്റ നടപടികൾ കൂടുതൽ വേഗത്തിലും സുഗമമായും നടത്തുന്നതിനായി തായ്‌ലൻഡ് പുതിയ മൊബൈൽ ആപ്പ് അവതരിപ്പിക്കുന്നു. ‘തായ്‌ലൻഡ് ഇമിഗ്രേഷൻ മാനേജ്മെന്റ്’ (THIM) എന്ന പേരിലുള്ള ഈ ആപ്പ് 2026 ഓഗസ്റ്റിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുമെന്ന് തായ്‌ലൻഡ് ഇമിഗ്രേഷൻ ബ്യൂറോ അറിയിച്ചു. നിലവിൽ ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി ലഭ്യമാണ്.
തായ്‌ലൻഡിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് തന്നെ വിദേശ സഞ്ചാരികൾക്ക് അവരുടെ വ്യക്തിഗത വിവരങ്ങൾ, യാത്രാ വിവരങ്ങൾ, താമസ വിവരങ്ങൾ എന്നിവ ആപ്പിലൂടെ സമർപ്പിക്കാൻ സാധിക്കും. ഇതിലൂടെ ‘തായ്‌ലൻഡ് ഡിജിറ്റൽ അറൈവൽ കാർഡ്’ (TDAC) മുൻകൂട്ടി സൃഷ്ടിക്കാൻ സാധിക്കും. വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുകയും പ്രവേശന നടപടികൾ വേഗത്തിലാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
നേഷൻ തായ്‌ലൻഡ് റിപ്പോർട്ട് പ്രകാരം, യാത്രക്കാർക്ക് മൂന്ന് മിനിറ്റിനുള്ളിൽ തന്നെ ആവശ്യമായ വിവരങ്ങൾ ആപ്പിൽ പൂരിപ്പിക്കാനാകും. സ്മാർട്ട്ഫോൺ ക്യാമറ ഉപയോഗിച്ച് പാസ്‌പോർട്ട് സ്കാൻ ചെയ്യാനുള്ള സൗകര്യവും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി പാസ്‌പോർട്ട് വിവരങ്ങൾ കൈകൊണ്ട് ടൈപ്പ് ചെയ്യേണ്ടതില്ല.
ആപ്പിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ സുരക്ഷിതമായ ഇമിഗ്രേഷൻ ഡാറ്റാ സംവിധാനത്തിൽ സൂക്ഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, ഒരു സമയം പരമാവധി 10 പേരുടെ വിവരങ്ങൾ ഒരുമിച്ച് രജിസ്റ്റർ ചെയ്യാനുള്ള ഗ്രൂപ്പ് രജിസ്ട്രേഷൻ സംവിധാനവും THIM ആപ്പിൽ ലഭ്യമാകും. കുടുംബങ്ങളായോ ടൂർ ഗ്രൂപ്പുകളായോ യാത്ര ചെയ്യുന്നവർക്ക് ഇത് ഏറെ സഹായകരമാകും. നിലവിൽ തായ്‌ലൻഡിലേക്ക് എത്തുന്ന വിദേശ യാത്രക്കാർ വെബ്‌സൈറ്റ് അടിസ്ഥാനത്തിലുള്ള സംവിധാനത്തിലൂടെയാണ് വിവരങ്ങൾ സമർപ്പിക്കേണ്ടത്. എന്നാൽ പുതിയ മൊബൈൽ ആപ്പ് കൂടുതൽ വേഗതയും സൗകര്യവും നൽകുമെന്നാണ് വിലയിരുത്തൽ.
ഭാവിയിൽ THIM ഒരു ‘സൂപ്പർ ആപ്പ്’ ആക്കി വികസിപ്പിക്കാനാണ് തായ്‌ലൻഡ് സർക്കാരിന്റെ പദ്ധതി. ഇമിഗ്രേഷൻ സംബന്ധമായ വിവിധ രേഖകൾക്കായുള്ള അപേക്ഷകൾ, അപ്പോയിന്റ്മെന്റ് ബുക്കിംഗ്, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടൂറിസ്റ്റ് പോലീസ് ഹെൽപ്‌ലൈൻ സേവനം, ഹ്രസ്വകാല സഞ്ചാരികൾ, ദീർഘകാല വിസ ഉടമകൾ, വിദേശ താമസക്കാർ എന്നിവർക്കുള്ള വിവിധ സേവനങ്ങൾ എന്നിവയെല്ലാം ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ.