ഊട്ടിയിൽ ആദ്യമാണോ? എങ്കിൽ ഈ സ്ഥലങ്ങൾ വിട്ടുകളയരുത്!

Published : May 06, 2025, 05:11 PM IST
ഊട്ടിയിൽ ആദ്യമാണോ? എങ്കിൽ ഈ സ്ഥലങ്ങൾ വിട്ടുകളയരുത്!

Synopsis

പ്രകൃതി ഭംഗി ആസ്വദിക്കാന്‍ എപ്പോഴും ഊട്ടിയിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.

കോടമഞ്ഞും കുളിര്‍കാറ്റും തണുപ്പുമേറ്റ് അടിച്ചുപൊളിക്കാൻ സഞ്ചാരികൾ തിരഞ്ഞെടുക്കുന്ന പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഊട്ടി. തേയില തോട്ടങ്ങളും തടാകങ്ങളും മഞ്ഞുപുതച്ച മലനിരകളുമെല്ലാം അടങ്ങുന്ന പ്രകൃതി ഭംഗി ആസ്വദിക്കാന്‍ ഊട്ടിയിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. എന്നാൽ, ആദ്യമായി ഊട്ടിയിലെത്തുന്നവര്‍ക്ക് എന്ത് ചെയ്യണം, എവിടെയൊക്കെ പോകണം എന്ന സംശയം സ്വാഭാവികമായി ഉണ്ടാകാറുണ്ട്. അത്തരത്തിൽ ആദ്യമായി ഊട്ടിയിലെത്തുന്നവര്‍ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 

1. ഊട്ടി ലേക്ക്

ആദ്യമായി ഊട്ടിയിലെത്തുന്നവര്‍ തീര്‍ച്ചയായും പോകേണ്ട സ്ഥലമാണ് ഊട്ടി ലേക്ക്. യൂക്കാലിപ്റ്റസ് മരങ്ങളാൽ ചുറ്റപ്പെട്ട ഊട്ടി ലേക്ക് മനുഷ്യനിർമ്മിത ജലസംഭരണിയാണ്. പെഡൽ ബോട്ടിംഗിന് ഏറെ അനുയോജ്യമായ ഇടമാണിത്. ഇവിടെ നിങ്ങൾക്ക് ഒരു ബോട്ട് വാടകയ്‌ക്കെടുക്കാം, തടാകക്കരയിൽ കുതിരസവാരി നടത്താം, തടാകക്കരയിലെ സ്റ്റാളുകളിൽ നിന്ന് ഒരു കപ്പ് ചൂടുള്ള ചായയുടെ രുചി ആസ്വദിച്ച് വിശ്രമിക്കാം. നിങ്ങൾക്കൊപ്പം കുട്ടികളുമുണ്ടെങ്കിൽ ഊട്ടി ലേക്കിന് സമീപത്തുള്ള മിനി അമ്യൂസ്‌മെന്റ് പാർക്ക് സന്ദര്‍ശിക്കാൻ മറക്കരുത്. 

2. ദൊഡ്ഡബെട്ട പീക്ക്

നീലഗിരിയിലെ ഏറ്റവും ഉയരമുള്ള പ്രദേശമാണ് ദൊഡ്ഡബെട്ട പീക്ക്. ചുറ്റുമുള്ള കുന്നുകളുടെയും താഴ്‌വരകളുടെയും അതിശയിപ്പിക്കുന്ന പനോരമിക് വ്യൂ ആണ് ഇവിടുത്തെ സവിശേഷത. പ്രകൃതിയെ അടുത്തറിയാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക് വേണ്ടി ഒരു ടെലിസ്കോപ്പ് ഹൗസും ഇവിടെയുണ്ട്. മൂടൽമഞ്ഞ് പൂർണ്ണമായും മാറാത്ത അതിരാവിലെ ഇവിടെയെത്തിയാൽ കാഴ്ചകൾ വര്‍ണനകൾക്ക് അതീതമാണ്. മാത്രമല്ല, സൂര്യാസ്തമയം കാണാനും മികച്ച സ്പോട്ടാണിത്. 

3. നീലഗിരി മൗണ്ടൻ റെയിൽവേ (ടോയ് ട്രെയിൻ)

ഊട്ടിയിൽ നിന്ന് കൂനൂരിലേക്കുള്ള ടോയ് ട്രെയിൻ യാത്ര ഒരിക്കലും മിസ്സാക്കരുത്! തുരങ്കങ്ങൾ, തേയിലത്തോട്ടങ്ങൾ, പൈൻ വനങ്ങൾ എന്നിവയിലൂടെ ചുറ്റിത്തിരിഞ്ഞുള്ള ടോയ് ട്രെയിൻ യാത്ര ഒരിക്കലും മറക്കാൻ കഴിയില്ല. ഒരു വിൻഡോ സീറ്റ് ബുക്ക് ചെയ്ത്, പോകുന്ന വഴിയിൽ കാണുന്നവരെ നോക്കി കൈവീശിയുള്ള യാത്ര നൽകുന്ന അനുഭവം ഒന്ന് വേറെ തന്നെയാണ്. 

4. ഗവൺമെന്റ് ബൊട്ടാണിക്കൽ ഗാർഡൻസ്

1897-ൽ മാർക്വിസ് ഓഫ് ട്വീഡേൽ സ്ഥാപിച്ച 55 ഏക്കർ വിസ്തൃതിയുള്ള മനോഹരമായ ഉദ്യാനം സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമാണ്. പുൽത്തകിടികൾ, കോർക്ക് മരം, മങ്കി പസിൽ മരം, 20 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിലൈസ് ചെയ്ത മരം എന്നിവ ഇവിടെ കാണാം. ഇറ്റാലിയൻ ശൈലിയിലുള്ള പൂന്തോട്ടം, അലങ്കാര സസ്യങ്ങൾ, ഓർക്കിഡുകൾ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. എല്ലാ മെയ് മാസത്തിലും ഇവിടെ ഒരു ഫ്ലവര്‍ ഷോയും അപൂർവ സസ്യങ്ങളുടെ പ്രദർശനവും നടക്കാറുണ്ട്.

5. തേയില ഫാക്ടറിയും മ്യൂസിയവും

ഉയരം കൂടുമ്പോൾ ചായയുടെ സ്വാദും കൂടും എന്ന് പറയാറില്ലേ? അത്തരത്തിൽ  തേയില തോട്ടങ്ങളുടെ മനോഹര ദൃശ്യങ്ങൾ ആസ്വദിച്ച് ഒരു ചായ കുടിച്ചാലോ? അതും തേയില ഫാക്ടറിയിൽ നിന്നോ തേയില മ്യൂസിയങ്ങളിൽ നിന്നോ ആകുമ്പോൾ അത് നൽകുന്ന ഫീൽ ഒന്ന് വെറെ തന്നെയാണ്. തേയില നുള്ളുന്നത് മുതൽ അതിന്‍റെ പാക്കേജിംഗ് വരെയുള്ള പ്രക്രിയകൾ നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയും. ചായയുടെ വ്യത്യസ്ത രുചികൾ ആസ്വദിക്കാനും തേയിലപ്പൊടി നിങ്ങൾക്ക് വീട്ടിലേക്ക് കൊണ്ടുപോകാനും കഴിയും. അതിനടുത്തായി ഒരു ചോക്ലേറ്റ് മ്യൂസിയവുമുണ്ട്. 

6. എമറാൾഡ് ലേക്ക് 

ഊട്ടിയ്ക്ക് പുറത്ത്, സൈലന്റ് വാലി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ജലാശയമാണ് എമറാൾഡ് ലേക്ക്. തേയില പ്ലാന്റേഷനുകളുടെയും നീലഗിരി മലനിരകളുടെയും നടുവിലായി പരന്ന് കിടക്കുന്ന എമറാൾഡ് ലേക്കിൽ നിന്നുള്ള സൂര്യാസ്തമയത്തിന്റെ ദൃശ്യങ്ങൾ ആരുടെയും മനംമയക്കും. പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒരുപോലെ അനുയോജ്യമായ സ്പോട്ടാണിത്. 

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ