
ലോകത്ത് പല ആകൃതിയിലുമുള്ള മലകളുണ്ട്. എന്നാൽ, ഒരു നായ്ക്കുട്ടിയുടെ തലയുടെ അതേ രൂപമുള്ള ഒരു മലയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചൈനയിലാണ് ഈ അത്ഭുത മല കണ്ടെത്തിയിരിക്കുന്നത്. 'പപ്പി മൗണ്ടൻ' എന്നാണ് ഇത് അറിയപ്പെടുന്നത്. പപ്പി മൗണ്ടന്റെ ചിത്രം കണ്ടാൽ ഒരു നായ്ക്കുട്ടി പുഴയിലെ വെള്ളം കുടിക്കുന്നതാണെന്നേ തോന്നൂ.
ഷാങ്ഹായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസൈനർ ഗുവോ ക്വിങ്‌ഷാൻ എന്നയാൾ വാലന്റൈൻസ് ദിനത്തിൽ പങ്കുവെച്ച ചിത്രമാണ് വൈറലായത്. ഗുവോ ക്വിങ്‌ഷാൻ ഈ മലയുടെ ചിത്രത്തിന് 'പപ്പി മൗണ്ടൻ' എന്ന് അടിക്കുറിപ്പ് നൽകുകയും ചെയ്തിരുന്നു. ചിത്രം വലിയ രീതിയിൽ പ്രചരിച്ചതോടെ ഇവിടേയ്ക്ക് നിരവധി മൃഗസ്നേഹികളും സഞ്ചാരികളും എത്താൻ തുടങ്ങി. ഇതോടെ 'പപ്പി മൗണ്ടൻ' ഒരു വിനോദ സഞ്ചാര കേന്ദ്രം തന്നെയായി മാറിയിരിക്കുകയാണ്.
ജനുവരി അവസാനം മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലുള്ള തന്റെ ജന്മനാടായ യിച്ചാങ്ങ് സന്ദർശിക്കുന്നതിനിടെ ഗുവോ ക്വിങ്ഷാൻ ഒരു ഹൈക്കിംഗിന് പോയിരുന്നു. പിന്നീട് ഫോട്ടോകൾ പരിശോധിച്ചപ്പോഴാണ് താൻ മുമ്പ് ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു കാര്യം അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടത്. യാങ്‌സി നദിയുടെ അരികിലായി നായയുടെ തലയുടെ ആകൃതിയിലുള്ള ഒരു മല. ഈ ചിത്രം ചൈനീസ് സോഷ്യൽ മീഡിയ ആപ്പായ സിയാവോഹോങ്ഷു അഥവാ റെഡ്നോട്ടിൽ ഗുവോ പോസ്റ്റ് ചെയ്തു. ഈ പോസ്റ്റിന് 10 ദിവസത്തിനുള്ളിൽ 1,20,000 ലൈക്കുകളാണ് ലഭിച്ചത്.
പപ്പി മൗണ്ടൻ കണ്ടെത്തിയപ്പോൾ തനിയ്ക്ക് ഏറെ ആവേശവും സന്തോഷവും തോന്നിയെന്ന് ഗുവോ ക്വിങ്ഷാൻ പറഞ്ഞു. ആ നായ്ക്കുട്ടിയുടെ ഇരിപ്പ് വെള്ളം കുടിക്കുന്നതുപോലെയോ, അല്ലെങ്കിൽ മത്സ്യത്തെ നോക്കുന്നതുപോലെയോ ആണ് തോന്നിയത്. നായ്ക്കുട്ടി യാങ്‌സി നദിയെ സംരക്ഷിക്കുന്നതായും തോന്നുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യിച്ചാങ്ങിലെ സിഗുയി കൗണ്ടിയിലാണ് പപ്പി മൗണ്ടൻ സ്ഥിതി ചെയ്യുന്നത്. അവിടെ ഒരു പോയിന്റിൽ നിന്ന് നോക്കിയാലാണ് ഈ അത്ഭുത പ്രതിഭാസം കാണാൻ കഴിയുക. ചൈനയിലെ ഏറ്റവും നീളം കൂടിയ നദിയും ലോകത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയുമായ യാങ്‌സി നദി ഈ പർവതപ്രദേശത്തിലൂടെയാണ് ഒഴുകുന്നത്. അതേസമയം, ഈ മലയുടെ ആകൃതി സ്വാഭാവികമായി ഉണ്ടായതാണോ അതോ മനുഷ്യനിർമ്മിതമാണോ എന്ന കാര്യത്തിൽ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.
READ MORE: ഏത് മൂഡ്...പൊളി മൂഡ്! വൈബ് പിടിക്കാൻ ഈ ബീച്ച് കിടുവാണ്!