കോഴിക്കോട് കനത്ത മഴ; വെള്ളച്ചാട്ടങ്ങള്‍, ബീച്ചുകൾ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

Published : May 24, 2025, 05:10 PM IST
കോഴിക്കോട് കനത്ത മഴ; വെള്ളച്ചാട്ടങ്ങള്‍, ബീച്ചുകൾ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

Synopsis

കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറുടെ നേതൃതത്വത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

കോഴിക്കോട്: മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വെള്ളച്ചാട്ടങ്ങള്‍, കടല്‍ത്തീരങ്ങള്‍, പുഴയോരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ആളുകള്‍ ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയോ പുഴകളിലും വെള്ളച്ചാട്ടങ്ങളിലും മറ്റും ഇറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ക്വാറികള്‍ ഉള്‍പ്പെടെയുള്ള ഖനനപ്രവൃത്തികള്‍, മലയോര മേഖലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ എന്നിവയ്ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലയില്‍ വരും മണിക്കൂറുകളില്‍ ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ നേതൃതത്വത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയില്‍ മഴക്കെടുതികള്‍ നേരിടുന്നതിന് എല്ലാ വിധ സന്നാഹങ്ങളും സജ്ജമാണെന്ന് ഉറപ്പുവരുത്താന്‍ ഡിഡിഎംഎ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കണം. അടിയന്തര ഘട്ടങ്ങളില്‍ പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള ക്യാംപുകള്‍, വാഹനങ്ങള്‍, അവശ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ സജ്ജമാക്കണം.

ജില്ലയിലെ ജലസംഭരണികള്‍, പുഴകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകള്‍ എന്നിവയിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാനും അവ തല്‍സമയം ജില്ലാതല കണ്‍ട്രോള്‍ റൂമിലേക്ക് അറിയിക്കാനും ജില്ലാ കലക്ടര്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. പുഴക്കരകളിലും മറ്റും താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. വീടുകളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അടിയന്തര ഘട്ടങ്ങളില്‍ പെട്ടെന്ന് മാറിത്താമസിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണം. 

അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള യന്ത്രസാമഗ്രികള്‍, ഭക്ഷണ സാധനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവ സജ്ജമാക്കാന്‍ തഹസില്‍ദാര്‍മാര്‍, പോലിസ്, ഫയര്‍ഫോഴ്‌സ്, ഡിഎംഒ, ആര്‍ടിഒ, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അപകടസാധ്യതയുള്ള മരങ്ങളും കൊമ്പുകളും മുറിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കണം. ദേശീയപാതയിലെ വെള്ളക്കെട്ടുകള്‍ പരിഹരിക്കാന്‍ ആവശ്യമായ പമ്പുകളും ടാങ്കറുളും സജ്ജമാക്കാന്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് റൂറല്‍ എസ്പി കെ ഇ ബൈജു, ഡിസിപി അരുണ്‍ കെ പവിത്രന്‍, ഡിഎം ഡെപ്യൂട്ടി കലക്ടര്‍ ഇ അനിത കുമാരി, ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ