ട്രെയിനിൽ കയറുന്നതിന് തൊട്ട് മുമ്പ് വരെയുള്ള കാര്യങ്ങൾ പലപ്പോഴും സമ്മർദ്ദം നിറഞ്ഞ അനുഭവങ്ങളായി മാറാറുണ്ട്. ചെറിയ മുൻകരുതൽ എടുത്താൽ ഈ അബദ്ധങ്ങൾ പൂർണ്ണമായും ഒഴിവാക്കാനാകും.
ട്രെയിൻ യാത്രകൾ പലർക്കും ഒരു ഹരമാണ്. ജനാലയ്ക്ക് പുറത്തെ കാഴ്ചകൾ ആസ്വദിച്ച് ഒരു ചായ കുടിച്ച് സമാധാനപരമായുള്ള യാത്രകളാണ് പലരും സ്വപ്നം കാണാറുള്ളത്. എന്നാൽ, റെയിൽവേ സ്റ്റേഷനിലെത്തുന്ന നിമിഷം മുതൽ ട്രെയിനിൽ കയറുന്നത് വരെയുള്ള സമയം ഏറെ സമ്മർദ്ദം നിറഞ്ഞതായിരിക്കും. യാത്ര സുഗമമാക്കുന്ന ലളിതമായ മുൻകരുതലുകൾ അവഗണിക്കുന്നതാണ് ഇതിന് കാരണം. അൽപ്പം ആസൂത്രണവും നിരീക്ഷണവും ഉണ്ടെങ്കിൽ ചില തെറ്റുകൾ പൂർണ്ണമായും ഒഴിവാക്കാനാകും. റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർ സാധാരണയായി ചെയ്യുന്ന 6 തെറ്റുകൾ ഇതാ:
1. അവസാന നിമിഷത്തെ ഓട്ടം
പല യാത്രക്കാരും, പ്രത്യേകിച്ച് വലിയ നഗരങ്ങളിൽ ഒരു റെയിൽവേ സ്റ്റേഷനിലെത്താൻ ആവശ്യമായ സമയം കുറച്ചുകാണുന്നു. ടിക്കറ്റ് പരിശോധനാ ക്യൂകൾ, പ്ലാറ്റ്‌ഫോമിലുണ്ടാകുന്ന മാറ്റങ്ങൾ, പ്രവേശന കവാടത്തിനും പ്ലാറ്റ്ഫോമിനും ഇടയിലുള്ള നീണ്ട നടത്തം എന്നിവ അവസാന നിമിഷം വരെ സമ്മർദ്ദം സൃഷ്ടിക്കും. നേരത്തെ എത്തുന്നത് നിങ്ങൾക്ക് സമാധാനമായി കോച്ചിന്റെ സ്ഥാനം കണ്ടെത്താനും, അനാവശ്യമായ ആശങ്ക ഒഴിവാക്കാനും സമയം നൽകും. മുന്നറിയിപ്പില്ലാതെ പ്ലാറ്റ്‌ഫോം മാറുകയാണെങ്കിൽ അതും നിങ്ങൾക്ക് ഒരു പ്രശ്നമാകില്ല. കുറഞ്ഞത് 30-45 മിനിറ്റ് നേരത്തെ സ്റ്റേഷനിലെത്താൻ ശ്രദ്ധിക്കുക.
2. പ്ലാറ്റ്‌ഫോം സംബന്ധമായ അറിയിപ്പുകൾ ശ്രദ്ധക്കാതിരിക്കൽ
പുറപ്പെടുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് ട്രെയിനുകൾ മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നത് സാധാരണമാണ്. ഡിസ്‌പ്ലേ ബോർഡുകളെ മാത്രം ആശ്രയിക്കുന്ന യാത്രക്കാർക്ക് പലപ്പോഴും ഈ അപ്‌ഡേറ്റുകൾ നഷ്ടമാകാറുണ്ട്. സ്റ്റേഷനിലെ വലിയ ശബ്ദത്തിനിടയിൽ അറിയിപ്പുകൾ ശ്രദ്ധിക്കുന്നത് അത്ര എളുപ്പമല്ലെങ്കിലും ലൗഡ്‌സ്പീക്കറുകളിൽ ഒരു ചെവി വെയ്ക്കുന്നത് നന്നായിരിക്കും. ഏതാനും മിനിറ്റുകൾ കൂടുമ്പോൾ ഡിസ്പ്ലേ ബോർഡുകൾ വീണ്ടും പരിശോധിക്കുന്നത് ആശയക്കുഴപ്പം ഒഴിവാക്കാൻ സഹായിക്കും.
3. കോച്ച് പൊസിഷൻ ബോർഡുകൾ അവഗണിക്കൽ
പല സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോമുകളുടെ തുടക്കത്തിൽ കോച്ച് പൊസിഷൻ ബോർഡുകൾ സ്ഥാപിക്കാറുണ്ട്, പക്ഷേ യാത്രക്കാർ പലപ്പോഴും അവ കാണാതെ പോകാറാണ് പതിവ്. ഇത് ട്രെയിൻ എത്തുമ്പോൾ യാത്രക്കാരെ പരിഭ്രാന്തരാക്കും. കൂടാതെ നിങ്ങളുടെ സീറ്റ് നിരവധി കോച്ചുകൾക്ക് അപ്പുറമുള്ള കോച്ചിലാണെന്ന് അപ്പോഴാകും തിരിച്ചറിയുക. കോച്ച് പൊസിഷൻ ബോർഡുകൾ മുൻകൂട്ടി പരിശോധിക്കുന്നത് ശരിയായ സ്ഥലത്ത് നിൽക്കാനും ശാന്തമായി ട്രെയിനിൽ കയറാനും അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാനും നിങ്ങളെ സഹായിക്കും.
4. കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ലഗേജ് കൊണ്ടുപോകൽ
യാത്രക്കാർ പലപ്പോഴും അമിതമായി ബാഗുകൾ പായ്ക്ക് ചെയ്യുന്നത് പതിവ് കാഴ്ചയാണ്. ഓരോ ബാഗും കൊണ്ടുനടക്കാനും സംരക്ഷിക്കാനുമെല്ലാം അവരവർ തന്നെ വേണമെന്ന കാര്യം മറന്നുപോകരുത്. നിങ്ങൾക്ക് വേണമെങ്കിൽ ഒരു കൂലിക്കാരനെ നിയമിക്കാം, പക്ഷേ പലപ്പോഴും ഇതിന് അമിതമായി പണം ഈടാക്കാറുണ്ട്. അധിക ലഗേജ് കൊണ്ടുപോകുന്നത് നിങ്ങളുടെ യാത്രയുടെ വേഗത കുറയ്ക്കുകയും സാധനങ്ങൾ നഷ്ടപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്നത് മാത്രം പായ്ക്ക് ചെയ്യുക. ഇത് ട്രെയിനിൽ കയറുന്നതും ഇറങ്ങുന്നതും വളരെ എളുപ്പമാക്കുന്നു.
5. സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാതിരിക്കൽ
മോഷണം സാധാരണയായി നടക്കുന്നത് യാത്രക്കാർ സാധനങ്ങൾ വാങ്ങാൻ നിൽക്കുമ്പോഴോ ഫോണിൽ നോക്കി ഇരിക്കുമ്പോഴോ എല്ലാമാണ്. യാത്രക്കാർ പലപ്പോഴും അറിയാതെ തങ്ങളുടെ ബാഗുകൾ താഴെ വയ്ക്കുകയോ സിപ്പുകൾ തുറന്നിടുകയോ ചെയ്യാറുണ്ട്. നിങ്ങളുടെ സാധനങ്ങൾ ശ്രദ്ധിക്കുകയും അടുത്ത് തന്നെ സൂക്ഷിക്കുകയും ചെയ്യുന്നത് വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കും. തിരക്കേറിയ സ്റ്റേഷനുകളിൽ ഇത് പ്രത്യേകം ശ്രദ്ധിക്കണം.
6. സംശയമുള്ളപ്പോൾ സ്റ്റാഫ് കൗണ്ടറുകളെ അവഗണിക്കൽ
പല യാത്രക്കാർക്കും റെയിൽവേ സ്റ്റേഷൻ ജീവനക്കാരെ സമീപിക്കാൻ മടിയാണ്. എല്ലാം സ്വയം കണ്ടെത്താനാകുമെന്ന അമിത ആത്മവിശ്വാസമായിരിക്കാം പലപ്പോഴും ഇതിന് കാരണം. ഇത് ചിലപ്പോൾ തെറ്റായ പ്ലാറ്റ്‌ഫോം ക്യൂകളിലേക്കോ, തെറ്റിദ്ധാരണകളിലേക്കോ അല്ലെങ്കിൽ പ്രധാനപ്പെട്ട അപ്‌ഡേറ്റുകൾ നഷ്‌ടപ്പെടുന്നതിലേക്കോ നയിക്കുന്നു. സാധാരണയായി സ്റ്റാഫ് അംഗങ്ങൾക്ക് ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമായിരിക്കും. അവർക്ക് നിങ്ങളുടെ സംശയങ്ങൾ തൽക്ഷണം ദൂരീകരിക്കാൻ കഴിയും. സഹായം ചോദിക്കുന്നത് സമയം ലാഭിക്കുകയും ഒഴിവാക്കാവുന്ന തെറ്റുകളെ തടയുകയും ചെയ്യുന്നു.


