നെയ്യാർ നദി അറബിക്കടലുമായി സംഗമിക്കുന്നത് പൂവാറിൽ വെച്ചാണ്.
ബീച്ചുകളുടെ മനോഹാരിതയും വൈബും ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ, ബീച്ചിനൊപ്പം ഒരു നദിയും കൂടി ചേർന്നാലോ? തിരുവനന്തപുരം ജില്ലയിലെ പൂവാർ ബീച്ചിൽ എത്തിയാൽ പ്രകൃതിയുടെ പൂർണത കാണാം. നെയ്യാർ നദി അറബിക്കടലുമായി സംഗമിക്കുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ഒരു ദിവസം ചെലവഴിക്കാൻ പൂവാർ ഒരു മികച്ച ഓപ്ഷനാണ്.

തിരുവനന്തപുരത്ത് നിന്ന് ഏകദേശം 35 കിലോ മീറ്റർ അകലെയാണ് പൂവാർ സ്ഥിതി ചെയ്യുന്നത്. സമൃദ്ധമായ കണ്ടൽക്കാടുകളും വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളും നിറഞ്ഞ ശാന്തമായ കായലുകൾ പൂവാറിന്റെ സവിശേഷതയാണ്. ബോട്ടിൽ മാത്രം എത്തിച്ചേരാവുന്ന ഈ ബീച്ചിൽ വലിയ തിരക്കുണ്ടാകാറില്ല.

ഇവിടെയെത്തുന്നവർക്ക് സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ കഴിയും. പൂവാറിലെ ബീച്ച് സ്പോർട്സ് ജനപ്രിയമാണ്. സ്വിമ്മിംഗ്, സർഫിംഗ്, പാരാസെയിലിംഗ് തുടങ്ങിയ അഡ്വഞ്ചർ വാട്ടർ സ്പോർട്സ് ഇനങ്ങൾ നിങ്ങൾക്ക് ഇവിടെ ആസ്വദിക്കാം. കായലിലെ ബോട്ടിംഗാണ് മറ്റൊരു ജനപ്രിയ വിനോദം.

ആഴിമല ശിവക്ഷേത്രം, വിഴിഞ്ഞം തുറമുഖം, പ്രശസ്തമായ കോവളം ബീച്ച് എന്നിവ പൂവാറിന് സമീപത്തുള്ള പ്രധാന ആകർഷണങ്ങളാണ്. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ നിന്ന് 10 കിലോ മീറ്റർ സഞ്ചരിച്ചാൽ പൂവാറിലെത്താം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം - 27 കിലോ മീറ്റർ, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ - 27 കിലോ മീറ്റർ.
