ഊട്ടിയിലേയ്ക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് രണ്ട് ദിവസം കൊണ്ട് പ്രധാന സ്ഥലങ്ങളെല്ലാം കാണാൻ സാധിക്കും. ടൗണിന് സമീപമുള്ള സ്ഥലങ്ങളിലേയ്ക്ക് വേണം ആദ്യ ദിനം പോകാൻ.

മലയാളികളുടെ പ്രിയപ്പെട്ട ഹിൽസ്റ്റേഷനുകളിലൊന്നാണ് ഊട്ടി. അവധിക്കാലം വന്നാൽ മലയാളികൾ കൂട്ടത്തോടെ ഊട്ടിയിലെ തണുപ്പ് ആസ്വദിക്കാനായി എത്താറുണ്ട്. എന്നാൽ, ഊട്ടിയിലെത്തിയാൽ സമയം ലാഭിച്ചുകൊണ്ട് എന്തൊക്കെ കാഴ്ചകൾ കാണാം എന്ന കാര്യത്തിൽ പലർക്കും സംശയം ഉണ്ടാകാറുണ്ട്. ഊട്ടിയെ പ്രധാനമായും രണ്ട് മേഖലകളായി തിരിച്ച് സൈറ്റ് സീയിം​ഗിന് ഇറങ്ങുന്നതാണ് സമയം ലാഭിക്കാൻ ഏറ്റവും നല്ല മാർ​ഗം. അത്തരത്തിൽ രണ്ട് ദിവസം കൊണ്ട് ഊട്ടിയിൽ എന്തൊക്കെ കാണാം എന്ന് നോക്കാം.

ഒന്നാം ദിനം

ആദ്യ ദിനം ഊട്ടിയിലെ ടൗണിന് സമീപമുള്ള പ്രധാന സ്ഥലങ്ങൾ സന്ദർശിക്കാം. ദൊഡ്ഡബെട്ട പീക്ക്, ടീ ഫാക്ടറി, മ്യൂസിയം, ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ലേക്ക് തുടങ്ങിയ സ്ഥലങ്ങൾ ഒന്നാം ദിനം കാണാം.

  • രാവിലെ 9 മണിയോടെ ദൊഡ്ഡബെട്ട കൊടുമുടിയിലേയ്ക്ക് യാത്ര തിരിക്കാം. ഊട്ടിയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണിത്. രാവിലെ പോയാൽ നല്ല തെളിഞ്ഞ കാലാവസ്ഥയിൽ മനോഹരമായ കാഴ്ചകൾ ലഭിക്കാൻ സാധ്യതയുണ്ട്.
  • തുടർന്ന് 11 മണിയോടെ ടീ ഫാക്ടറിയും മ്യൂസിയവും സന്ദർശിക്കാം. ഇവിടെ നീലഗിരി തേയിലയുടെ നിർമ്മാണം നേരിട്ട് കാണാം. നല്ല ​ഗുണമേന്മയുള്ള തേയിലപ്പൊടി വാങ്ങാനും സാധിക്കും.
  • ഉച്ചഭക്ഷണത്തിന് ശേഷം 1 മണിയോടെ ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലേയ്ക്ക് പോകാം. ഇവിടെ അൽപ്പനേരം വിശ്രമിക്കാം. 55 ഏക്കറിലായി പരന്നുകിടക്കുന്ന വിശാലവും അതിമനോഹരവുമായ പൂന്തോട്ടമാണിത്.
  • വൈകുന്നേരം 3:30ഓടെ ഊട്ടി റോസ് ഗാർഡനിലേയ്ക്ക് പോകാം. വ്യത്യസ്തങ്ങളായ ആയിരക്കണക്കിന് ഇനം റോസാപ്പൂക്കൾ ഇവിടെ കാണാം. ഫോട്ടോ എടുക്കാൻ മികച്ച സ്ഥലമാണിത്.
  • വൈകുന്നേരം 5 മണിയോടെ ഊട്ടി തടാകത്തിലേയ്ക്ക് എത്താം. ഇവിടെ ബോട്ടിംഗ് ആസ്വദിക്കാം. ഊട്ടി ലേക്കിലെ സായാഹ്ന കാഴ്ചകൾ മനോഹരമാണ്.
  • സൈറ്റ് സീയിം​ഗ് പൂർത്തിയാക്കിയ ശേഷം രാത്രി സമയം ഷോപ്പിംഗിന് ഉപയോ​ഗിക്കാം. ഊട്ടിയിലെ പ്രശസ്തമായ ചോക്ലേറ്റുകൾ വാങ്ങാൻ മറക്കരുത്.

രണ്ടാം ദിനം

ആദ്യ ദിനത്തിൽ ടൗണിന് സമീപമുള്ള കാഴ്ചകളാണ് കണ്ടത്. രണ്ടാം ദിനത്തിൽ ഊട്ടിയിൽ നിന്ന് ഏകദേശം 20-30 കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യാം. ഇതിനായി സ്വന്തം വാഹനമുണ്ടെങ്കിൽ സൗകര്യമാണ്. ഇല്ലെങ്കിൽ ഒരു ടാക്സി വാടകയ്ക്ക് എടുക്കാം.

  • രാവിലെ 9 മണിയ്ക്ക് യാത്ര ആരംഭിക്കാം. ആദ്യം പൈകര വെള്ളച്ചാട്ടം സന്ദർശിക്കാം. പ്രധാന വെള്ളച്ചാട്ടത്തിലേക്ക് അൽപ്പം നടക്കാനുണ്ട്.
  • 11 മണിയോടെ പൈക്കരയിലെ ബോട്ടിം​ഗ് ആസ്വദിക്കാം. വനത്താൽ ചുറ്റപ്പെട്ട തടാകത്തിലെ സ്പീഡ് ബോട്ടിംഗ് ഒരു മികച്ച അനുഭവമാണ്.
  • ഉച്ച ഭക്ഷണത്തിന് ശേഷം 1 മണിയോടെ പൈൻ ഫോറസ്റ്റ് / 9-ാം മൈൽ ഷൂട്ടിംഗ് സ്പോട്ട് (സിനിമ ഷൂട്ടിംഗിന് പ്രശസ്തമായ പൈൻ മരങ്ങൾ നിറഞ്ഞ പ്രദേശം) എന്നിവിടങ്ങളിലെ കാഴ്ചകൾ കാണാം.
  • 3:30 ഓടെ വെൻലോക്ക് ഡൗൺസിലേയ്ക്ക് പോകാം. പുൽമേടുകൾ നിറഞ്ഞ വിസ്തൃതമായ സ്ഥലമാണിത്. കോടമഞ്ഞുള്ള സമയത്ത് ഇവിടുത്തെ കാഴ്ചകൾ അതിമനോഹരമാണ്.
  • വൈകുന്നേരം 5:30 ഓടെ ഊട്ടി ടൗണിലേക്ക് മടങ്ങാം.