
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ അവധിക്കാല വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഗോവ. മനോഹരമായ ബീച്ചുകൾ ഗോവയിലേയ്ക്ക് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്നു. ആഘോഷങ്ങളുടെ നാടായ ഗോവ എപ്പോഴും പ്രത്യേക വൈബുള്ള സ്ഥലമാണ്. എന്നാൽ, ഇൻസ്റ്റാഗ്രാം റീലുകൾക്ക് അപ്പുറത്തേക്ക് അധികമാര്‍ക്കും അറിയാത്ത ഗോവയുടെ മറ്റൊരു മുഖമുണ്ട്. എല്ലാ തരം സഞ്ചാരികളുടെയും മനംനിറക്കുന്ന, ശാന്തമായ ഗോവ.
ലോകം എത്ര വേഗത്തിൽ സഞ്ചാരിച്ചാലും ഗോവയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് അതിന്റേത് മാത്രമായ സമയമുണ്ട്. എപ്പോഴും ഫോട്ടോകൾ പകര്‍ത്തുന്നത് നിര്‍ത്തി മനോഹരമായ ബീച്ചുകളും സൂര്യാസ്തമയങ്ങളും കാണാൻ അവ നിങ്ങളെ പ്രേരിപ്പിക്കും. കഫേകളിലെ പതിഞ്ഞ ശബ്ദത്തിലുള്ള സംഗീതം നിങ്ങളെ ഒരു കോഫിയിൽ എത്ര സമയം വേണമെങ്കിലും പിടിച്ചിരുത്തും. തിരക്കുപിടിച്ച ജീവിതത്തെ ഒന്ന് മെല്ലെയാക്കാൻ ഗോവയ്ക്ക് പ്രത്യേക കഴിവുണ്ട്.
ഇന്ത്യൻ, പോർച്ചുഗീസ്, കത്തോലിക്കാ, ഹിന്ദു, ബോഹോ, ബാക്ക്പാക്കർ, പാശ്ചാത്യ സംസ്കാരങ്ങളുടെ ഒരു സങ്കലനമാണ് ഗോവയുടെ പ്രത്യേകത. പൻജിമിലെ ലാറ്റിൻ ക്വാർട്ടറായ ഫോണ്ടൈൻഹാസിലൂടെ നടക്കുമ്പോൾ നിങ്ങൾ ലിസ്ബണിൽ എത്തിയതായി അനുഭവപ്പെടും. ഇടുങ്ങിയ പാതകൾ, പ്രത്യേക നിറത്തിലുള്ള പോർച്ചുഗീസ് വീടുകൾ, ചുവന്ന ടൈലുകൾ പാകിയ മേൽക്കൂരകൾ തുടങ്ങി അങ്ങനെ ഓരോന്നും അതിന്റെ വാസ്തുവിദ്യയിലും നിര്‍മ്മാണ രീതികളിലും ഇപ്പോഴും പ്രതിധ്വനിക്കുന്ന കൊളോണിയൽ ഭൂതകാലത്തിന്റെ കഥകൾ പറയും.
ഗോവയിലെത്തുന്നവര്‍ക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പള്ളിയിലെ കുർബാനയിൽ പങ്കെടുക്കുകയോ ക്ഷേത്രത്തിലെ പൂജയുടെ ഭാഗമാകുകയോ അല്ലെങ്കിൽ ഗുരുദ്വാര സന്ദര്‍ശിക്കുകയോ ചെയ്യാം. ഇവിടെയാണ് സഹവർത്തിത്വം എന്ന വാക്ക് പോലും അന്വര്‍ത്ഥമാകുന്നത്. സംസ്കാരങ്ങളെ പുറമെ നിന്ന് നോക്കിക്കാണുന്നതിന് പകരം അവയുടെ ഭാഗമാണെന്നുള്ള അനുഭവം ഗോവ സമ്മാനിക്കും. ഇതുവഴി ഇന്ത്യയിൽ മറ്റെവിടെയും കണ്ടെത്താൻ പ്രയാസമുള്ള ഒരു പ്രത്യേക തരം ഐക്യം ഗോവയിൽ കാണാൻ കഴിയും.
സഞ്ചാരികളുടെ കണ്ണിൽപ്പെടാത്ത ഒട്ടനവധി സ്ഥലങ്ങൾ ഇന്നും ഗോവയിൽ ഒളിച്ചിരിക്കുന്നുണ്ട്. അവ തേടിയുള്ള യാത്രകളായിരിക്കും ഏറ്റവും മനോഹരം. യാത്രാ ഗൈഡുകളുടെ പട്ടികയിൽ ഇടം നേടാത്ത സ്ഥലങ്ങൾ കണ്ടെത്തുന്നതിൽ ആഴത്തിലുള്ള സംതൃപ്തി നൽകുന്ന എന്തോ ഒന്ന് ഉണ്ടെന്ന തോന്നൽ നിങ്ങളിൽ അറിയാതെ ഉടലെടുക്കും. മാത്രമല്ല, ഗോവയുടെ പരമ്പരാഗത രുചികൾ തേടിയുള്ള യാത്രകൾ മനസ് മാത്രമല്ല, നിങ്ങളുടെ വയറും നിറയ്ക്കും. കേവലം ചെമ്മീന്‍ കറിയുടെ സ്വാദിനപ്പുറം ഗോവൻ-പോര്‍ച്ചുഗീസ്-കൊങ്കൺ സ്വാധീനങ്ങളുടെ സംയോജനം ഗോവയിലെ പാചകരീതികളിൽ വലിയ രീതിയിലുണ്ട്. തീരദേശ മേഖലകളിലെ ധാബകളോ ഗുജറാത്തി ഭാഷയിലുള്ള ബോര്‍ഡുകളോ കണ്ട് വഞ്ചിതരാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
മറ്റ് സംസ്ഥാനങ്ങളിലോ ടൂറിസ്റ്റ് കേന്ദ്രങ്ങളിലോ കാണാൻ കഴിയാത്ത പ്രത്യേകമായ ഒരു അവസരവും ഗോവ നിങ്ങൾക്ക് സമ്മാനിക്കും. വ്യത്യസ്തരമായ മനുഷ്യരെ കണ്ടുമുട്ടാനും ചിലരെയെങ്കിലും സുഹൃത്താക്കി മാറ്റാനും ഗോവയ്ക്ക് പ്രത്യേകമായ ഒരു കഴിവുണ്ട്. കാരണം, ഗോവയിലെ ജനങ്ങൾ വിനോദ സഞ്ചാരികളുമായി കാലാകാലങ്ങളായി ഇടപഴകുന്നവരാണ്. അവര്‍ക്ക് നിങ്ങളെ എങ്ങനെ സ്വീകരിക്കണമെന്ന കാര്യത്തിൽ പ്രത്യേകമായ ആലോചനകളുടെ ആവശ്യമില്ല. സ്വന്തം കുടുംബാംഗങ്ങളെ പോലെ അവര്‍ പെരുമാറും. ഗോവക്കാര്‍ അവിടേയ്ക്ക് എത്തുന്ന വിനോദസഞ്ചാരികളുമായി വഴക്കിടുകയോ മോശമായി പെരുമാറുകയോ ചെയ്യുന്നു എന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ പോലും അപൂർവമാണ്.
ഗോവയിലെ സാധാരണക്കാരോട് ഒരു വഴി ചോദിക്കുമ്പോൾ ചിലപ്പോൾ നിങ്ങൾക്ക് വളരെ മികച്ച റെസ്റ്റോറന്റുകളെ കുറിച്ചോ കാലാവസ്ഥായെ കുറിച്ചോ ചിലപ്പോൾ അത്താഴത്തിനുള്ള ക്ഷണമോ പോലും ലഭിച്ചേക്കാം. പ്രത്യേകിച്ച്, ഒരേ ബീച്ച് കഫേയിലോ ഗൈഡഡ് ടൂറിലോ പാർട്ടിയിലോ നിങ്ങൾ വളരെ നേരം ചെലവഴിക്കുകയാണെങ്കിൽ നിങ്ങൾക്ക് ജീവിതകാലം മുഴുവൻ കുറച്ച് സുഹൃത്തുക്കളെ നേടാൻ പോലും കഴിഞ്ഞേക്കും. ഇതിലൂടെയെല്ലാം, ഗോവ നിങ്ങൾക്ക് ഒരു അവധിക്കാലം മാത്രമല്ല സമ്മാനിക്കുന്നത്. അത് നിങ്ങൾക്ക് ആഴത്തിലുള്ള ഒരു അനുഭൂതി നൽകുന്നു. ചിലപ്പോൾ, അത് തന്നയല്ലേ നമുക്കും വേണ്ടത്!