
തിരുവനന്തപുരം: മഴക്കാലത്ത് വാഹനാപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. ഈ സാഹചര്യത്തിൽ അപകടങ്ങൾ പരമാവധി ഒഴിവാക്കാനായി എന്തെല്ലാം ശ്രദ്ധിക്കണമെന്ന നിർദ്ദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കേരള പൊലീസ്. ഇതുമായി ബന്ധപ്പെട്ട വിശദമായ ഒരു കുറിപ്പ് കേരള പൊലീസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.
മഴക്കാലത്ത് വാഹനങ്ങൾ റോഡിൽ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അല്പമൊന്നു ശ്രദ്ധിച്ചാൽ പല അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാൻ സാധിക്കും. മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്നു നോക്കാം.
റോഡിൽ വാഹനങ്ങൾ പുറംതള്ളുന്ന എണ്ണത്തുള്ളികൾ മഴപെയ്യുന്നതോടെ അപകടക്കെണികളാകാറുണ്ട്. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കൽ ഉള്ളതാകുന്നു. അതുകൊണ്ട് പരമാവധി പതുക്കെ വാഹനം ഓടിക്കുകയാണ് മഴക്കാലത്ത് ഉത്തമം. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചുവരുത്തും. പരമാവധി ബ്രേക്ക് ഉപയോഗം ഒഴിവാക്കി ആക്‌സിലറേറ്ററിൽ നിന്ന് കാലെടുത്ത് വേഗം നിയന്ത്രിക്കുന്നതാണ് സുരക്ഷിത ഡ്രൈവിങിന് ഉത്തമം.
വാഹനം ബൈക്കായാലും കാറായാലും ശരി ശക്തമായ മഴയത്ത് ഹെഡ്‌ലൈറ്റുകൾ ലോ ബീമിൽ കത്തിക്കുന്നത് നല്ലതാണ്. ശക്തമായ മഴയിൽ റോഡ് വ്യക്തമായി കാണുന്നതിനും മറ്റുവാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധയിൽ നിങ്ങളുടെ വാഹനം പെടുന്നതിനും ഹെഡ്‌ലൈറ്റ് സഹായിക്കും. വാഹനത്തിൽ ഫോഗ് ലൈറ്റ് ഉണ്ടങ്കിൽ അത് ഉപയോഗിക്കുന്നതാണ് നല്ലത്.
മഴക്കാലത്തിനു മുമ്പ് ടയറിന്റെ നിലവാരം പരിശോധിക്കുന്നത് നല്ലതാണ്. പണം ലാഭിക്കാൻ തേഞ്ഞ ടയർ പരമാവധി ഉപയോഗിക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാകും. തേയ്മാനം കൂടുമ്പോൾ ഗ്രിപ്പ് കുറയുമെന്നത് മറക്കാതിരിക്കുക. അലൈൻമെന്റും വീൽ ബാലൻസിങ്ങും കൃത്യമാക്കുകയും ടയറിലെ വായുമർദ്ദം നിശ്ചിത അളവിൽ നിലനിർത്തുകയും വേണം.
ഹെഡ്‌ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ, വൈപ്പർ, ഹാൻഡ് ബ്രേക്ക്, തുടങ്ങിയവ ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിനു മുമ്പ് പരിശോധിക്കണം.
വലിയ വാഹനങ്ങളുടെ കൂറ്റൻ ടയറുകൾ തെറിപ്പിക്കുന്ന ചെളിവെള്ളം നിങ്ങളുടെ കാഴ്ച തടസപ്പെടുത്തുമെന്ന് ഉറപ്പാണ്. ബ്രേക്ക് കിട്ടാതെ അവയ്ക്ക് പിന്നിൽ വാഹനം ഇടിച്ച് അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. വാഹനം പൂർണ നിയന്ത്രണത്തിലാക്കാൻ മറ്റു വാഹനങ്ങളുമായി പരമാവധി അകലം പാലിക്കുക.
മഴ അതിശക്തമാണെങ്കിൽ വാഹനം റോഡരികിൽ നിർത്തിയിട്ട് അല്പനേരം മഴ ആസ്വദിക്കാം. മഴയുടെ ശക്തി കുറഞ്ഞ ശേഷം യാത്ര തുടരുകയുമാകാം.