വയനാട്ടിലേയ്ക്കാണോ? സ്ഥിരം സ്പോട്ടുകൾ മാറ്റിപ്പിടിക്കാം, 5 വെറൈറ്റി പ്ലാനുകൾ ഇതാ!

Published : Apr 21, 2025, 05:04 PM ISTUpdated : Apr 21, 2025, 05:05 PM IST
വയനാട്ടിലേയ്ക്കാണോ? സ്ഥിരം സ്പോട്ടുകൾ മാറ്റിപ്പിടിക്കാം, 5 വെറൈറ്റി പ്ലാനുകൾ ഇതാ!

Synopsis

ബാണാസുര സാ​ഗർ ഡാം, എടക്കൽ ​ഗുഹ, കുറുവാദ്വീപ്, പൂക്കോട് തടാകം തുടങ്ങി നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾ വയനാട്ടിലുണ്ട്. 

കേരളത്തിൽ എത്തുന്ന വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് വയനാട്. ബാണാസുര സാ​ഗർ ഡാം, എടക്കൽ ​ഗുഹ, കുറുവാദ്വീപ്, പൂക്കോട് തടാകം തുടങ്ങി നിരവധി പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ വയനാട്ടിലുണ്ട്. എന്നാൽ, വയനാട്ടിലേയ്ക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നവർ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത 5 കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്. 

കാട്ടിലൊരു കുളി പാസാക്കാം

തിരക്കുകളിൽ നിന്ന് മാറി അൽപ്പം ശാന്തത ആ​ഗ്രഹിക്കുന്നവർക്ക് ധൈര്യമായി പോകാൻ സാധിക്കുന്ന ഒരിടമാണ് കുറുവാ ദ്വീപ്. കബിനി നദിയിലെ ഒരു കൂട്ടം ദ്വീപുകളിൽ വ്യാപിച്ചുകിടക്കുന്ന ഇടതൂർന്ന നദീതീര വനമാണ് കുറുവ ദ്വീപ്. ഇവിടെയെത്തി കുറച്ച് ചിത്രങ്ങൾ പകർത്തി മടങ്ങുന്നതിന് പകരം, മനോഹരമായ വനത്തിൽ കൂടി നടന്ന് പ്രകൃതിയെ അറിഞ്ഞ് ശുദ്ധമായ അരുവികളിലൊരു കുളി പാസാക്കി വിശ്രമിക്കുക. സഞ്ചാരികൾക്ക് വേണ്ടി ഇവിടെ ബോട്ട് സവാരികളും ബാംബൂ റാഫ്റ്റ് സവാരികളും ഒരുക്കിയിട്ടുണ്ട്.

താമസം ട്രീ ഹൗസിൽ

സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് കേരളത്തിലെ ഇക്കോ റിസോർട്ടുകൾ. വയനാട്ടിലെ, പ്രത്യേകിച്ച് വൈത്തിരിയിൽ നിരവധി ഇക്കോ റിസോർട്ടുകളും ഹോംസ്റ്റേകളും ട്രീ ഹൗസിൽ താമസം വാ​ഗ്ദാനം ചെയ്യുന്നുണ്ട്. വേഴാമ്പലുകളുടെയും മറ്റ് പക്ഷികളുടെയും ശബ്ദത്താൽ ചുറ്റപ്പെട്ട ഒരു ട്രീ ഹൗസിൽ താമസിച്ച് വയനാടിന്റെ മനോ​ഹാരിത ആസ്വദിക്കാം. ദൈനംദിന ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മുക്തി നേടാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ട്രീ ഹൗസ് മനോഹരമായ അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. ‌

ചെമ്പ്ര പീക്ക് കീഴടക്കാം, ഹൃദയ തടാകം കാണാം

വയനാട്ടിൽ വലിയ രീതിയിൽ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന ഡെസ്റ്റിനേഷനുകളിലൊന്നാണ് ചെമ്പ്ര കൊടുമുടിയും ഹൃദയ തടാകവും.‌ തേയിലത്തോട്ടങ്ങളിലൂടെയും മൂടൽമഞ്ഞുള്ള പാതകളിലൂടെയും ട്രെക്ക് ചെയ്ത് നിങ്ങൾ വയനാട്ടിലെ ഏറ്റവും ഉയരമുള്ള സ്ഥലമായ ചെമ്പ്ര കൊടുമുടിക്ക് താഴെയായി സ്ഥിതി ചെയ്യുന്ന ഹൃദയ തടാകത്തിലേയ്ക്ക് എത്തിച്ചേരും. വർഷത്തിലെ ഏറ്റവും ചൂടേറിയ മാസങ്ങളിൽ പോലും ഈ തടാകം ഒരിക്കലും വറ്റില്ലെന്നാണ് പറയപ്പെടുന്നത്. ബേസ് ക്യാമ്പിൽ നിന്ന് ചെമ്പ്ര പീക്കിലെത്താൻ ഏകദേശം 3-4 മണിക്കൂർ എടുക്കും. ഈ ട്രെക്കിംഗ് നടത്തുന്നതിന് മുമ്പ് വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്.

ബാംബൂ ക്രാഫ്റ്റ് വില്ലേജിലേയ്ക്ക്

തൃക്കൈപ്പേട്ടയിലെ ഉറവ് പോലെയുള്ള ഒരു ബാംബൂ ക്രാഫ്റ്റ് വില്ലേജ് സന്ദർശിക്കുന്നത് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. ഇവിടെ, പ്രാദേശിക കരകൗശല വിദഗ്ധർ ഫർണിച്ചർ, വിളക്കുകൾ, ആഭരണങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവ വരെ മുളയിൽ നിന്നാണ് നിർമ്മിക്കുന്നത്. ഇവിടെ നടക്കുന്ന ചെറിയ വർക്ക്‌ഷോപ്പിൽ പങ്കെടുക്കാനും കരകൗശല വിദഗ്ധരുമായി സംവദിക്കാനും സഞ്ചാരികൾക്ക് അവസരമുണ്ട്. വീടുകളിലെ നിത്യോപയോ​ഗ സാധനങ്ങൾ പലതും ഇവിടെ മുളയിൽ നിർമ്മിക്കുന്നുണ്ട്. ഇവ വാങ്ങാനുള്ള അവസരവുമുണ്ടെന്നതാണ് സവിശേഷത. 

കുറിച്യ ഗോത്രത്തോടൊപ്പം ഒരു ദിവസം

നിരവധി തദ്ദേശീയ സമൂഹങ്ങളുടെ ആവാസ കേന്ദ്രമാണ് വയനാട്. ആയോധന പാരമ്പര്യങ്ങളെ കുറിച്ചും ഔഷധ സസ്യങ്ങളെക്കുറിച്ചും വനമേഖലയിലെ അതിജീവനത്തെക്കുറിച്ചും ആഴത്തിലുള്ള അറിവിന് പേരുകേട്ടവരാണ് കുറിച്യ ഗോത്രക്കാർ. ഇവർ പലപ്പോഴും സന്ദർശകരെ അവരുടെ ഗ്രാമങ്ങളിലേക്ക് സ്വാഗതം ചെയ്യാറുണ്ട്. പരമ്പരാഗതമായ അമ്പെയ്ത്ത് പഠിക്കുക, ചോളം കൃഷിയിൽ ഒരുകൈ പരീക്ഷിക്കുക, വിറകിന് മുകളിൽ നാടൻ ചേരുവകൾ ഉപയോഗിച്ച് ഗോത്ര മൂപ്പന്മാരോടൊപ്പം പാചകം ചെയ്യുക തുടങ്ങി ഏറെ രസകരമായ പല കാര്യങ്ങളും ചെയ്ത് കുറിച്യ ​ഗോത്രത്തോടൊപ്പം ഒരു ദിവസം ചെലവഴിക്കാം. 

READ MORE:  പേരുകൊണ്ടും കാഴ്ചകൾ കൊണ്ടും സഞ്ചാരികളെ അമ്പരപ്പിക്കും; ഒരിക്കലും മിസ്സാക്കരുത് ഈ എലിഫന്‍റ് ബീച്ച്

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ