'ഡെസ്റ്റിനേഷൻ ഗേറ്റ്‌കീപ്പിങ്' എന്ന പുതിയ യാത്രാ സംസ്‍കാരം ലോകമെമ്പാടും പ്രചാരത്തിലാകുന്നു. അമിത വിനോദസഞ്ചാരം തടയാൻ, യാത്രക്കാർ സോഷ്യൽ മീഡിയയിൽ കൃത്യമായ ലൊക്കേഷൻ പങ്കുവെക്കാതിരിക്കുന്ന ഈ രീതി പ്രകൃതിയെയും പ്രാദേശിക സമൂഹങ്ങളെയും സംരക്ഷിക്കാൻ ലക്ഷ്യമിടുന്നു.
മനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രം കണ്ടാൽ ഉടൻ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ച് ലൊക്കേഷൻ ടാഗ് ചെയ്യുന്ന പതിവിന് പകരം, ഇപ്പോൾ ലോകമെമ്പാടും പ്രചാരത്തിലാകുകയാണ് 'ഡെസ്റ്റിനേഷൻ ഗേറ്റ്‌കീപ്പിങ്' എന്ന പുതിയ യാത്രാ സംസ്‍കാരം. അമിത വിനോദസഞ്ചാരം മൂലം പ്രകൃതിക്കും പ്രാദേശിക ജനജീവിതത്തിനും ഉണ്ടാകുന്ന ആഘാതം കുറയ്ക്കാനാണ് യാത്രാപ്രേമികളും ടൂറിസം മേഖലയിലെ വിദഗ്ധരും 'ഡിജിറ്റൽ സൈലൻസ്' എന്ന ആശയം മുന്നോട്ടുവെക്കുന്നത്.
ഗോവയിലെ ഏറ്റവും പഴക്കമേറിയ ലാറ്റിൻ ക്വാർട്ടറായ ഫോണ്ടെയ്ൻഹാസിന് സംഭവിച്ചത് അമിത ടൂറിസം സംസ്‍കാരത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ്. പോർച്ചുഗീസ് ശൈലിയിലുള്ള വീടുകളും ശാന്തമായ തെരുവുകളും കൊണ്ട് പ്രശസ്തമായിരുന്ന ഈ പ്രദേശം ഇന്ന് സോഷ്യൽ മീഡിയ 'റീൽസ്' ചിത്രീകരണത്തിന്റെയും ഫോട്ടോഷൂട്ടുകളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. വിനോദസഞ്ചാരികളുടെ തിരക്ക് പ്രദേശവാസികളുടെ സ്വകാര്യതയെ പോലും ബാധിക്കുന്ന സാഹചര്യമാണുള്ളത്. വീടുകളുടെ മുന്നിൽ ചിത്രമെടുക്കരുതെന്ന് ബോർഡുകൾ സ്ഥാപിക്കേണ്ടിവന്നെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ഇതിന് പിന്നാലെയാണ് 'ഡിജിറ്റൽ സൈലൻസ്' എന്ന ആശയം ശക്തമായി ഉയർന്നത്. യാത്രയ്ക്കിടെ ചിത്രങ്ങളും അനുഭവങ്ങളും പങ്കുവെച്ചാലും കൃത്യമായ ലൊക്കേഷൻ അല്ലെങ്കിൽ ജിയോടാഗ് നൽകാതിരിക്കുന്ന രീതിയാണ് ഇത്. ലക്ഷ്യം പ്രത്യേക സ്ഥലങ്ങളെ രഹസ്യമായി സൂക്ഷിക്കലല്ല, മറിച്ച് അവയുടെ പ്രകൃതിയും സ്വാഭാവിക ഭംഗിയും സംരക്ഷിക്കലാണ്. പല യാത്രാ ബ്ലോഗർമാരും ഇതിനകം ഈ രീതി പിന്തുടരുന്നുണ്ട്. പ്രകൃതിദത്തമായ സ്ഥലങ്ങൾ വൈറലാകുന്നതോടെ തിരക്ക് വർധിക്കുകയും മാലിന്യം കുമിഞ്ഞുകൂടുകയും പരിസ്ഥിതിക്കും പ്രാദേശിക സമൂഹത്തിനും വലിയ സമ്മർദം ഉണ്ടാകുകയും ചെയ്യുന്നുവെന്നാണ് ഇവരുടെ വിലയിരുത്തൽ.
സോഷ്യൽ മീഡിയയിലെ 'പെർഫെക്ട് ഫ്രെയിം' തേടിയുള്ള യാത്രകൾ വിനോദസഞ്ചാരത്തിന്റെ യഥാർഥ ലക്ഷ്യം ഇല്ലാതാക്കുകയാണെന്ന് ടൂറിസം വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഫോട്ടോ എടുക്കാനായി നീണ്ട ക്യൂ, അമിത ശബ്‍ദം, സ്വകാര്യ സ്ഥലങ്ങളിലേക്കുള്ള അതിക്രമിച്ച് കയറൽ തുടങ്ങിയവ പല പ്രദേശങ്ങളിലും പതിവായി മാറിയിട്ടുണ്ട്. അമിത വിനോദസഞ്ചാരത്തിനെതിരെ വിവിധ രാജ്യങ്ങളും നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ഓസ്ട്രിയ കുറച്ച് അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്ന സന്ദേശവുമായി ബോധവത്കരണ ക്യാമ്പയിൻ നടത്തി. ഇറ്റലിയിലെ ഡോളോമൈറ്റ്സിലും സിൻക്വെ ടെറെയിലും സെൽഫി സ്പോട്ടുകളിൽ നിയന്ത്രണങ്ങളും പിഴയും ഏർപ്പെടുത്തി. ജപ്പാനിലെ ഫുജികവാഗുചിക്കോയിൽ മൗണ്ട് ഫുജിയുടെ വൈറൽ ഫോട്ടോ സ്പോട്ടിലേക്ക് കാഴ്ച മറയ്ക്കുന്ന പ്രത്യേക ബാരിയർ പോലും സ്ഥാപിച്ചു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രകൃതിയും പ്രാദേശിക സമൂഹവും സംരക്ഷിക്കണമെന്ന സന്ദേശമാണ് 'ഡെസ്റ്റിനേഷൻ ഗേറ്റ്‌കീപ്പിങ്' ലോകത്തിന് മുന്നിൽ ഉയർത്തുന്നത്.


